തിരുവനന്തപുരം: രാഖി തന്റെ വിവാഹം മുടക്കാന്‍ നിരന്തരം ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിലിന്റെ മൊഴി. ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഭ്യര്‍ഥിച്ചിട്ടും കേള്‍ക്കാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്നും അഖില്‍ മൊഴി നല്‍കിയതായി പൊലീസ്. കസ്റ്റഡിയിലുള്ള അഖിലിനെ അമ്പൂരിലെ വീട്ടില്‍ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. രാഖിയുടെ കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രാഖിയുടെ വസ്ത്രങ്ങള്‍ കൊലപാതകത്തിന് ശേഷം കത്തിച്ചു കളഞ്ഞു എന്നാണ് അഖില്‍ പറയുന്നത്. അഖിലിനെ മാത്രമാണ് ഇന്ന് അമ്പൂരിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. അഖിലിനെ എത്തിച്ചതും നാട്ടുകാര്‍ തടിച്ചുകൂടി സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്.
ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്നും കല്യാണം മുടക്കരുതെന്നും അഖില്‍ രാഖിയോട് ആവശ്യപ്പെട്ടു. എന്നാല്‍, രാഖി ഇത് സമ്മതിച്ചില്ല. ഒന്നിച്ച് ജീവിക്കണമെന്ന് അഖിലിനോട് രാഖി ആവശ്യപ്പെട്ടു. അഖിലിന്റെ പ്രതിശ്രുത വധുവിനോട് കല്യാണത്തില്‍ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് രാഖി വാട്‌സ്ആപ് വഴി സന്ദേശം അയച്ചിരുന്നു. ഇതുകൂടാതെ കോളേജില്‍ എത്തി രാഖി നേരിട്ട് പെണ്‍കുട്ടിയോട് അഖിലുമായുള്ള കല്യാണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇതിലെല്ലാം പക പൂണ്ടാണ് അഖില്‍ രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. രാഖി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അഖില്‍ പറയുന്നു.
കൊല നടത്താനായി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖി കാറില്‍ കയറിയത്. കാറില്‍ വച്ചും രാഖിയോട് ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഖില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാഖി സമ്മതിച്ചില്ല. നിന്നെ കൊല്ലട്ടെ എന്ന് രാഖിയോട് ചോദിച്ചപ്പോള്‍ കൊന്നോളാന്‍ രാഖി പറഞ്ഞുവെന്നും പൊലീസിനോട് അഖില്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൈ ഉപയോഗിച്ച് ആദ്യം കഴുത്ത് ഞെരുക്കി. അതിനുശേഷം കാറിന്റെ സീറ്റ് ബെല്‍റ്റിട്ട് കഴുത്ത് കുരുക്കി. അപ്പോഴെല്ലാം രാഖി എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും കേള്‍ക്കാന്‍ താന്‍ തയ്യാറായില്ല എന്ന് അഖില്‍ പറയുന്നു. എന്തുകൊണ്ടാണ് രാഖി പറഞ്ഞത് കേള്‍ക്കാതിരുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ കൈവച്ച് പോയതുകൊണ്ട് തീര്‍ത്തുകളയാമെന്ന് തീരുമാനിച്ചു എന്നാണ് അഖില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.
Leave a Reply