മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ഡല്‍ഹിയുടെ ആദ്യ വനിത മുഖ്യമന്ത്രിയെന്ന നിലയിലും ഹരിയാനയിലെ പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന നിലയിലും ചരിത്രത്തില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഷമ സ്വരാജ്. ബി.ജെ.പിയുടെ ശക്തയായ വനിതാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു സുഷമ സ്വരാജ്.

2014 മുതല്‍ 2019 വരെ ആദ്യ മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. 1977 മുതല്‍ 1980 വരെ ജനത പാര്‍ട്ടി സര്‍ക്കാരിനും കേന്ദ്രമന്ത്രിസ്ഥാനം അലങ്കരിച്ചു. 2000 മുതല്‍ 2003 വരെ വാജ്‌പേയി മന്ത്രിസഭയില്‍ വിവര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല.

2016ല്‍ സുഷമ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 2019 ലെ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടു നിന്നു. ഹരിയാന അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തു. 1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവര്‍ 1990ല്‍ രാജ്യസഭാംഗമായി. 1998ല്‍ ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്സഭയിലെത്തിയതു സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയില്‍ നിന്നായിരുന്നു ലോക്സഭാ വിജയം. ഹരിയാനയിലെ കര്‍ണാല്‍ ലോക്സഭാ മണ്ഡലത്തില്‍ ’80, ’89 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്. രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രി.