പൊലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ബാര്‍ ഉടമ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചെന്നൈ മഹാബലിപുരം ഡിഎസ്പി ഓഫിസിന് മുന്നിലാണ് തിരുനെല്‍വേലി സ്വദേശിയായ നെല്ലിയപ്പന്‍ ജീവനൊടുക്കിയത്. മാസപ്പടി ചോദിച്ച് പീഡിപ്പിക്കുന്ന പോലീസുകാരുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പുറത്തുവിട്ട ശേഷമാണ് തീകൊളുത്തിയത്.

തിരുപ്പോരൂരില്‍ ബാര്‍ നടത്തുന്ന നെല്ലിയപ്പന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ പീഡനങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. മാസത്തില്‍ ഓരോ ലക്ഷം രൂപ വീതം പോലീസുകാര്‍ക്ക് മാസപ്പടി കൊടുത്തിട്ടും ഉപദ്രവിക്കുന്നത് തുടര്‍ന്നെന്ന് ഫെയ്സ്ബുക്കിലിട്ട വീഡിയോയില്‍ നെല്ലിയപ്പന്‍ ആരോപിക്കുന്നു. ചിലര്‍ക്ക് എട്ടു ലക്ഷം രൂപ വരെ കൊടുത്തു. മദ്യം കഴിച്ച വകയില്‍ ലക്ഷങ്ങള്‍ വേറെയും കിട്ടാനുണ്ട്. കടം കയറി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നില്ലെന്നും വീഡിയോയില്‍ പറയുന്നു. ഉപദ്രവിച്ച പൊലീസുകാരുടെ പേരു വിവരങ്ങളും പുറത്തുവിട്ടു.

ഇന്നലെ ഉച്ചയോടെ ഡിഎസ്പി ഓഫിസിന് മുന്നിലെത്തിയ ഇയാള്‍ പൊലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെയാണ് കയ്യില്‍കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഏറെ പണിപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവര്‍ തീ അണക്കുമ്പോഴേക്കും എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. വിദഗ്ദ ചികിത്സക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോയില്‍ പേരു പരാമര്‍ശിച്ച പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിട്ടുണ്ട്.