ചങ്ങനാശേരി തൃക്കൊടിത്താനം കുന്നുംപുറം സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് ആറുലക്ഷം രൂപാ കവര്‍ച്ച നടത്തിയ സംഘം പിടിയിൽ. അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ തലശ്ശേരി സ്വദേശി റൗഫ്, ബംഗലൂരുവിൽ താമസിക്കുന്ന എറണാകുളം സ്വദേശി അലക്സ് സൂര്യ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാര്‍ച്ച് എട്ടിന് അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ മോഷ്ടാക്കള്‍ ഓഫീസ്റൂം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലുണ്ടായിരുന്ന വൈദികരുടെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ഓഫീസ് റൂം തകര്‍ത്ത് അകത്തു കയറിയ സംഘം ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് ലക്ഷത്തോളം രൂപ അപഹരിച്ചു. പള്ളി പരിസരത്ത് സിസിടിവി ക്യാമറ ഇല്ലായിരുന്നതും മോഷ്ടാക്കള്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞതും കേസന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി.10 അംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
കോട്ടയത്തും സമീപ ജില്ലകളിലുമായി 40 കിലോമീറ്റര്‍ ചുറ്റളവില്‍ ചെറിയ റോഡുകളിലുള്‍പ്പെടെ സഞ്ചരിച്ച് ഇരുന്നൂറില്‍പ്പരം സിസിടിവി ക്യാമറ ദൃശ്യ ങ്ങള്‍ പരിശോധിച്ചു. സംശയം തോന്നിയ സ്ഥലങ്ങളിലെല്ലാം കോട്ടയം സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്‍പതിനായിരത്തിലധികം കോളുകള്‍ പരിശോധിച്ചും അവയില്‍ സംശയമെന്ന് തോന്നിയ നമ്പരുകള്‍ തുടര്‍ച്ചയായ നിരീക്ഷണത്തില്‍ വെച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് ധാരണ ലഭിച്ചത്. സമാന രീതിയില്‍ ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് മറ്റൊരു പള്ളിയില്‍ കവര്‍ച്ചയ്ക്കു തയ്യാറെടുക്കുമ്പോഴാണ് പ്രതികള്‍ വലയിലാവുന്നത്.
തൃക്കൊടിത്താനം മേഖലയില്‍ മോഷണത്തിനായി ലക്ഷ്യമിട്ട ചില വീടുകളില്‍ ആളനക്കവും വെളിച്ചവും കണ്ടതിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് ഇവര്‍ പള്ളിമേടയില്‍ കയറുകയായിരുന്നു . പള്ളിയിലെ കാണിക്ക വഞ്ചി പൊളിക്കാന്‍ ലക്ഷ്യമിട്ട് കയറിയതായിരുന്നു സംഘം. മോഷണത്തിന് ശേഷവും പതിവുപോലെ അലക്‌സ് തിരികെ ബാംഗ്ലൂരിലേയ്ക്ക് പോയിരുന്നുവെങ്കിലും സമാന മാതൃകയില്‍ പ്ലാന്‍ ചെയ്ത മോഷണത്തിനായി റൗഫ് വിളിച്ചതിനെ തുടര്‍ന്ന് തിരികെ എത്തി ഒരുക്കങ്ങള്‍ നടത്തിവരുമ്പോഴാണ് ഇരുവരും അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത് . മോഷ്ടിച്ച തുക ഇരുവരും തുല്യമായി വീതിച്ചതിനു ശേഷം സ്വര്‍ണ്ണം വാങ്ങുന്നതിന് അഡ്വാന്‍സ് കൊടുത്തതിന്റെയും കടം വീട്ടിയതിന്റെയും ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു
Leave a Reply