ന്യൂഡൽഹി: കേരളത്തിൽനിന്നു കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യപ്രകാരമാണു നോട്ടീസ്. മൂന്നു മാസം മുന്‍പു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീടു കാണാതായെന്നു കാട്ടി മാതാവ് ജർമൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നു കാട്ടിയാണു മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയത്.
പരാതി ഡിജിപിക്കു കൈമാറി. ശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. ലിസ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലിസയ്ക്കൊപ്പം വിമാനമിറങ്ങിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ചു പോലീസിനു വിവരമില്ല. ഇയാൾ മാർച്ചിൽ കൊച്ചിയിൽനിന്നു തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം. ലിസയ്ക്കായി മതപാഠശാലകളിലും മറ്റും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായത്തോടെ യെലോ നോട്ടീസ് പുറത്തിറക്കിയത്.
Leave a Reply