തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ അയിരൂർ സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പെൺകുട്ടി. നടുറോഡിൽ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 13 നായിരുന്നു സംഭവം.
രണ്ടു കുപ്പി പെട്രോൾ പ്രതി കയ്യിൽ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോൾ ഉപയോഗിച്ചാണ് തീകൊളുത്തിയത്. നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം
അതേസമയം, ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോൾ പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയമാണ് പ്രതിയെ അക്രമത്തിനു പ്രേരിപ്പിച്ചത്. തിരുവല്ലയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ സംസാരിച്ച് വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ കുപിതനായ അജിൻ കൈവശമുണ്ടായിരുന്ന കുപ്പിയിൽനിന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീപിടിച്ച് പെൺകുട്ടി അലറുന്നത് ഇയാൾ കണ്ടുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി
സമീപത്തെ കടകളിൽനിന്നെടുത്ത വെള്ളം ഒഴിച്ചാണ് തീകെടുത്തിയത്. ഇതിനുശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയത്. പെൺകുട്ടിയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് പെട്രോളുമായാണ് ഇയാൾ വന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Leave a Reply