ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. പ്രളയക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 55 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഴക്കെടുതിയില്‍ അസമില്‍ മാത്രം 20 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാസിരംഗ ദേശീയ പാർക്കിൽ ഇതുവരെ 30 മൃഗങ്ങൾ ചത്തൊടുങ്ങി. ഉയരമുള്ള സ്ഥലത്തേക്ക് മൃഗങ്ങളെ നേരത്തെ മാറ്റിയെങ്കിലും ജലനിരപ്പ് ഉയരുന്നത് ഇവയുടെ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്രഹ്മപുത്ര, കോസി, കമല, ഗംഗ തുടങ്ങിയ നദികള്‍ കര കവിഞ്ഞതോടെ അസം, ബിഹാർ, യുപി സംസ്ഥാനങ്ങളിലെ നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അസമിൽ ഒരു ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടവരെ വ്യോമമാർഗ്ഗം രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അസമിലെ 33 ജില്ലകളിൽ 30 ഉം പ്രളയബാധിതമാണ്. വീടുകളും കെട്ടിടങ്ങളും തകർന്നു.
ബിഹാറിലെ 13 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ബിഹാറിൽ മാത്രം 33 പേരാണ് മരിച്ചത്. സീതാമാർഹി, അരാരിയ ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്പത് വർഷത്തിനിടെ ബിഹാര്‍ നേരിടുന്ന വലിയ പ്രളയമാണിത്. സംസ്ഥാനത്ത് 199 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെന്ന് ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാർ നിയമസഭയെ അറിയിച്ചു. 26 കമ്പനി ദുരന്തനിവാരണ സേനാംഗങ്ങൾ സംസ്ഥാനത്ത് രക്ഷപ്രവർത്തനം നടത്തുന്നു. എന്നാൽ പ്രളയം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. രക്ഷാപ്രവർത്തനങ്ങൾ കാര്യമല്ലെന്ന് ആരോപിച്ച് ജനങ്ങൾ പലയിടങ്ങളിലും പ്രതിഷേധിച്ചു.
ഉത്തർപ്രദേശിൽ മഴയിലും മിന്നലിലും മരണ സംഖ്യ 14 ആയി. മിസോറാമിലും മേഘാലയിലും ത്രിപുരയിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. രക്ഷപ്രവർത്തനത്തിന് കൂടുതൽ സേനയെ അയക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കാൻ ദില്ലിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പ്രളയക്കെടുതി നേരിടാൻ കേന്ദ്രസർക്കാർ 251 കോടിയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply