റിമാൻഡ് പ്രതി കുമാറിനെ (49) പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുംമുൻപ് സബ് ജയിലിൽവച്ചുതന്നെ മരിച്ചതായി സഹതടവുകാരൻ കുമളി ചെങ്കര സ്വദേശി സുനിൽ സുകുമാരൻ. ജയിലിലും മർദനമേറ്റതായും മരിച്ച ദിവസം രാവിലെ ഒരു ഉദ്യോഗസ്ഥൻ കുമാറിന് ഗുളിക കൊടുത്തതായും സുനിൽ വെളിപ്പെടുത്തി.

‘ജയിലിൽ കുമാറിന്റെ സമീപത്തെ സെല്ലിലായിരുന്നു ഞാൻ. 21 ന് രാവിലെ അവശനിലയിലാണു കുമാറിനെ കണ്ടത്. അൽപം വെള്ളം തരുമോ എന്നു കരഞ്ഞു യാചിച്ചു കുമാർ നിലത്ത് കമഴ്ന്നു വീണു. ഈ സമയം ജയിലിൽ യോഗാദിന പരിപാടികൾ നടക്കുകയായിരുന്നു. അതുകഴിഞ്ഞു തടവുകാർ എത്തിയപ്പോൾ മരിച്ചു കിടക്കുന്ന കുമാറിനെയാണ് കണ്ടത്’

മരിക്കുന്നതിന്റെ തലേന്ന് രാത്രി 7ന് നെഞ്ചുവേദന അനുഭവപ്പെടുന്നതായി കരഞ്ഞു പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. രാത്രി 7ന് ആരംഭിച്ച കുമാറിന്റെ ഉച്ചത്തിലുള്ള കരച്ചിൽ 12 മണി വരെ തുടർന്നു. വെളുപ്പിന് 5 മണിക്ക് എത്തിയ ഉദ്യോഗസ്ഥൻ, നീ ഞങ്ങളെ ഉറക്കുകയില്ല അല്ലേ എന്നു ചോദിച്ച് അസഭ്യവർഷം നടത്തി. ഇതിനിടെ, തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരും കൂട്ടമായി കുമാറിനെ മർദിച്ചുവെന്ന വിവരം പുറത്തുവന്നു. 12 ന് കുട്ടിക്കാനം മുതൽ പുളിയൻമല വരെയുളള യാത്രയ്ക്കിടെ കുമാറിനു നിരന്തരം മർദനമേറ്റു.