കാസർകോട് പെരിയ ഇരട്ട കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. എട്ടാം പ്രതി പാക്കം സ്വദേശി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സുബീഷ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഷാർജയിലേയ്ക്ക് കടന്ന സുബീഷിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം നടത്തിയിരുന്നു. ഇതു വിജയിക്കാതെ വന്നതോടെ ഇന്റർപോളിന്റെ സഹായത്തോടെ സുബീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് പ്രതി മടങ്ങിയെത്തിയത്.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നുതന്നെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും, ശരത് ലാലിനേയും സി പി എം മുൻ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ സെക്രട്ടറി കെ.മണികംനേയും, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണനേയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കാസര്‍കോട് പെരിയ ഇരട്ടകൊലക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച്, സിപിഎം നേതൃത്വവുമായി ഒത്തുകളിക്കുകയാണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. കേസ് സിബിഐക്ക് കൈമാറാതിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കളുടെ അറസ്റ്റ്. ഏരിയ സെക്രട്ടറിയുടെ അറസ്റ്റോടെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്നും കുടുംബാംഗങ്ങള്‍  പറഞ്ഞു.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും, ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച അന്വേഷണം കൃത്യമായി പുരോഗമിക്കുന്നു എന്ന് ഹൈക്കോടതിയെ തെറ്റിധരിപ്പിക്കാനുള്ള തന്ത്രമാണ് സിപിഎം നേതാക്കളുടെ അറസ്റ്റെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം ഇനി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കൃപേഷിന്റെ അച്ഛന്‍  പറഞ്ഞു.