പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടു പോയി സംഘം ചേർന്ന് മർദിച്ച കേസിൽ ഭാര്യ ഉൾപ്പെടെ നാലംഗ സംഘത്തെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പ്രേരണയിൽ കാമുകൻ ഉൾപ്പെടുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മണ്ണത്തൂർ ബലിക്കുളത്തിൽ സുരേഷാണ് (36) ക്രൂരമർദനത്തിന് ഇരയായത്. സുരേഷിന്റെ ഭാര്യ നിഷ (26), കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്കു സമീപം താമസിക്കുന്ന കളപ്പുരയ്ക്കൽ പ്രജീഷ് (32), സുഹൃത്തുക്കളായ കടനാട് ചെറുപുറത്ത് ജസ്സിൻ (28), ഒലിയപ്പുറം നിരപ്പിൽ നിബിൻ (32) എന്നിവരെ സ്റ്റേഷൻ ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂട്ടുപ്രതി തിരുമാറാടി ടാഗോർ കോളനിയിൽ താമസിക്കുന്ന ലോറൻസ് (40) ഒളിവിലാണ്. നിഷയും പ്രജീഷും അടുപ്പത്തിലായിരുന്നെന്നും സുരേഷിനെ മർദിച്ച് അവശനാക്കിയ ശേഷം ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 5നു വൈകിട്ട് 5.30നു പൊലീസ് എന്നു പരിചയപ്പെടുത്തി ജസ്സിനും, പ്രദീഷും ചേർന്നു സുരേഷിനെ പ്രജീഷിന്റെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു. നിബിനും ലോറൻസും വഴിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി. സുരേഷിനെ സംഘം വായിൽ തുണി തിരുകി രാത്രി മുഴുവൻ മർദിച്ചെന്നാണു കേസ്.

ഇയാളെ പിറ്റേന്നു പകൽ മീങ്കുന്നം പെട്രോൾ പമ്പിനു സമീപം വഴിയിൽ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞു. കുറെ സമയത്തിനു ശേഷം ബോധം വീണ്ടെടുത്ത സുരേഷ് ഭയന്ന് ഇക്കാലമത്രയും സുഹൃത്തിന്റെ വർക്‌ഷോപ്പിൽ ഒളിവിൽ കഴിയുകയായിരുന്നു. സുരേഷിനെ കാണാനില്ലെന്നു കാണിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.