ആന്ധ്രയിലെ മയക്കുമരുന്നു കച്ചവടക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുപ്രസിദ്ധ മയക്കുമരുന്നു കടത്തുകാരന് ‘ജികെ’ എന്ന ജോര്‍ജുകുട്ടിയെ എക്സൈസ് സംഘം പിടിച്ചത് അതി സാഹസികമായി. കാറിന്റെ അടി ഭാഗത്ത് പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 20 കിലോ ഹഷീഷ് ഓയിലുമായി തിരുവനന്തപുരത്ത് കോവളം – കഴക്കൂട്ടം ബൈപാസിൽ എക്സൈസ് പിടികൂടുകയും, പിന്നീട് തെളിവെടുപ്പിനിടെ ബെംഗളൂരില്‍വച്ച് എക്സൈസിനെ ആക്രമിച്ച് രക്ഷപ്പെടുകയും ചെയ്ത ജോര്‍ജുകുട്ടിയെ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വലയിലാക്കിയത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പിസ്റ്റല്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്കു നേരെ ജോര്‍ജുകുട്ടി നാല് റൗണ്ട് വെടി ഉതിർത്തു. കാലിൽ മാരകമായി പരുക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ച ചരിത്രമുള്ളയാളാണ് ജോര്‍ജുകുട്ടി.
ഒരു മാസം മുന്‍പ് ബെംഗളൂരിലെ തെളിവെടുപ്പിനിടെ ജോര്‍ജുകുട്ടി രക്ഷപ്പെട്ടതിന്റെ നാണക്കേടിലായിരുന്നു എക്സൈസ്. ജോര്‍ജുകുട്ടിയെ പിടികൂടണമെന്ന് ഉറപ്പിച്ച് ഒരു ടീം ബെംഗളൂര് കേന്ദ്രമാക്കി അന്വേഷണം തുടര്‍ന്നു. ബെംഗളൂര് നഗരത്തിലെ ചേരികള്‍ക്കുള്ളിലാണ് ജോര്‍ജ്കുട്ടിയുടെ താമസം. ആന്ധ്രയില്‍നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ഒളിപ്പിക്കുന്നതും ഈ ചേരികളിലാണ്. വലിയ കച്ചവടങ്ങള്‍ക്കല്ലാതെ ജോര്‍ജ്കുട്ടി പുറത്തേക്ക് വരില്ല. മയക്കുമരുന്ന് മാഫിയയുടെ കണ്ണുവെട്ടിച്ച് ചേരികള്‍ക്കുള്ളിലേക്ക് കയറാനും കഴിയില്ല.
മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ ജോര്‍ജ്കുട്ടിയുടെ നീക്കങ്ങള്‍ അറിയാനും പ്രയാസമായിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് ജോര്‍ജ്കുട്ടി 27ന് ആന്ധ്രയില്‍നിന്ന് ബെംഗളൂരിലെത്തിയ വിവരം എക്സൈസ് ഇന്‍സ്പെക്ടര്‍ അനികുമാറിനു ലഭിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ശരിയാണെന്നു ബോധ്യമായി. പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനു സഹായിച്ച, ബെംഗളൂരിൽ ഒളിത്താവളം ഒരുക്കിയ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് ബെംഗളൂരുവില്‍നിന്ന് മംഗലാപുരത്തേക്ക് ഇയാള്‍ പൊകുന്നതായി വിവരം ലഭിച്ചു. യാത്ര കേരളത്തിലേക്കാണെന്ന് എക്സൈസ് ഉറപ്പിച്ചു. മലപ്പുറത്ത് വണ്ടൂരില്‍ ഇയാള്‍ക്ക് വീടുണ്ടെന്ന് എക്സൈസിന് നേരത്തെ അറിയാം. രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളുമാണ് വീട്ടിലുള്ളത്. തിരുവനന്തപുത്തുനിന്നും ഒരു എക്സൈസ് ടീം മലപ്പുറത്തേക്ക് എത്തി. മലപ്പുറത്തെ എക്സൈസിലെ ഉദ്യോഗസ്ഥരും ഒപ്പം ചേര്‍ന്നു.
ജോര്‍ജുകുട്ടിയുടെ വീട് പാറയുടെ മുകളിലാണ്. ഒരു കോളനിയിലെ 25ഓളം വീടുകള്‍ കടന്നുവേണം വീട്ടിലേക്ക് പോകാന്‍. ആളനക്കം കേട്ടാല്‍ പാറയുടെ മുകളിലുള്ള ജോര്‍ജ്കുട്ടിക്ക് രക്ഷപ്പെടാന്‍ കഴിയും. അതിനാല്‍ തിരച്ചില്‍ രാത്രി 12 മണിക്കാക്കി. കോളനിയിലെ എല്ലാവരും ഉറങ്ങിയതിനുശേഷം എക്സൈസ് സംഘം വീട് വളഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളിലേക്ക് കയറിയതും ജോര്‍ജ്കുട്ടി അടുക്കളഭാഗത്തേക്ക് ഓടി. 8 അംഗ എക്സൈസ് സംഘത്തിനുനേരെ 4 തവണ നിറയൊഴിച്ചു. പിന്നീട് അടുക്കളയ്ക്ക് പിന്നിലുള്ള കുഴിയിലേക്ക് ചാടി. എക്സൈസ് ഇൻസ്പെക്ടർ മനോജിനു കാലിനു വെടിയേറ്റെങ്കിലും എക്സൈസ് സംഘവും കുഴിയിലേക്ക് ചാടി ബലപ്രയോഗത്തിലൂടെ ജോര്‍ജ്കുട്ടിയെ കസ്റ്റഡിയിലെടുത്തു. 13 വെടിയുണ്ടകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തു. തോക്ക് ഡല്‍ഹിയില്‍നിന്ന് വാങ്ങിയതാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം.
കോട്ടയം ജില്ലയിൽ ഓണംതുരുത്താണ് ജോർജ്കുട്ടിയുടെ സ്വദേശം. ആദ്യം ചെറിയ രീതിയില്‍ മയക്കുമരുന്നു കച്ചവടം തുടങ്ങി പിന്നീട് ആന്ധ്രയില്‍നിന്ന് മയക്കു മരുന്നെത്തിക്കുന്ന പ്രധാന കടത്തുകാരനായി. പോലീസ് ഓഫീസറെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയായ ഇയാൾക്ക് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്.
ഇപ്പോൾ ബെംഗളൂരിലേക്ക് താമസം മാറിയ ജോർജ്കുട്ടിക്ക് ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ട്. ബെംഗളൂരിൽ വൻതോതിൽ ഹഷീഷും കഞ്ചാവും ചരസ്സും എത്തിച്ച ശേഷം കൂട്ടാളികൾ വഴി കേരളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് ജോര്‍ജുകുട്ടിയുടെ പതിവ്. സാധാരണ കേരളത്തിലേക്ക് വരാത്ത ജോർജ്കുട്ടി വലിയ ഇടപാടുകള്‍ക്കേ കേരളത്തിലേക്ക്് വരൂ. അത്തരം ഇടപാടിനു കോവളത്തെത്തിയപ്പോഴാണ് എക്സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന തല എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയതും പിന്നീട് തെളിവെടുപ്പിനിടെ രക്ഷപ്പെട്ടതും.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനികുമാര്‍, എക്സൈസ് ഇൻസ്പെക്ടർമാരായ പ്രദീപ് റാവു, കെ.വി.വിനോദ്, ടി.ആര്.മുകേഷ് കുമാര്‍, കൃഷ്ണകുമാര്‍, സജിമോന്‍, മനോജ് കുമാര്‍, പ്രിവൻറ്റീവ് ആഫീസർ എസ്. മധുസൂദനന് നായര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.ജാസിം, സുബിന് എസ് മുഹമ്മ.
Leave a Reply