യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ യുകെ പങ്കാളികളാകുമെന്ന് പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ഡേവിഡ് ലിഡിംഗ്ടണ്‍. മെയ് 23നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ഇതിനുള്ളില്‍ ബ്രെക്‌സിറ്റ് ഡീല്‍ അന്തിമമാക്കാമെന്ന ഗവണ്‍മെന്റ് പ്രതീക്ഷനിലനില്‍ക്കെയാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. എംപിമാര്‍ ഡീല്‍ അംഗീകരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ യുകെയ്ക്ക് പങ്കെടുക്കേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞത്. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ ഡീലിന് അംഗീകാരം ലഭിക്കുകയെന്നത് സാധ്യതയില്ലാത്ത കാര്യമാണെന്നും അതിനാല്‍ നിയമപരമായി യുകെയ്ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടി വരുമെന്നും ലിഡിംഗ്ടണ്‍ പറഞ്ഞു. കാലതാമസം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ് എന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 29നായിരുന്നു ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറേണ്ടിയിരുന്നത്. എന്നാല്‍ അന്തിമ ഡീല്‍ പാര്‍ലമെന്റ് അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ആര്‍ട്ടിക്കിള്‍ 50 കാലാവധി നീട്ടുകയായിരുന്നു. ഒക്ടോബര്‍ 31 ആണ് പുതിയ ബ്രെക്‌സിറ്റ് തിയതി. ഈ തിയതിക്കു മുമ്പും ബ്രിട്ടന് ബ്ലോക്കില്‍ നിന്ന് പുറത്തു പോകാം. എന്നാല്‍ മേയ് 23നു മുമ്പ് പുറത്തു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കേണ്ടതായി വരികയും ബ്രസല്‍സിലേക്ക് എംഇപിമാരെ അയക്കേണ്ടതായി വരികയും ചെയ്യും. നേരത്തേ നിശ്ചയിച്ച തിയതിയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ കഴിയാത്തതില്‍ പ്രധാനമന്ത്രിക്ക് ഖേദമുണ്ടെന്നും യൂറോപ്യന്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ പലയാളുകളും നിരാശരാണെന്നും ലിഡിംഗ്ടണ്‍ വ്യക്തമാക്കി.

ജൂലൈയിലാണ് തെരഞ്ഞെടുപ്പിനു ശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് ആദ്യമായി ചേരുന്നത്. ഈ സെഷനു മുമ്പായി ബ്രെക്‌സിറ്റ് പ്ലാന്‍ പാര്‍ലമെന്റ് അംഗീകരിക്കുമെന്നു തന്നെയാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് ഉടമ്പടിയിലെ തടസങ്ങള്‍ നീക്കുന്നതിനായി ലേബറുമായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടരുകയാണ്. സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്റിന് അടുത്ത പടിയായി എന്തു ചെയ്യാന്‍ കഴിയുമെന്നതില്‍ സൂചനാ വോട്ട് നടത്താമെന്ന് ലേബര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.