ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഇസ്രേലി കന്പനിയുടെ മദ്യക്കുപ്പിയുടെ മുകളിൽ ഉപയോഗിച്ചതിനെതിരേ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദേശം. വിഷയത്തിൽ രാജ്യസഭയിൽ കടുത്ത പ്രതിഷേധമുയർന്നതോടെയാണ് കന്പനിക്കെതിരേ രാജ്യത്തും നയതന്ത്ര തലത്തിലും നടപടിയെടുക്കാൻ സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി കേന്ദ്രമന്ത്രിയോടു നിർദേശിച്ചത്.
ഇസ്രേലി കന്പനി മദ്യക്കുപ്പിയിൽ മഹാത്മാ ഗാന്ധി അടക്കമുള്ള ചരിത്രപുരുഷന്മാരുടെ ചിത്രം ഉപയോഗിച്ചതിനെതിരേ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്. മദ്യത്തിനെതിരേ എന്നും ശബ്ദമുയർത്തിയിരുന്ന ഗാന്ധിജിയെ അവഹേളിക്കുന്നതാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മദ്യക്കന്പനിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ. ജോസ് ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
Leave a Reply