രാജ്യത്തെ ഒന്നിച്ചു നിര്‍ത്താന്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് അഞ്ച് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ലേബര്‍ പാര്‍ട്ടി. ഇവ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് കത്തയച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധം സംബന്ധിച്ചുള്ള രാഷ്ട്രീയ പ്രഖ്യായപനത്തില്‍ ലേബര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു കൂടു പ്രാമുഖ്യം നല്‍കണമെന്നാണ് ലേബര്‍ ആവശ്യപ്പെടുന്നത്. ഇന്ന് തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങളുമായി ലേബര്‍ രംഗത്തെത്തിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ ലഭിക്കണമെങ്കില്‍ ഈ നിര്‍ദേശം സ്വീകരിക്കണമെന്നും അവ രാജ്യത്തെ ഒരുമിപ്പിക്കാന്‍ സഹായകരമായ നിര്‍ദേശങ്ങളാണെന്നും കോര്‍ബിന്‍ പറഞ്ഞു.

നോര്‍ത്തേണ്‍ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ മാറ്റങ്ങള്‍ വരുത്തിയതുകൊണ്ടു മാത്രം ജനപിന്തുണ ആര്‍ജ്ജിക്കാന്‍ സാധിക്കില്ലെന്ന് കോര്‍ബിന്‍ പറയുന്നു. പ്രധാനപ്പെട്ട നിരവധി മേഖലകളിലെ സമീപനത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായാലേ അതിനു സാധിക്കൂ. സ്ഥിരവും സമഗ്രവുമായ ഒരു കസ്റ്റംസ് യൂണിയന്‍ സ്ഥാപിക്കണമെന്നതാണ് കോര്‍ബിന്‍ കത്തില്‍ ആവശ്യപ്പെടുന്ന ഒരു സുപ്രധാന ആവശ്യം. യൂണിയന്‍ കസ്റ്റംസ് കോഡിന് അനുസൃതമായിരിക്കണം ഇത്. യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി വ്യാപാര ചര്‍ച്ചകളില്‍ യുകെയ്ക്ക് അഭിപ്രായ മേല്‍ക്കോയ്മയുണ്ടാക്കുന്ന വിധത്തിലുള്ള വ്യാപാര നയം രൂപീകരിക്കുകയും പൊതുവായ താരിഫുകള്‍ തയ്യാറാക്കുകയും വേണം.

സിംഗിള്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരിക്കണം രൂപീകരിക്കേണ്ടത്. തര്‍ക്കപരിഹാരങ്ങള്‍ക്ക് ശരിയായ മാര്‍ഗ്ഗങ്ങള്‍ രൂപീകരിക്കാന്‍ ഇതിലൂടെ സാധിക്കും. യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സികളിലും ഫണ്ടിംഗ് പ്രോഗ്രാമുകളിലും പങ്കാളിത്തം വേണമെന്നും യൂറോപ്യന്‍ അറസ്റ്റ് വാറണ്ട്, ഡേറ്റാബേസുകള്‍ തുടങ്ങിയവയില്‍ പ്രവേശനം എന്നീ കാര്യങ്ങളും ലേബര്‍ നല്‍കിയ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.