കൊച്ചി കടവന്തറയില്‍ വീടിന് മുന്നില്‍ നിന്ന ലോ കോളജ് വിദ്യാര്‍ഥിയ്ക്ക് പൊലീസിന്റെ മര്‍ദനം. കടവന്തറ സ്വദേശി പ്രേംരാജിനെ ജീപ്പില്‍ വലിച്ചിഴച്ച് കയറ്റി സ്റ്റേഷനില്‍ എത്തിച്ച് മര്‍ദിച്ചെന്നാണ് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കടവന്തറ കരീത്തല റോഡില്‍ രാത്രി ഏഴരയോടെയാണ് സംഭവം. കടവന്തറ എസ്.ഐ അഭിലാഷും സംഘവും റോഡില്‍ നിന്ന യുവാവിനോട് വീട്ടില്‍ പോകാന്‍ നിര്‍ദേശം നല്കി. ഇത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ജീപ്പിലേയ്ക്ക് വലിച്ചിഴച്ച് കയറ്റിയ പ്രേംരാജിനെ സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറിയും ലോകോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ് മര്‍ദനമേറ്റ പ്രേംരാജ്. സംഭവം അറിഞ്ഞ് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സ്റ്റേഷനിലേയ്ക്ക് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നടപടിയായത്. പൊലീസിന്റെ കൃത്യനിര്‍വഹണ തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
Leave a Reply