യോഗാദിന ചടങ്ങുകൾക്കിടയിലേക്കു പാഞ്ഞുകയറിയ കാറിനു മുന്നിൽനിന്നു വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിക്കെ ഗുരുതരമായി പരുക്കേറ്റ അധ്യാപിക അരിക്കുഴ പാലക്കാട്ട് പുത്തൻപുര രേവതി (27) ആശുപത്രിയിൽ മരിച്ചു. 21നു സ്കൂൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനുള്ള വിദ്യാർഥികളെ വരിയായി നിർത്തുമ്പോഴായിരുന്നു അപകടം. സ്കൂൾ അക്കാദമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണം വിട്ടുവന്ന് അപകടമുണ്ടാക്കിയത്.
കാറിനു മുന്നിൽനിന്നു വിദ്യാർഥികളെ തള്ളിമാറ്റുന്നതിനിടെ നിലത്തേക്കു വീണ രേവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു. അപ്പോഴും ‘ഓടിമാറൂ മക്കളേ…’ എന്നു നിലവിളിക്കുന്നുണ്ടായിരുന്നു അവർ. തലയ്ക്കും നട്ടെല്ലിനും കഴുത്തിലും പരുക്കേറ്റ രേവതി ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മരിച്ചത്. അപകടത്തിൽ വിദ്യാർഥികൾക്കാർക്കും സാരമായ പരുക്കേൽക്കാതെ രക്ഷിച്ചത് രേവതിയുടെ ഇടപെടലാണ്. ആശുപത്രിയിലായ രേവതി ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോഴും അന്വേഷിച്ചതു വിദ്യാർഥികളുടെ കാര്യം. മൃതദേഹം ഇന്നു 11നു വിദ്യാലയത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം രണ്ടിന് അരിക്കുഴയിൽ. ഹോട്ടൽ ജീവനക്കാരനായ ദീപുവാണ് ഭർത്താവ്. മൂന്നു വയസ്സുകാരി അദ്വൈത മകളാണ്.
മക്കളെ പോലെ സ്നേഹിച്ച വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ നൽകിയ രേവതി ടീച്ചറുടെ മരണം നാടിനു തീരാത്ത നൊമ്പരമായി. ഒട്ടേറെ വിദ്യാർഥികളുടെ ജീവനെടുക്കുമായിരുന്ന ദുരന്തം രേവതിയുടെ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഒഴിവായത്.യോഗ ദിനാചരണത്തോട് അനുബന്ധിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ വരിയായി നിർത്തുന്നതിനിടെയാണ്, കയറ്റം കയറി വന്ന കാർ നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞു കയറിയത്. കാർ ഇടിച്ച രേവതി നട്ടെല്ലിനും തലയ്ക്കും കഴുത്തിലുമെല്ലാം പരുക്കേറ്റ് അവശയായിരുന്നു. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ രേവതി വലിയ പ്രതീക്ഷകളോടെയാണ് സ്കൂളിൽ അധ്യാപികയായി എത്തിയത്.
Leave a Reply