കുടിവെള്ള പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടോ എന്ന് കണ്ടെത്താന്‍ വ്യത്യസ്തമായ മാര്‍ഗ്ഗം ആവിഷ്‌കരിച്ച് വാട്ടര്‍ കമ്പനി. പൈപ്പുകള്‍ ചോരുന്നുണ്ടോ എന്ന് അറിയിക്കാന്‍ ഊബര്‍ ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുകയാണ് സെവേണ്‍ ട്രെന്റ് എന്ന കമ്പനി. ഇത് വളരെ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടാഴ്ചക്കുള്ളില്‍ 50 റിപ്പോര്‍ട്ടുകള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയെന്ന് കമ്പനി അറിയിച്ചു. വിര്‍ച്വല്‍ ഫീല്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി വീഡിയോ എടുത്ത് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രതിദിനം 400 മില്യന്‍ ലിറ്റര്‍ വെള്ളം പാഴാകാതെ സംരക്ഷിക്കുമെന്നാണ് കമ്പനി പ്രതിജ്ഞ ചെയ്തിരിക്കുന്നത്. എന്നാല്‍ തകരാറുകള്‍ കണ്ടെത്താന്‍ വിദഗ്ദ്ധരെ അയക്കുന്നതിനു പകരം ടാക്‌സി ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നതില്‍ കമ്പനിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
വാട്ടര്‍ എന്‍ജിനീയര്‍മാര്‍ പരിശീലനം നേടിയ സ്‌പെഷ്യലിസ്റ്റുകളാണെന്നും വെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നും അത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണോയെന്നും മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും യൂണിയന്‍ നേതാവായ സ്റ്റുവര്‍ട്ട് ഫേഗാന്‍ പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീക്ക് എവിടെയാണെന്ന് കൃത്യമായി മനസിലാക്കാനും അവര്‍ക്ക് സാധിച്ചെന്നു വരില്ല. അതിനാല്‍ റിപ്പയര്‍ ചെയ്യാനെത്തുന്നവര്‍ ഹൈവേകളില്‍ അനാവശ്യമായി കുഴികള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചോര്‍ച്ച കണ്ടെത്താന്‍ സെവേണ്‍ ട്രെന്റ് ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുന്ന എന്ന വാര്‍ത്ത കേട്ടപ്പോള്‍ തമാശായായിരിക്കും എന്നാണ് കരുതിയതെന്നും ഫേഗാന്‍ പറഞ്ഞു.
എന്നാല്‍ ഉപഭോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള വിഷയമായതിനാല്‍ ആരും ഈ തമാശ കേട്ട് ചിരിക്കുന്നില്ല. സെവേണ്‍ ട്രെന്റ് വിവേകത്തോടെ പെരുമാറണമെന്നും പ്രോഗ്രാം അടിയന്തരമായി റദ്ദാക്കണമെന്നും ജിഎംബി ദേശീയ നേതാവായ അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനിയുടെ ഈ പദ്ധതിയെ ഊബര്‍ ലീക്ക്‌സ് എന്നാണ് ജീവനക്കാര്‍ തന്നെ പരിഹസിക്കുന്നത്.
Leave a Reply