തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ അർനബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി ചാനൽ പൂട്ടിക്കുമെന്ന് പറഞ്ഞ് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവുമായ ഷാ ഫൈസൽ. ജമ്മു കശ്മീരിൽ ഉടലെടുത്ത അസാധാരണമായ രാഷ്ട്രീയ സംഭവവികാസങ്ങളെ പറ്റിയുള്ള റിപ്പബ്ലിക് ടി.വി ചാനൽ ചർച്ചക്കിടെയാണ് ഷാ ഫൈസൽ ഇങ്ങനെ പറഞ്ഞത്. റിപ്പബ്ലിക്ക് ടി.വി സ്ഥാപകനും അവതാരകനുമായ അർനബ് ഗോസ്വാമി ഫൈസലിനെ രാജ്യദ്രോഹിയെന്ന് ആരോപിക്കുകയും അമേരിക്കയിലേക്ക് പൊയ്ക്കൊള്ളുവാൻ പറയുകയും ചെയ്തതിനെ തുടർന്നാണ് ഫൈസൽ ഇങ്ങനെ പ്രതികരിച്ചത്.
“താങ്കൾ ഇന്ത്യയോട് ഒപ്പമാണോ അതോ എതിരണോ” എന്ന് ഫൈസലിനോട് ചോദിച്ചാണ് റിപ്പബ്ലിക് ടി.വിയിൽ കഴിഞ്ഞ ദിവസം ഗോസ്വാമി തന്റെ ചർച്ച ആരംഭിച്ചത്. “നിങ്ങളുടെ നിലപാടുകൾ വ്യക്തമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ ഇന്ത്യയ്ക്കെതിരാണെങ്കിൽ പരസ്യമായി പറയുക. ” എന്നായിരുന്നു ഗോസ്വാമിയുടെ ചർച്ചയിലെ നിലപാട് .
ഇതിന് മറുപടിയായി, ഗോസ്വാമി കശ്മീരിന്റെ ചരിത്രം ശരിയായി വായിച്ചിട്ടുണ്ടോ അല്ലെങ്കിൽ കശ്മീർ താഴ്വരയിലെ പ്രാദേശിക സംസ്കാരം മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ഫൈസൽ പറഞ്ഞു. ഫൈസലിന്റെ ഈ മറുപടി ഗോസ്വാമിയെ ചൊടിപ്പിച്ചു ഇന്ത്യൻ സർക്കാർ പണ്ട് ഫൈസലിനെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതല്ലേ എന്ന് ഗോസ്വാമി തിരിച്ചടിക്കാൻ ശ്രമിച്ചു.
എന്നാൽ ഗോസ്വാമിയുടെ വാദം നിഷേധിച്ച ഫൈസൽ, ഇന്ത്യൻ സർക്കാർ തന്നെ എങ്ങും പറഞ്ഞയിച്ചിട്ടില്ലെന്നും തന്റെ യു.എസ് സന്ദർശനം ഒരു കൈമാറ്റ പരിപാടിയുടെ ഭാഗമായിരുന്നുവെന്നും ചർച്ചയിൽ വ്യക്തമാക്കി. ഉത്തരം മുട്ടിയ ഗോസ്വാമി ഫൈസലിനെ രാജ്യദ്രോഹിയെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു, ഫൈസലിന്റെ കൂറ് അമേരിക്കയോടാണ് എന്നും ഗോസ്വാമി ആരോപിച്ചു.
ചർച്ച കൂടുതൽ വഷളാവുകയും തുടർന്ന് ഇന്ത്യ വിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ഗോസ്വാമി ഫൈസലിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു മറുപടി ആയാണ്, “ഞാൻ അധികാരത്തിൽ വരുന്ന ദിവസം നിങ്ങളുടെ ചാനൽ പൂട്ടിക്കും.” എന്ന് ഫൈസൽ പറഞ്ഞത്.
Leave a Reply