ജാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികൻ തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി ജോൺ വടക്കേടത്തു പറമ്പിൽ പൊലീസ് കസ്റ്റഡിയിലെയും ജയിലിലെയും ദുരിതങ്ങളെക്കുറിച്ചു പറയുന്നു

ഭഗൽപുർ രൂപതയുടെ കീഴിലുള്ള രാജധ മിഷനിൽ ഒന്നര വർഷമായി ഞാൻ വൈദികനാണ്. 2010ൽ ആണു മിഷൻ സ്ഥാപിക്കുന്നതിനായി രൂപത ഇവിടെ 22 ഏക്കർ സ്ഥലം വാങ്ങിയത്. ഒന്നര മാസം മുൻപ്, ചിലർ ഇവിടെ എത്തി മതിൽ തകർത്തു. ഈ സമയം പ്രധാന വികാരിയും അസി. വികാരിയും അവധിയിലായിരുന്നു. മതിൽ തകർത്തവരുടെ ഭാഷ എനിക്കറിയില്ല. സ്ഥലം വിട്ടുതരില്ലെന്നും നിർമാണം നടത്താൻ അനുവദിക്കില്ലെന്നുമൊക്കെ അവർ ഉച്ചത്തിൽ പറഞ്ഞു. തൊട്ടു പിന്നാലെ ഇവർ ഗൊദ്ദ ജില്ലയിലെ ദേവദാദ് പൊലീസ് സ്റ്റേഷനിൽ എനിക്കെതിരെ പരാതി നൽകി. പൊലീസ് എന്നെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു.

ഭാഷ അറിയാത്തതിനാൽ, ഇടവകാംഗങ്ങളായ ജാർഖണ്ഡ് സ്വദേശികൾ മുന്ന ഹസ്ത, ചാർളി എന്നിവരുമൊത്താണു സ്റ്റേഷനിലെത്തിയത്. സ്ഥലം വാങ്ങിയതു സംബന്ധിച്ച എല്ലാ രേഖകളും പൊലീസിനെ കാട്ടി. ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു കേസെടുത്തില്ല.

ഈ മാസം 3 ന് അവിടത്തെ പ്രധാന മാധ്യമത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചു. ഞാൻ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വാർത്ത. ആറാം തീയതി രാവിലെ കുർബാനയ്ക്കു ശേഷം പുറത്തിറങ്ങുമ്പോൾ പൊലീസ് വന്നു. ഗൊദ്ദ ജില്ലയിലെ എസ്പിയുടെ മുന്നിലെത്തണമെന്നും എസ്പിക്കു സംസാരിക്കണമെന്നും പറഞ്ഞു. ഞാനും മുന്നയും കൂടി പൊലീസുകാർക്കൊപ്പം പോയി. ദേവദാദ് പൊലീസ് സ്റ്റേഷനിൽ എത്തി. രാവിലെ 8 മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെ ഞങ്ങളിരുവരെയും സ്റ്റേഷനിലിരുത്തി. തുടർന്ന് എസ്പി ഓഫിസിലെത്തിച്ചു.

പ്രവേശന കവാടത്തിൽ വച്ചു കൈവിലങ്ങ് അണിയിച്ച്, കറുത്ത തുണി കൊണ്ടു തലകൾ മൂടിയ ശേഷമാണ് എസ്പിയുടെ മുന്നിലെത്തിച്ചത്. എസ്പി, മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി. മതപരിവർത്തനത്തിന്റെ പേരിൽ 2 പേരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞു. കറുത്ത തുണി മാറ്റി ഞങ്ങളുടെ ചിത്രം പകർത്താൻ എസ്പി മാധ്യമങ്ങൾക്ക് അവസരമൊരുക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസുകാർ ഞങ്ങളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെ കാണിക്കാതെ ചീട്ടെഴുതി വാങ്ങിയ ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി. വൈദ്യപരിശോധന നടത്തിയില്ലെന്നു മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം പൊലീസിനോടു ചൂടായി. ഹൃദ്രോഗിയാണെന്നും പേസ്മേക്കറിന്റെ സഹായത്തോടെയാണു ജീവിക്കുന്നതെന്നും മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, ജയിലിൽ നല്ല സൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ റിമാൻഡ് ചെയ്തു. ജയിലിലെത്തിച്ച് ഏഴാം ദിനം എനിക്ക് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടു. ജയിലിലെ കംപൗണ്ടർ എത്തി എന്റെ തുടയിൽ വേദനസംഹാരി കുത്തിവച്ചു. കുഴഞ്ഞു വീണു. ഞായറാഴ്ചയായപ്പോൾ ‌നില വഷളായി. എന്നിട്ടും എന്നെ ആശുപത്രിയിലെത്തിക്കാൻ ഇവർ തയാറായില്ല.

‘‘മരണത്തിന്റെ വക്കിലായിരുന്നു ഞാൻ. നെഞ്ചുവേദന എടുക്കുന്നുവെന്നും ആശുപത്രിയിലെത്തിക്കണമെന്നും മരിച്ചു പോകുമെന്നും കരഞ്ഞു പറഞ്ഞപ്പോൾ പനിക്കുള്ള ഗുളിക മാത്രമാണു നൽകിയത്. പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന എന്നെ ചികിത്സിച്ചത് ജയിലിലെ കംപൗണ്ടറായിരുന്നു. ജയിലിൽ നിന്നു 2 മിനിറ്റ് യാത്ര മാത്രമേ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. പക്ഷേ, ആശുപത്രിയിലെത്തിക്കാതെ എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അവരുടെ ഉദ്ദേശ്യം. നല്ലവനായ ജയിലർ ഇടപെട്ടതിനാലാണു ഞാൻ രക്ഷപ്പെട്ടത്.

ജയിലർ മുണ്ട സാഹിബ് ഇടപെട്ടാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർ എന്നെ അഡ്മിറ്റ് ചെയ്തു. ഞാൻ ഛർദിച്ച് അവശനായി. പിറ്റേന്നു ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിക്കാനായിരുന്നു എസ്പിയുടെ നീക്കം. തിങ്കളാഴ്ച വൈകിട്ട് ജാമ്യം ലഭിച്ചു. ലാൽമട്ടിയയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലാണിപ്പോൾ. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്താനാണ് ആലോചന.

ഇതേ ആശുപത്രിയിൽ 2 വർഷം മുൻപാണ് എന്റെ ശരീരത്തിൽ പേസ് മേക്കർ ഘടിപ്പിച്ചത്. യാത്ര ചെയ്യാൻ കഴിയുന്ന സ്ഥിതിയെത്തുമ്പോൾ കൊച്ചിയിൽ എത്തിക്കാമെന്നു ഭഗൽപുർ ബിഷപ് കുര്യൻ വലിയകണ്ടത്തിൽ അറിയിച്ചിട്ടുണ്ട്. ഒരു പാട് പേർ എന്റെ മോചനത്തിനായി പ്രവർത്തിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് എന്നോടൊപ്പം നിന്നു. എല്ലാവരോടും നന്ദിയുണ്ട്…’’