ഒന്ന്

ജീവിതം എന്നത് സ്വപ്നങ്ങളുടെ ഒരു ചീട്ട് കൊട്ടാരമാണ്.അവിടെ വേണമെങ്കിൽ രാജാവാകാം.അല്ലങ്കിൽ മന്ത്രിയോ സേവകനോ ഭടനോ എന്തുവേണമെങ്കിലും ആകാം. നമ്മളുടെ ഇഷ്ടം പോലെ വേഷങ്ങൾ തിരഞ്ഞെടുക്കാം.ഞാനും ഒരു വേഷം തിരഞ്ഞെടുക്കുന്നു.
എന്നെ ചിലർക്കെങ്കിലും പരിചയം കാണും.അറിഞ്ഞുകൂടാത്തവർക്കുവേണ്ടി ,എൻ്റെ പേര് മത്തായി.
പൊതുവെ മത്തായിമാർ മണ്ടന്മാർ ആയിരിക്കും എന്നൊരു വിശ്വാസം ഉണ്ട്.അത് ശരിയാണോ എന്ന് നിങ്ങൾ തീരുമാനിക്കുക
മുഴുവൻ പേരും പറഞ്ഞില്ല,എം.എ.മാത്യു എം.എ.
രണ്ടാമത്തെ എം.എ.എൻ്റെ ഡിഗ്രിയും ആദ്യത്തെ എം.എ. ഇനിഷ്യലും ആണ്.ഇപ്പോൾ മനസിലായല്ലോ ഞാൻ ഒരു വെറും “മത്തായി” അല്ല എന്ന്.
നാട്ടിൽ ഞങ്ങളുടെ ക്ലബും അതിനോട് ചേർന്ന് അല്പം നാടകവും കലാസാംസ്കാരിക പരിപാടികളുമായി നടക്കുന്ന സമയത്താണ് ബാംഗ്ലൂരിൽ ജോലിയുള്ള ഒരു സുഹൃത്ത്‌ നാട്ടിൽ വരുന്നത്. ബാംഗ്ലൂരിൽ ടാജ് റസിഡൻസി എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ് അവൻ.
അങ്ങിനെ ചെത്തിനടക്കുന്നതിനിടയിൽ അവൻ എന്നോട് ഒരു ചോദ്യം.
“മത്തായി ഇങ്ങിനെ നടന്നാൽ മതിയോ?ഒരു ജോലിയൊക്കെ വേണ്ടെ?എൻ്റെ കൂടെ ബാംഗ്ലൂർ ക്ക് പോരെ ജോലി ഞാൻ ശരിയാക്കി തരാം.”
ക്ലബ്ബിൽ കൂട്ടുകാരുടെ മുമ്പിൽ വച്ച് അവൻ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.
“മത്തായി ,ഒന്ന് ശ്രമിച്ചു നോക്കട”,
കൂട്ടുകാരുമായി ചീട്ടും കാരംസും കളിച്ചു സുഖമായി ഞാൻ ജീവിക്കുന്നത് അവന് സഹിക്കുന്നില്ല.
“എനിക്ക് ജോലി വേണ്ട “,എന്ന് പറയാൻ പറ്റില്ലല്ലോ.അതും ഒരു സുഹൃത്ത് ജോലി ശരിയാക്കി തരാം എന്ന് പറയുമ്പോൾ.
അങ്ങിനെ എല്ലാവരുടേയും പ്രോത്സാഹനവും നിർബന്ധവും സഹിക്കവയ്യാതെ ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി.ഞാൻ തീരുമാനം എടുക്കാൻ താമസിച്ചതുകൊണ്ട് അവൻ നേരത്തെ പോയിക്കഴിഞ്ഞിരുന്നു..
മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുന്നൂറ്റി മുപ്പത്തി മൂന്നാം ബസ്സിൽ കയറി അവൻ പറഞ്ഞതനുസരിച്ച് മാറത്തഹള്ളിയിൽ ഇറങ്ങി.
പക്ഷെ അവൻ എഴുതിത്തന്ന അഡ്രസ്സും വീടും കണ്ടുപിടിക്കുക അത്ര എളുപ്പമായിരുന്നില്ല.രസകരമായ വസ്തുത മൊബൈൽ നാവിഗേറ്ററിലോ മാപ്പിലോ ഒന്നും അവൻ പറഞ്ഞ സ്ഥലമില്ല.ബസ്സ്‌ സ്റ്റോപ്പിന് അടുത്താണു എന്ന് അവൻ പ്രത്യേകം പറഞ്ഞിരുന്നു പക്ഷെ മാറത്തഹളളിയിൽ പല ബസ്സ് സ്റ്റോപ് കൾ ഉണ്ട്.വിളിക്കുമ്പോൾ അവൻ്റെ മൊബൈൽ സ്വിച് ഓഫ്.ഇനി മുൻപിലുള്ള വഴി ആരോടെങ്കിലും ചോദിക്കുക എന്നതാണ്
പലരോടും ചോദിച്ചു. അപ്പോൾ ഒരു കാര്യം വ്യക്തമായി.അവൻ തന്ന പേരിൽ ഒരു റോഡ് മാറത്തഹള്ളി പ്രദേശത്തില്ല.
ഇത്തരം സന്ദർഭങ്ങളിൽ ഞാൻ ഉപയോഗിക്കുന്ന ഒരു ട്രിക് ഉണ്ട്.ചെറിയ പെട്ടിക്കടകൾ,ബാർബർ ഷാപ്പുകൾ മുതലായവയുടെ ബോർഡ്‌കൾ വായിച്ചുനോക്കും.പേരുകൊണ്ട് മനസിലാക്കാം മലയാളികളുടെ കടകൾ.
ഇത്തരം കടകൾ പ്രാദേശിക ഇൻഫർമേഷനുകൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും.
അങ്ങിനെ ബോർഡുകൾ വായിച്ചു നടക്കുമ്പോളാണ് സുപ്രിയ ഹെയർ സലൂൺ എന്ന് മലയാളത്തിൽ എഴുതിയ ഒരു ബോർഡ് കാണുന്നത്.
എൻ്റെ നിഗമനം എത്ര ശരിയായി എന്ന് നോക്കൂ.സദാനന്ദൻ എന്ന വടകരക്കാരൻ ആയിരുന്നു സുപ്രിയ സലൂണിൻ്റെ പ്രൊപ്രൈറ്റർ.
.സദാനന്ദൻ പറഞ്ഞു,”ഇരുപതു വർഷമായി ഞാൻ ഇവിടെ ഈ ഷോപ് തുടങ്ങിയിട്ട്.ഇവിടെ ഇങ്ങിനെ ഒരു റോഡ് ഇല്ല”.
കാര്യങ്ങൾ ഏതാണ്ട് മനസിലായിത്തുടങ്ങി.അവനെ തേടി നടക്കുന്നതുകൊണ്ട് ഇനി വലിയ പ്രയോജനമില്ല.
ഏതായാലും ഇനി അല്പം വിശ്രമിക്കുക തന്നെ എന്ന് തീരുമാനിച്ചു.
വിശന്നിട്ട് കണ്ണുകാണാൻ വയ്യ.മുമ്പിൽ കണ്ട സാമാന്യം വലിയ ഒരു ഹോട്ടലിലേക്ക് കയറി.ഒരു ചായ കുടിക്കണം,വല്ലതും കഴിക്കണം.
എന്നിട്ട് ബാക്കി കാര്യം.
ഹോട്ടലിൽ സാമാന്യം നല്ല തിരക്കുണ്ട്. അരികിലായി ആളൊഴിഞ്ഞ ഒരു വിൻഡോ സീറ്റ് പിടിച്ചു.
ഒരു സപ്ലയർ വന്നു,
“ഏനു ബേക്കു സർ”
“എന്താ..?”
ഒന്നും മനസിലായില്ല.ഞാൻ അയാളുടെ മുഖത്തേക്കു നോക്കി.
ഞാനും അയാളും ഒന്നിച്ചു ഞെട്ടി.
“എടാ,നീയോ?”
“എടാ,മത്തായി..”
“ഇതാണോടാ നിൻ്റെ ടാജ് റെസിഡൻസി”?
“നീ എന്തിനാടാ ഇങ്ങോട്ട് വന്നത്?അന്നു വെറുതെ ഞാൻ ഒന്നു ഷൈൻ ചെയ്യാൻ പറഞ്ഞതല്ലേ………………? നീ ഒരു മത്തായി തന്നെ “.
അപ്പോൾ കുഴപ്പം എൻ്റെത് ആണ്.
“ഫൈവ് സ്റ്റാർ…………മാനേജർ……………….ജോലി മേടിച്ചു തരും…….എന്തെല്ലാം ആയിരുന്നു …?”
“ഏതായാലും നീ ചായ കുടിക്ക് “,
അവൻ ഒരു ചായയും മസാലദോശയും കൊണ്ടുവന്നു എൻ്റെ മുമ്പിൽ വച്ചു.
“നീ എങ്ങിനെ ഈ ഹോട്ടൽ കണ്ടുപിടിച്ചു?”
ഞാൻ വെറുതെ ചിരിച്ചു.
“ഇനി എന്താ നിൻ്റെ പരിപാടി?”
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ്റെ ചോദ്യം.
“ഏതായാലും വന്നതല്ലെ?കുറച്ചുദിവസം നിൻ്റെ കൂടെ താമസിച്ചു ബാംഗ്ലൂർ ഒന്ന് കാണണം”.
അവൻ്റെ മുഖത്തെ ദൈന്യത ഞാൻ കണ്ടില്ലന്നു വച്ചു .
“മോനെ നിൻ്റെ വീട്ടിൽ അത്യാവശ്യം ചുറ്റുപാട് ഒക്കെ ഉള്ളതല്ലേ?വല്ല റവറും (റബ്ബർ )വെട്ടിയാണങ്കിലും നിനക്ക് ജീവിക്കാം.എൻ്റെ സ്ഥിതി അതല്ല. അതുകൊണ്ട് തിരിച്ചുപോകാൻ നോക്ക്”.
“അത് വെറുതെ,നീ എന്നെ തിരിച്ചു നാട്ടിലയാക്കാം എന്ന് വിചാരിക്കേണ്ട”.
“മോനെ ഞാൻ പറയുന്നത് ഒന്ന് കേൾക്കു,അല്ല ഞാൻ ഒന്നും പറയുന്നില്ല.എൻ്റെ താമസസ്ഥലം കാണുമ്പൊൾ നിനക്ക് എല്ലാം മനസിലാകും.”
“സുഖമായി നാട്ടിൽ കഴിഞ്ഞ എന്നെ നീ വിളിച്ചുവരുത്തി……………ഇതിൻ്റെ വല്ല ആവശ്യവും നിനക്കുണ്ടായിരുന്നോ?ഏതായാലും വന്നു. നനഞ്ഞിറങ്ങിയാൽ കുളിച്ചുകേറുന്നവനാ ഈ മത്തായി.”
“നീ ആദ്യം ഈ മത്തായി എന്ന് പേരുതന്നെ മാറ്റണം.”.
“എൻ്റെ പേര് മാറ്റണോ?”
“നിൻ്റെ സർട്ടിഫിക്കറ്റിൽ പേര് മാത്യു എന്നല്ലേ? ആ പേര് ഇവിടെ പറഞ്ഞാൽ മതി.മനസിലായൊടാ മത്തായി?.പേര് കേൾക്കുമ്പോൾ ഒരു വെയിറ്റ് ഒക്കെ വേണ്ടേ?”..
ഇന്നുമുതൽ നീ മാത്യു എന്ന് അറിയപ്പെടും എന്ന തിരുവെഴുത്തു അങ്ങിനെ പൂർത്തിയായി.
അവൻ പറഞ്ഞതിലും ദയനീയമായിരുന്നു അവൻ്റെ വാസസ്ഥലം.
ഒരു ഒറ്റമുറി. വെള്ളം ടോയിലറ്റ് മുതലായ കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദം എൻ്റെ വരവോടുകൂടി അവൻ്റെ പ്രസരിപ്പ് നഷ്ട്ടപെട്ടോ എന്ന് എനിക്ക് സംശയമായി.
പതിവുപോലെ കാലത്തേ ഞാൻ എഴുന്നേറ്റു.നോക്കുമ്പോൾ വെള്ളമില്ല.പുറത്തേക്കുനോക്കുമ്പോൾ ഏതാനുംപേർ ബക്കറ്റുകളുമായി ക്യു നിൽക്കുന്നു.ഞാനും ഒരു ബക്കറ്റെടുത്തു പോയി ക്യുവിൽ നിന്നു.
മുൻപിൽ നിന്നിരുന്ന പെൺകുട്ടി എന്നെനോക്കി ചിരിച്ചു. ഞാനും ചിരിച്ചു.
അവൾ ചോദിച്ചു,”വാട് ഈസ് യൂവർ നെയിം?”
“എന്താ?”
“ഓ ഇംഗ്ലീഷ് അറിയില്ല,അല്ലെ?”
“ഉം.”
“എന്താ പേര് എന്ന്”?
“മാത്ത്……………മാത്യു.”
“ചേട്ടൻ എത്ര വരെ പഠിച്ചു ?”
“എട്ടിൽ പൊട്ടി.”
“കഷ്ടം,ഞാൻ എസ്.എസ്.എൽ.സിയാ .പ്രസാദ് ചേട്ടൻ്റെ വീട്ടിൽ വന്നതാ അല്ലെ.”
“ഉം “.
“ഇത് ഞങ്ങൾ സ്ത്രീകളുടെ ക്യു ആണ്.പുരുഷന്മാർ അപ്പുറത്തെ ലൈനിൽ നിൽക്കണം
“എന്തിൻ്റെ ക്യു?”
അവൾ ചിരിച്ചു.”ടോയ്‌ലെറ്റിൽ പോകാൻ”
അവിടെ നിന്നും ഞാൻ രക്ഷപെട്ടു
രണ്ടാം ദിവസം അവൻ പറഞ്ഞു,”മത്തായി നിനക്ക് ഞാൻ ഒരു താമസസ്ഥലം കണ്ടുപിടിച്ചു തരാം”.
ശിവാജിനഗർ ബസ് സ്റ്റാന്റിനടുത്തു മലയാളികൾനടത്തുന്ന ഒരു മെസ്സും ഒരു ലോഡ്‌ജിയും ഉണ്ട്.മലബാർ ലോഡ്ജ് .അവിടെ ഒന്ന് ശ്രമിച്ചുനോക്കാം.
എന്നേക്കാൾ കൂടുതൽ ആവശ്യം അവനായിരുന്നു,ഞാൻ ഒരു നല്ല നിലയിൽ എത്താൻ എന്ന് തോന്നുന്നു. അങ്ങിനെ ഞാൻ മലബാർ ലോഡ്ജിലേ അന്തേവാസിയായി..
ഞാൻ ലോഡ്ജിലേക്ക് മാറുമ്പോൾ അവൻ പറഞ്ഞു,” നീ ഇതെല്ലം നാട്ടിൽ ചെന്ന് പറഞ്ഞേക്കരുത്.എൻ്റെ വിവാഹം ഉറപ്പിച്ചുവച്ചിരിക്കുന്നതാണ്.”
“ആ പെണ്ണിൻറെ കഷ്ടകാലം.ചൊവ്വ ദോഷം കാണും ജാതകത്തിൽ “ഞാൻ പറഞ്ഞൂ.
“എന്താ?”
“ഇല്ല സത്യമായിട്ടും പറയില്ല.”
അവന് ആശ്വാസമായി.
പിന്നീട് ഓർത്തു ചിരിക്കാൻ നല്ലൊരു വിഷയമായി ആ സത്യം ചെയ്യൽ.
ഒരാളോട് “സത്യം ഞാൻ പറയില്ല”, എന്ന് സത്യം ചെയ്യുക.
മലബാർ ലോഡ്ജിലെ താമസത്തിനിടയിലാണ് ഞാൻ ഉണ്ണികൃഷ്ണനെയും ജോൺ സെബാസ്റ്റ്യനേയും പരിചയപ്പെടുന്നത്.
അത് ജീവിതത്തിൽ ഒരു വല്ലാത്ത വഴിത്തിരിവിൽ എന്നെ എത്തിച്ചു.

(തുടരും )

ജോൺ കുറിഞ്ഞിരപ്പള്ളി