ഫ്രാൻസിന്റെ വടക്കൻ പ്രവിശ്യയിലെ പാതയോരത്തു ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ അഴുകിയ ജഡം ഇന്ത്യക്കാരന്റേതെന്നു തിരിച്ചറിഞ്ഞതായി ഫ്രഞ്ച് പൊലീസ്. ശാസ്ത്രീയ തെളിവുകളോ ദൃക്സാക്ഷികളോ അല്ല മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്, പോക്കറ്റിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്ററാണ്. ഡിഎൻഎയും വിരളടയാളവും തോറ്റിടത്തു കേസിലേക്കു വെളിച്ചം പകർന്ന ലെറ്ററിനു നന്ദി പറയുകയാണു ഫ്രഞ്ച് പൊലീസ്.
ലൈറ്റർ വെളിച്ചം വീശിയതു കൊല്ലപ്പെട്ടയാളുടെ മുഖത്തേക്കു മാത്രമല്ല, കൊലപാതകി എന്നു സംശയിക്കുന്ന ആളിലേക്കു കൂടിയാണ്. കഴിഞ്ഞ ഒക്ടോബറിൽ ബോർബർഗിൽ ചവറുകൂന വൃത്തിയാക്കുന്നതിനിടെ മെഷീൻ ഓപ്പറേറ്റാണ് അഴുകിയനിലയിൽ ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം ജീർണിച്ച നിലയിലായിരുന്നു. നാടോ വീടോ മരണകാരണമോ കണ്ടെത്താൻ സഹായിക്കുന്ന രേഖകളോ മൊബൈൽ ഫോണോ മൃതദേഹത്തിനരികിൽ നിന്ന് കണ്ടെത്താനായില്ല.
എന്തെങ്കിലും തുമ്പു ലഭിക്കാനായി ഡിഎൻഎയും വിരലടയാളവും പരിശോധിച്ചു. അതും പരാജയപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടയാളുടെ പോക്കറ്റിലുണ്ടായിരുന്ന ലൈറ്റർ അന്വേഷണത്തിൽ വഴിത്തിരിവായി. ‘ക്രോഗ് കഫെ’ എന്ന് ലൈറ്ററിനു മുകളിൽ രേഖപ്പെടുത്തിയിരുന്നു. െബൽജിയത്തിലും നെതര്‍ലൻഡിലും പബ്ബുകളെ പൊതുവായി വിളിക്കുന്ന പേരാണിത്. അന്വേഷണം അങ്ങനെ ബെൽജിയത്തിലേക്കു തിരിഞ്ഞു.
കഴിഞ്ഞ ജൂൺ മുതൽ ബെൽജിയത്തിൽ താമസമാക്കിയ ഇന്ത്യക്കാരനായ 42 വയസ്സുകാരൻ ദർശൻ സിങ്ങിനെ കാണാതായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ബെൽജിയം പൊലീസ്. അന്വേഷണത്തിനിടയിൽ ഡച്ച് അതിർത്തിക്കടുത്തുള്ള ഇയാളുടെ വീടിനു സമീപം ഇത്തരമൊരു പബ്ബ് ഉണ്ടെന്നു കണ്ടെത്തി. കാണാതായ വ്യക്തിയുടെ ടൂത്ത് ബ്രഷിൽ നിന്ന് ശേഖരിച്ച ഡിഎൻഎ സാംപിൾ, കൊല്ലപ്പെട്ട ദർശൻ സിങ്ങിന്റേതാണെന്നു സ്ഥിരീകരിച്ചു.
ആളെ തിരിച്ചറിഞ്ഞതോടെ ബെൽജിയം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ മാർച്ചിൽ സിങ്ങിനെ കൊലപ്പെടുത്തി എന്നു സംശയിച്ചു ചോദ്യം ചെയ്ത മറ്റൊരു ഇന്ത്യക്കാരനിലേക്കാണ് അന്വേഷണമെത്തിയത്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ടു സുപ്രധാന വിവരങ്ങൾ ലഭിക്കാനുണ്ടെന്നു പൊലീസ് അറിയിച്ചു. ഫ്രഞ്ച് അധികൃതർ കേസ് ബെൽജിയം പൊലീസിനു കൈമാറി.
Leave a Reply