ഡെറാഡൂണ്‍; 485cr രൂപയുടെ ബിറ്റ്‌കോയിന്‍ സ്വന്തമാക്കാന്‍ ബിസിനസ് പങ്കാളികള്‍ ചേര്‍ന്ന് മലയാളി യുവാവിനെ കൊലപ്പെടുത്തി. ഡെറാഡൂണില്‍വച്ചാണ് കൊലപാതകം. മലപ്പുറം വടക്കന്‍ പാലൂര്‍ മേലേപീടിയേക്കല്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ (25) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കളുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷുക്കൂര്‍ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷിഖ്, ആര്‍ഷാദ്, യാസിന്‍, റിഹാബ്, മുനീഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തില്‍ പത്ത് പേര്‍ ഉണ്ടെന്നാണ് സൂചന. ഇവരെല്ലാം മലയാളികളാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കാസര്‍ഗോഡ് കേന്ദ്രീകരിച്ചാണ് ഷുക്കൂര്‍ ബിസിനസ് നടത്തിവന്നത്. ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് തുടങ്ങി. നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഷുക്കൂര്‍ ഡെറാഡൂണില്‍ വിദ്യാര്‍ത്ഥിയായ യാസിന്റെ അടുത്തേക്ക് പോയി. ബിസിനസ് പങ്കാളികളായ മറ്റ് ഒമ്പതും പേരും ഷുക്കൂറിനൊപ്പമുണ്ടായിരുന്നു.

ഷുക്കൂറിന്റെ കൈവശം കോടികള്‍ മൂല്യമുളള ബിറ്റ്‌കോയിന്‍ ഉണ്ടെന്നും ഇതിന്റെ പാസ് വേര്‍ഡ് സ്വന്മാക്കിയാല്‍ പണം കൈക്കലാക്കാമെന്നും ആഷിഖും സുഹൃത്തുക്കളും കണക്കുകൂട്ടി. തുടര്‍ന്ന് യാസിന്റെ വീട്ടില്‍വെച്ച് ഷുക്കൂറിന് ക്രൂരമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം തുടര്‍ച്ചയായ മര്‍ദ്ദനം ഉണ്ടായി. ഷുക്കൂര്‍ അവശനായപ്പോള്‍ അഞ്ച് പേര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ ഷുക്കൂര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ അഞ്ച് പേരും മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

പൊലീസ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
മൃതദേഹം ഡെറാഡൂണില്‍ നിന്നും വിമാനമാര്‍ഗ്ഗം ഡെല്‍ഹി വഴി നാട്ടിലേത്തിക്കാനാണ് തീരുമാനം. ഷുക്കൂറിന്റെ ബന്ധുക്കള്‍ ഡെറാഡൂണിലെത്തിയിട്ടുണ്ട്.