ലണ്ടന്‍: സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലായിരിക്കും ഒരുപക്ഷേ കുട്ടികളെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളുടെ ചെറുതും വലുതുമായി വികൃതികള്‍ പഠനത്തെയും സമാനമായി ജീവിതത്തെയും ബാധിക്കും. യു.കെയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍ ആശങ്കാജനകമാണ്. ഏതാണ്ട് 3000ത്തിലേറെ കുട്ടികളെ ‘പഠിപ്പിക്കാന്‍’ സ്കൂളുകള്‍ക്ക് സാധിക്കുന്നില്ല. ചെറുതും വലുതുമായി കുറ്റകൃത്യങ്ങള്‍ ചെയ്ത് സസ്പെന്ഷന് വാങ്ങിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാതാപിതാക്കളെ സംബന്ധിച്ചടത്തോളം വലിയ നമ്പറാണിത്. സമീപ വര്‍ഷങ്ങളെക്കാളും കൂടുതല്‍ കുട്ടികളാണ് ഇത്തവണ അച്ചടക്ക നടപടികള്‍ നേരിട്ടേണ്ടി വന്നിരിക്കുന്നതെന്ന് ഡിപാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അച്ചടക്കത്തോടെ പഠന സാഹചര്യത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് വലിയ ശ്രമകരമായ ജോലിയാണ്. അച്ചടക്ക നടപടി നേരിടേണ്ടി വന്നിരിക്കുന്ന കുട്ടികള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍ അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അധ്യാപകരെ ഉപദ്രവിക്കുക, സഹപാഠികളോട് വര്‍ണ്ണവിവേചനം കാണിക്കുക, അപമാനിക്കുക, ശാരീരികമായി മറ്റു കുട്ടികളെ ഉപദ്രവിക്കുക, മയക്കുമരുന്ന് ഉപയോഗം, സഹപാഠികളെ മാനസികമായി ആഘാതമേല്‍പ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍.
സ്കൂളുകള്‍ ‘പഠിപ്പിക്കുന്നതില്‍’ പരാജയപ്പെട്ട 430 വിദ്യാര്‍ത്ഥികള്‍ പ്രൈമറി ക്ലാസുകളില്‍ ഉള്ളവരാണ്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ കാണപ്പെടുന്ന അക്രമവാസനയാണ് പ്രധാനമായും ഇവിടെ വില്ലനാകുന്നത്. സ്കൂളില്‍ നിന്ന് ഏറ്റവും കൂടുതല്‍ അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥി 63 പ്രാവശ്യമാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. അതായത് 43ലധികം സ്കൂള്‍ ദിവസങ്ങള്‍ ഈ കുട്ടിക്ക് നഷ്ടപ്പെട്ടു. മറ്റൊരു വിദ്യാര്‍ത്ഥിയെ 22 പ്രാവശ്യം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്, ഏതാണ്ട് 62 ദിവസമാണ് നഷ്ടമായത്. ദി സണ്‍ഡേ പീപ്പിള്‍ വിവരാവകാശ നിയമപ്രകാരം നേടിയെടുത്ത രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചില കുട്ടികള്‍ക്ക് സാധാരണ സ്കൂളുകളിലെ ചുറ്റുപാടുമായി സഹകരിക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ മറ്റു വിദ്യാര്‍ത്ഥികളുടെ ജീവിതവും വിദ്യാഭ്യാസവും തകരാന്‍ കാരണമാകുമെന്നും റിയല്‍ എജ്യുക്കേഷന്‍ ക്യാംപെയിനേഴ്സ് ചെയര്മാന് ചൂണ്ടിക്കാണിച്ചു.
Leave a Reply