ജയിൽശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ തിങ്കളാഴ്ചയാണ് അനിൽ അംബാനി കെട്ടിവച്ചത്. എറിക്സൺ കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീർക്കാൻ റിലയൻസിന് സുപ്രീം കോടതി നല്കിയ സമയപരിധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് ഇത്രയും തുക അനില്‍ അംബാനി നല്‍കിയത്.

എന്നാല്‍ തന്‍റെ കയ്യില്‍ തുകയില്ലെന്ന് പറഞ്ഞ അംബാനി എവിടുന്ന് ഇത്രയും തുക തയ്യാറാക്കി എന്നതിന്‍റെ ഉത്തരമാണ് അനില്‍ അംബാനിയുടെ പത്രകുറിപ്പ്. അനില്‍ അംബാനിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ കമ്പനി വക്താവ് ആണ് ഈ വാര്‍ത്ത കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സമയോചിതമായ പിന്തുണയ്ക്ക് നന്ദി എന്നാണ് വാര്‍ത്തകുറിപ്പില്‍ പ്രധാനമായും പറയുന്നത്. ഇതിലൂടെ തന്നെ അനില്‍ അംബാനിയെ പണം കൊടുത്ത് സഹായിച്ചത് സഹോദരനും ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയാണെന്ന് വ്യക്തം.

എന്‍റെ ആത്മാര്‍ത്ഥവും, ഹൃദയം നിറഞ്ഞതുമായ നന്ദി എന്‍റെ സഹോദരന്‍ മുകേഷ് നിത എന്നിവരെ അറിയിക്കുന്നു, അവര്‍ ഈ മോശം അവസ്ഥയില്‍ എന്നോടൊപ്പം നിന്നു. മാത്രവുമല്ല എങ്ങനെയാണ് ഞങ്ങളുടെ ദൃഢമായ കുടുംബ മൂല്യങ്ങള്‍ സമയോചിതമായ പിന്തുണയിലൂടെ പ്രകടിപ്പിക്കേണ്ടത് എന്നും കാണിച്ചുതന്നു. ഞാനും എന്‍റെ കുടുംബവും എന്നും ഇതിന് കടപ്പാട് ഉള്ളവരായിരിക്കും ഭാവിയിലും. നിങ്ങള്‍ നിങ്ങളുടെ ഈ നീക്കത്തിലൂടെ ഞങ്ങളുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു – അനിലിന്‍റെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ എറിക്സന്‍റെ കുടിശ്ശിക നല്കണമെന്ന ഉത്തരവ് ലംഘിച്ചതിന് അനിൽ അംബാനിയെ കോടതിയലക്ഷ്യത്തിന് ജയിലിൽ അടയ്ക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിൻറെ നടത്തിപ്പിന് എറിക്സണുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള പണം നല്‍കാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്.

46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത. റഫാൽ ഇടപാടിൽ അഴിമതി ആരോപിച്ച കോൺഗ്രസ് അനിൽ അംബാനിക്കെതിരായ ഈ കേസും ആയുധമാക്കിയിരുന്നു.