പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ ടോറി കലാപം ശക്തമാകുന്നു. മൂന്നു മാസത്തിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടി വരുമെന്ന ആവശ്യം സ്വന്തം ക്യാബിനറ്റില്‍ നിന്ന് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്സിറ്റിന്റെ അടുത്ത ഘട്ടത്തില്‍ മറ്റൊരാള്‍ നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം അണിയറയില്‍ ശക്തമാണെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് മാസത്തില്‍ നടക്കുന്ന ലോക്കല്‍ ഇലക്ഷനു ശേഷം മേയ് പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ക്യാബിനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടേക്കും. അത് നിരസിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അവരെ പുറത്താക്കാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി നേതൃസ്ഥാനമൊഴിയാം എന്ന നിബന്ധനയിലാണ് ഡിസംബറില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ മേയ് രക്ഷപ്പെട്ടത്.
പാര്‍ട്ടി നിയമം അനുസരിച്ച് ഡിസംബര്‍ വരെ മറ്റൊരു വോട്ടിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. എന്നാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചാല്‍ പുറത്താക്കുമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കുന്നത്. ബ്രെക്സിറ്റിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആഭ്യന്തര കലാപത്തിനാണ് കളമൊരുങ്ങുന്നത്. കടുത്ത ബ്രെക്സിറ്റ് വാദികളും മൃദു നിലപാടുകളുള്ള എംപിമാരും തമ്മില്‍ നേരിട്ടുള്ള പോര്‍മുഖം തുറന്നു കഴിഞ്ഞു. ബ്രെക്സിറ്റിനെ ഒരു മത്സരമായി കാണുന്നത് അവസാനിപ്പിക്കാനും കണ്‍സര്‍വേറ്റീവ് പോരിന്റെ പശ്ചാത്തലത്തില്‍ അത് നടക്കാതെ പോകരുതെന്നും ബ്രെക്സിറ്റ് അനുകൂലികള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തു.
കടുത്ത ബ്രെക്സിറ്റ് വാദികളായ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് പോലെയുള്ള ‘ബ്രെക്സ്ട്രീമിസ്റ്റുകള്‍’ പ്രധാനമന്ത്രിയുടെ നീക്കങ്ങളെ നിരന്തരം തടയുന്നതിനെ വിമര്‍ശിച്ച് ആന്‍ഡ്രൂ പേഴ്സിയെപ്പോലെയുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്ന ആവശ്യവും എംപിമാര്‍ക്കിടയില്‍ ശക്തമാണ്. അതിനായുള്ള പ്രമേയത്തിന് 25 മന്ത്രിമാരുള്‍പ്പെടെ 100ഓളം കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Reply