പേരൂർ: അപകടത്തിൽ മരിച്ച നൈനുവിന്റെ പിറന്നാളായിരുന്നു ഇന്നലെ. നൈനുവിനു പുതിയ ചെരുപ്പും ചുരിദാറും വാങ്ങാനാണ് കടയിലേക്കു പോയത്. ഒപ്പം അന്നുവും കൂടി. ഇവരുടെ വീട്ടിൽ നിന്നു പേരൂർകാവിനു മുന്നിലൂടെയെത്തി ചെറിയ ഇടവഴിയിലൂടെ ബൈപ്പാസിലേക്കു കയറുമ്പോഴാണ് അപകടം. അമ്മയുടെ ബലിയിടാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ലെജിയെ ദുരന്തം വേട്ടയാടിയത്. ലെജിയുടെ കുടുംബം വൈക്കം വാഴമനയിലാണ്.
ലെജിയുടെ അമ്മ ചെല്ലമ്മയുടെ ശ്രാദ്ധമൂട്ട് എല്ലാ വർഷവും ശിവരാത്രിക്ക് ആലുവായിൽ പോയി ചെയ്യുകയാണ് പതിവ്. കഴിഞ്ഞ 4 വർഷമായി ഇതു തുടരുന്നു. ഇത്തവണയും അതിനുള്ള ഒരുക്കം നടത്തിയിരുന്നു. വൈകിട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി തൊഴുത് അവിടെ നിന്നു ആലുവായിൽ എത്തി പുലർച്ചെ ബലിയിടാനായിരുന്നു പരിപാടി.കൊച്ചിയിൽ ജോലി ചെയ്യുന്ന മൂത്തമകൾ ആതിരയോടു വൈക്കത്ത് എത്താനും പറഞ്ഞിരുന്നു. കൊച്ചിയിൽ നിന്നു വൈകിട്ട് വീട്ടിലെത്തിയ ആതിരയോടു അച്ഛൻ ബിജുവാണ് ദുരന്തം വിവരം പറഞ്ഞത്. ഇവരുടെ ദുഖം കൂടി നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി
അപകടവിവരം അറിഞ്ഞ് ദുഖവും നടുക്കവും മാറാതെ വിറങ്ങലിച്ചു നിൽക്കുകയാണു കാവുംപാടം കോളനി നിവാസികൾ.18 വീട്ടുകാർ ഒരുമിച്ച് കൂട്ടായ്മയിൽ കഴിയുന്ന പ്രദേശമാണ് ഇവിടം. അപകട വിവരം അറിഞ്ഞ് കോളനിയിലേക്ക് നാട്ടുകാരുടെ ഒഴുക്കായി.രണ്ടു മുറിയും അടുക്കളയും വരാന്തയും അടങ്ങുന്ന കൊച്ചു വീടാണ് ബിജുവിന്റേത്
ലെജി നഗരസഭയുടെ ഹരിതകർമ സേനയിലെ തൊഴിലാളിയായതിനാൽ കുടുംബശ്രീ പ്രവർത്തകരും ഹരിത സേനാംഗങ്ങളും മറ്റും ഇവിടെയെത്തി. കൂടുതലാളുകൾ വന്നാൽ നിൽക്കാൻ പോലും മുറ്റത്ത് ഇടമില്ല. മൃതശരീരങ്ങൾ ഒരുമിച്ച് കിടത്തുന്നതിനു പോലും സൗകര്യമുള്ള മുറിയില്ല. വീട്ടു മുറ്റത്തെ തൈത്തെങ്ങിന്റെ ഓലകൾ വെട്ടിയും മുറ്റത്തെ ചെടിയും പറമ്പിലെ ചെറിയ വള്ളിപ്പടർപ്പുകളും വെട്ടി ഒതുക്കി സന്ധ്യയോടെ ടാർ പോളിൻ വിരിച്ച് പന്തൽ ഒരുക്കി. വാഹനങ്ങൾ നേരിട്ട് മുറ്റത്തെത്താനുള്ള വഴി ഇല്ല
‘വീട്ടിൽ നിന്നു ഉച്ചയ്ക്ക് ഊണും കഴിഞ്ഞാണ് അവർ പോയത്. എനിക്ക് വീടിന്റെ മുറ്റത്തു നിന്നു ലെജിചേച്ചി കൈനിറയെ ഇലുമ്പൻപുളിയും പറിച്ചു തന്നു. ശിവരാത്രിയായതിനാൽ വൈക്കത്തു പോകുമെന്നു പറഞ്ഞു. ഞാൻ വീട്ടിൽ ചെന്നു അധികം കഴിയും മുൻപേ അവരെ കാറിടിച്ചെന്നും പറഞ്ഞ് അയൽപക്കത്തെ കുട്ടികൾ ഓടി വന്നു.’
ലെജിയെ ഉച്ചയോടെ വീട്ടിൽ അവസാനമായി കണ്ട തൊട്ടടുത്ത തകിടിയിൽ വീട്ടിലെ ശ്യാമളയ്ക്കു ദുഃഖം സഹിക്കാനാവുന്നില്ല.ലെജിയുടെ വീട്ടിൽ വരുന്നവരെ ആശ്വസിപ്പിക്കാനും മറ്റു കാര്യങ്ങൾ അന്വേഷിക്കാനും പിന്നെ ശ്യാമളയാണ് മുന്നിൽ നിന്നത്.
പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എന്നാൽ ഫൊറൻസിക് നടപടികൾ പൂർത്തിയാക്കിയാണ് കാർ സ്റ്റേഷനിലേക്കു മാറ്റുന്നതെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ എഎസ്പി രീഷ്മ രമേശൻ, എസ്ഐ കെ.ആർ പ്രശാന്ത് കുമാർ എന്നിവർ നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണു നാട്ടുകാർ കാർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റാൻ സമ്മതിച്ചത്
Leave a Reply