ഫാ. ബിജു കുന്നയ്ക്കാട്ട്
ഡെർബി: ഡെർബിഷെയറിലും ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വാർഷിക തിരുനാളുകളിലൊന്നായ ‘ഡെർബി തിരുനാൾ’ ഈ ഞായറാഴ്ച (ജൂലൈ 7 ) ഉച്ചകഴിഞ്ഞു 2: 00 മുതൽ ഡെർബിയിലെ ബർട്ടൻ റോഡിലുള്ള സെൻ്റ് ജോസഫ്‌സ് കാതോലിക്കാ ദേവാലയത്തിൽ വച്ച് നടക്കുന്നു. ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും സീറോ മലബാർ സഭയിൽനിന്നുള്ള ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെയും ഡെർബി മിഷന്റെ സ്വർഗീയ മധ്യസ്ഥനായ വി. ഗബ്രിയേൽ മാലാഖയുടെയും തിരുനാൾ ഈ വർഷം മുതൽ സംയുക്തമായാണ് ആചരിക്കുന്നത്. മുൻപ്, ഡെർബിയിലും ബർട്ടൻ ഓൺ ട്രെൻഡിലുമുണ്ടായിരുന്ന രണ്ടു വി. കുർബാന കേന്ദ്രങ്ങൾ ഒരുമിപ്പിച്ചാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഡെർബി മിഷൻ രൂപീകരിച്ചത്. മിഷനായതിനു ശേഷമുള്ള ആദ്യ തിരുനാളെന്ന പ്രത്യേകതയും ഈ വർഷത്തെ തിരുനാളിനുണ്ട്.
ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് സെൻറ് ജോസഫ്‌സ് പള്ളി വികാരി റെവ. ഫാ. ജോൺ ട്രെഞ്ചാർഡ് കൊടി ഉയർത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാവും. തുടർന്ന് പ്രസുദേന്തി വാഴ്ചയുടെ പ്രാർത്ഥനാശുശ്രുഷകൾ നടക്കും. പത്തു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കു മിഷൻ ഡയറക്ടർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യകാർമ്മികനാകും. നോട്ടിംഗ്ഹാം രൂപതയിലെ ക്ലിഫ്ടൺ കോർപ്പസ് ക്രിസ്തി പള്ളിവികാരി റെവ. ഫാ. വിൽഫ്രഡ് പെരേപ്പാടൻ എസ്. സി. ജെ. തിരുനാൾ സന്ദേശം നൽകും. വി. കുർബാനയെത്തുടർന്നു വിശുദ്ധരോടുള്ള ലദീഞ്ഞു പ്രാർത്ഥന, തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന സ്നേഹവിരുന്നോടുകൂടിയാണ് തിരുനാൾ കർമ്മങ്ങൾക്ക് സമാപനമാകുന്നത്.
തിരുക്കർമ്മങ്ങളുടെ സമാപനത്തിൽ കുട്ടികളുടെ അടിമസമർപ്പണ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. കഴുന്ന് എഴുന്നള്ളിച്ചു പ്രാർത്ഥിക്കുന്നതിനും വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് ചുംബനത്തിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വോളണ്ടിയേഴ്സ്സിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും വാഹനങ്ങൾ അനുവദിച്ചിട്ടുള്ള സ്ഥലത്തുമാത്രം പാർക്കുചെയാനും ഏവരും ശ്രദ്ധിക്കേണ്ടതാണ്. തിരുനാളിനൊരുക്കമായി തിരുനാൾ പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ നടന്നു വരുന്നു.
മിഷൻ ഡയറക്ടർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരൻമാർ, പ്രസുദേന്തിമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ, വിമെൻസ് ഫോറം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഡെർബിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും തിരുനാളിൽ പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി സ്നേഹത്തോടെ ക്ഷണിക്കുന്നു. തിരുനാൾ നടക്കുന്ന ദൈവാലയത്തിൻ്റെ അഡ്രസ്: St. Joseph’s Roman Catholic Church, Burton Road, Derby, DE 1 1TJ.
Leave a Reply