ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ശൃംഖലയായ വെയിറ്റ്റോസ് ഒരു വൻമാറ്റത്തിന് തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹാർദ്ദ കോട്ടൺ ബാഗുകൾ ഇനി വെയിറ്റ്റോസിൽ ലഭ്യമാകും. പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപന കുറയ്ക്കുക എന്നതാണ് ഉദ്ദേശം. ഇതൊരു പുതിയ വഴിത്തിരിവിന് കാരണമാകും.
ഈ മാറ്റത്തിന്റെ ആദ്യ പരീക്ഷണം ഓക്സ്ഫോർഡിൽ വെച്ച് നടക്കുകയുണ്ടായി. ഉപഭോക്താക്കളിൽ നിന്നും നല്ല റിപ്പോർട്ടുകൾ ആണ് ലഭിച്ചത്. നൂറിൽ പരം ഉൽപ്പന്നങ്ങൾ അവയുടെ പ്ലാസ്റ്റിക് പൊതിയിൽ നിന്നും പുറത്തെടുത്ത് പരിസ്ഥിതി സൗഹാർദ്ദ ബാഗുകളിലേക്ക് നീക്കം ചെയ്തു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുക എന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. വെയിറ്റ്റോസ് തലവൻ ടോർ ഹാരിസ് ഇപ്രകാരം പറയുന്നു “ഉപഭോക്താക്കൾ ഏതുരീതിയിൽ സാധനങ്ങൾ വാങ്ങും എന്നറിയുവാൻ വേണ്ടിയാണ് ഈ ഒരു മാറ്റം കൊണ്ടുവന്നത്. ഇതൊരു സുസ്ഥിരവികസനത്തിന്റെ ഭാഗമാണ്.”
സൂപ്പർമാർക്കറ്റിലെ കവാടത്തിൽ തന്നെ സെൽഫേൻ റാപ്പുകൾക്ക് പകരം 100% പുനരുല്പാദനം നടത്താവുന്ന പേപ്പറുകളും കൂടുകളും ഉപയോഗിച്ചുവരുന്നു. ഒപ്പം വീടുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുവാൻ അഞ്ചു പൗണ്ട് നൽകി ഒരു കാർബോർഡ് പെട്ടി ഉപഭോക്താവിനു വാങ്ങാവുന്നതാണ്. പെട്ടി, അടുത്ത തവണ തിരിച്ചേൽപ്പിക്കുമ്പോൾ ഈ തുക തിരികെ ലഭിക്കുന്നതും ആണ്. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് സ്വഭവനങ്ങളിൽ നിന്നും പാത്രങ്ങൾ കൊണ്ടുവരാവുന്നതാണ്.
വെയിറ്റ്റോസിൽ കൂടുതലും വിൽക്കാൻ ശ്രമിക്കുന്നത്, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവയാണ്. ക്യാരറ്റ്, ചീര തുടങ്ങിയവ കോട്ടൺ സഞ്ചികളിലും പെട്ടെന്ന് കേടുപാട് സംഭവിക്കാവുന്ന തക്കാളി കാർഡ് ബോർഡ് പെട്ടിയിലും ആണ് ലഭിക്കുക. വൈൻ, ബിയർ, ഡിറ്റെർജന്റ് എന്നിവ പുനരുപയോഗിക്കാവുന്ന കുപ്പികളിൽ വിൽക്കുന്നു.
പാം മാത്യു എന്ന ഉപഭോക്താവ് ഈ വ്യാപാര രീതിയോട് ഇപ്രകാരം പ്രതികരിച്ചു ” ഈ രീതി നല്ലതാണ്. എന്നാൽ സമയചിലവാണ്. സാധനങ്ങൾ വാങ്ങാൻ ഒരുപാട് നേരം വേണ്ടിവരും.” ക്രിസ്റ്റിൻ ജാക്‌ക്വേസ് ഈ മാറ്റത്തെ ഒരു പഴഞ്ചൻ രീതി എന്നാണ് വിശേഷിപ്പിച്ചത്. ബ്ലാക്ക് പ്ലാസ്റ്റിക് നീക്കം ചെയ്യുന്ന രീതിയോട് പരിസ്ഥിതി സംരക്ഷകർ എല്ലാം തന്നെ അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്. ഇത് പല പരിസ്ഥിതി പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്. ഒപ്പം മറ്റു വ്യാപാരസ്ഥാപനങ്ങളും ഉദാഹരണം ആകാവുന്ന രീതിയാണ് വെയിറ്റ്റോസിന്റേത് . പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകത്തിനുതന്നെ വൻ ഭീഷണിയാവുന്ന ഈ കാലഘട്ടത്തിൽ ഇത്തരം മാറ്റങ്ങൾ ശുഭപ്രതീക്ഷയാണ് നൽകുന്നത്. പ്ലാസ്റ്റിക് വിമുക്ത സമൂഹം ആണ് ഇതുപോലെയുള്ള നല്ല മാറ്റങ്ങളിലൂടെ സാധ്യമാകുന്നത്.
Leave a Reply