2017ൽ ലണ്ടൻ ബ്രിഡ്ജിൽ നടന്ന തീവ്രവാദി ആക്രമണം ഇന്നും ഒരു ഞെട്ടലോട് മാത്രമേ ഓർക്കാൻ കഴിയൂ. ലണ്ടൻ ബ്രിഡ്ജിലെ വഴിയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ഈ കേസിനോടുള്ള സർക്കാരിൻെറ സമീപനവും തികച്ചും വ്യത്യസ്തമായിരുന്നു. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നിയമസഹായം നൽകുന്നതിന് പകരം തീവ്രവാദികളുടെ കുടുംബങ്ങൾക്കാണ് സർക്കാർ നിയമസഹായം നൽകിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഓസ്ട്രേലിയൻ നേഴ്സ് ക്രിസ്റ്റി ബോഡൻെറ സുഹൃത്ത് ജെയിംസ് ഹോഡൻ ആണ് സർക്കാരിൻെറ ഈ നിലപാടിനെതിരെ പ്രതിഷേധിക്കുന്നത്. 2017 ജൂണിൽ ഐഎസ്ഐഎസ് അനുയായികളുടെ ആക്രമണത്തിലാണ് ക്രിസ്റ്റി കൊല്ലപ്പെട്ടത്. സർക്കാരിൻെറ ഭയാനകമായ ഈ നിയമപ്രക്രിയയ്ക്ക് മാറ്റമുണ്ടാവണമെന്ന് ജെയിംസ് ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന മാഞ്ചസ്റ്റർ ബോംബാക്രമണത്തിൻെറ അന്വേഷണങ്ങളിൽ ഇത്തരം രീതികൾ ആവർത്തിക്കാതിരിക്കാനായി ജെയിംസ് നടത്തുന്ന പ്രചാരണത്തിന് 250000ത്തിൽ അധികം ആളുകളുടെ പിന്തുണയുണ്ട്. ആക്രമണത്തിന് നേതൃത്വം നൽകിയ ഖുറാം ബട്ടിൻെറ വിധവയ്ക്ക് എല്ലാവിധ നിയമസഹായങ്ങളും ലഭിക്കുകയുണ്ടായി. “അവർക്ക് സഹായം നല്കരുതെന്നല്ല ; എന്തുകൊണ്ട് ആക്രമണത്തിനിരയായവരുടെ കുടുംബത്തിന് നിയമസഹായം ലഭിക്കുന്നില്ല എന്നതാണ് എൻെറ ചോദ്യം. ” ജെയിംസ് പറഞ്ഞു. നിയമസഹായ അപേക്ഷ നടപടിക്രമം ഭയാനകമാണെന്നും 32കാരനായ ജെയിംസ് പറഞ്ഞു. ക്രിസ്റ്റിയുമായുള്ള ബന്ധത്തിൻെറ തെളിവായി ഫേസ്ബുക് ചിത്രങ്ങൾ അടക്കമുള്ളവ നൽകേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായത്തോടെ നിയമപരമായ പ്രാതിനിധ്യം സർക്കാർ നൽകണമെന്നാവശ്യപ്പെടുന്ന അദ്ദേഹത്തിൻെറ നിവേദനത്തിൽ 250000ത്തിൽ അധികം ആളുകൾ ഒപ്പുവെച്ചു.
ഫ്രാൻസിൽ, ഭീകരാക്രമണ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ധനസഹായം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എംപി സ്റ്റീഫൻ ലോയിഡ് ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക്ലാൻഡിന് കത്തയച്ചു. ” നിയമസഹായം ഫ്രാൻസിൽ നല്കുന്നുണ്ടെങ്കിൽ യുകെയിലും അതാവാം. ഭരണകൂടത്തിന്റെ കടമ അതിന്റെ പൗരന്മാരെ പരിപാലിക്കുക എന്നതാണ്. ” ഇൻഡിപെൻഡൻന്റിനോട് അദ്ദേഹം പറയുകയുണ്ടായി. മാഞ്ചസ്റ്റർ ബോംബാക്രമണത്തിന്റെ വിചാരണ നടന്നുവരുന്നു. ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ചില കുടുംബങ്ങൾ, ലീഗൽ എയ്ഡ് ഏജൻസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിലെ ബുദ്ധിമുട്ടുകളെകുറിച്ച് ആശങ്കാകുലരാണെന്ന് കഴിച്ച ആഴ്ച നടന്ന പ്രാഥമിക ഹിയറിങ്ങിൽ നിന്ന് അറിയുവാൻ കഴിഞ്ഞു.
Leave a Reply