ബ്രെക്സിറ്റില്‍ നിലവിലുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ ജെറമി കോര്‍ബിനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി തെരേസ മേയ്. ഇക്കാര്യത്തില്‍ ഒരു സമവായത്തിന് സാധിച്ചില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടത്താന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 50 ഒരിക്കല്‍ കൂടി നീട്ടാന്‍ അപേക്ഷിക്കുമെന്നും മേയ് പറഞ്ഞു. രണ്ടാം ഹിതപരിശോധനയോ കസ്റ്റംസ് യൂണിയനോ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നമ്പര്‍ 10 അറിയിക്കുന്നതെങ്കിലും പ്രധാനമന്ത്രിയുടെ പുതിയ നിലപാട് ഒരു സോഫ്റ്റ് ബ്രെക്സിറ്റിനെ സ്വാഗതം ചെയ്യുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ഏഴു മണിക്കൂറോളം നീണ്ട ക്യാബിനറ്റ് യോഗത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മേയ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ജനതയുടെ അഭിലാഷം സാധ്യമാക്കാന്‍ നമുക്ക് കഴിയും അതിനു വേണ്ടി സമവായത്തിലെത്താനും നമുക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു.
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി മെയ് 22ന് യൂറോപ്യന്‍ യൂണിയന് വിടുന്നതിനായി ലേബറുമായി ഒരു സമവായത്തിലെത്തുകയോ പാര്‍ലമെന്റ് തീരുമാനം ഉണ്ടാകുകയോ ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ലേബര്‍ നേതാവുമായി കൂടിയാലോചനകള്‍ നടത്താനുള്ള തീരുമാനം കണ്‍സര്‍വേറ്റീവ് യൂറോപ്പ് വിരുദ്ധരുടെ കടുത്ത വിര്‍ശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. ബോറിസ് ജോണ്സണ്, ജേക്കബ് റീസ് മോഗ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് തുടങ്ങിയവരും മറ്റു ചില പാര്‍ലമെന്റ് അംഗങ്ങളും ലേബറുമായി കരാറിലെത്തിയാല്‍ തെരേസ മേയെ പുറത്താക്കാന്‍ പുതിയ നീക്കവുമായി രംഗത്തെത്തുമെന്ന സൂചന നല്കി. ആര്‍ട്ടിക്കിള്‍ 50 അനന്തമായി നീട്ടുന്നതിലും നല്ലത് നോ ഡീല്‍ തന്നെയാണെന്ന ക്യാബിനറ്റ് ഭൂരിപക്ഷാഭിപ്രായം പ്രധാനമന്ത്രി മറികടന്നതായും ആരോപണം ഉയരുന്നുണ്ട്.
എന്നാല്‍ രാജ്യം എടുക്കുന്ന വളരെ നിര്‍ണ്ണായകമായ ഒരു തീരുമാനമായിരിക്കും ഇതെന്നാണ് മേയ് പറയുന്നത്. ദേശീയ താല്പര്യം സംരക്ഷിക്കുന്നതിനായി ഐക്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി. ചര്‍ച്ചക്കായുള്ള പ്രധാനമന്ത്രിയുടെ സന്നദ്ധതയെ കോര്ബിന് സ്വാഗതം ചെയ്തു. ഈ നീക്കത്തില്‍ വളരെ സന്തോഷമുണ്ടെന്നും പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഈ സാഹചര്യത്തില്‍ ആവശ്യമാണെന്ന കാര്യം ലേബര്‍ അംഗീകരിക്കുകയാണെന്നും കോര്ബിന് പറഞ്ഞു.
Leave a Reply