മൂന്ന് ദിവസത്തെ സന്ദർശനത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെത്തി. തെരേസാ മേയ് നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ആഴ്ച്ച തന്നെയുള്ള ട്രംപിന്റെ ബ്രിട്ടന്‍ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ‘ഇരു രാജ്യങ്ങളും പരസ്പരം വലിയ നിക്ഷേപകരാണെന്നും, തങ്ങളുടെ ശക്തമായ വ്യാപാരബന്ധം കൂടുതല്‍ തൊഴിലവസരങ്ങളും സമ്പത്തും മറ്റുള്ള സാധ്യതകളും സൃഷ്ടിക്കുമെന്നും തെരേസാ മേയ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായി മുന്നോട്ടുപോകുന്നതിന് ട്രംപിന്റെ സന്ദർശനം കൂടുതല്‍ സഹായകരമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതിനിടെ, സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലണ്ടണ്‍ നഗരത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടന്റെ ദേശീയ ആരോഗ്യ പദ്ധതിയില്‍ യുഎസിന് വാണിജ്യപരമായ ഇടം നല്കണമെന്നും, ഈ കൂടിക്കാഴ്ചയില്‍തന്നെ അത് ചർച്ച ചെയ്യണമെന്നുമുള്ള ബ്രിട്ടനിലെ അമേരിക്കന്‍ അംബാസഡറായ വൂഡി ജോൺസന്റെ പ്രസ്താവന വിവാദമായി. യു.കെയിലെ 5-ജി നെറ്റ് വർക്കിന്റെ ചില ഭാഗങ്ങൾ നിർമ്മിക്കാൻ ചൈനയിലെ സാങ്കേതികവിദ്യ നിർമാതാക്കളായ ഹുവാവേയുമായി ഉണ്ടാക്കിയ കരാര്‍ അവസാനിപ്പിക്കാന്‍ ചില ടോറി (കണ്‍സർവേറ്റീവ്) നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. അതും വൂഡി ജോൺസൺ മുന്നോട്ടുവച്ച ആശയമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്സിറ്റ് കരാര്‍ നിലവില്‍ വരുന്നതിനു മുൻപ് ക്ലോറിനേറ്റഡ് ചിക്കൻ ഉൾ‌പ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയക്കാന്‍ അമേരിക്കയെ അനുവദിക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദേശീയ ആരോഗ്യ പദ്ധതിയില്‍ അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ക്കും ഇടപെടാന്‍ അവസരമൊരുക്കണം എന്നും അദ്ദേഹം പറയുന്നു.

അതേസമയം, ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ വരണമെന്ന് ട്രംപ് പറഞ്ഞിരുന്നു. തെരേസയുടെ ശത്രുപക്ഷത്തുള്ള നേതാവിനെ പരസ്യമായി പിന്തുണച്ച് അദ്ദേഹം രംഗത്തുവന്നത് അസ്വസ്ഥതകൾക്ക് ഇടയാക്കിയിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയനുമായുള്ള ചർച്ചകളില്‍ ബ്രെക്‌സിറ്റ് പാർട്ടി നേതാവായ നൈജല്‍ ഫരാജിനെ കൂടി ഉൾപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാനുള്ള പിഴ ബ്രിട്ടന്‍ അടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ചെറിയ തുകയല്ല. ഞാനായിരുന്നെങ്കില്‍ പിഴയടക്കില്ല എന്നും ട്രംപ് പറയുന്നു.