കാണാമറയത്തായ ദേവിക എന്ന ദേവുവിന് വേണ്ടി ഒരു നാടു മുഴുവൻ പ്രാർഥനയോടെ. ഞായറാഴ്ച മൂന്നര വരെ ചേച്ചിമാർക്കും അമ്മയ്ക്കും കുഞ്ഞമ്മയ്ക്കും വല്യമ്മയ്ക്കുമൊപ്പം കളിച്ചും ചിരിച്ചും ഇരുന്നതാണ്. അവൾക്കായി നാടൊന്നാകെ പ്രാർഥനയോടെ കോളനി നിവാസികൾക്കൊപ്പം കണ്ണീരൊഴിയാതെ കാത്തിരിക്കുകയാണ്. ദേവിക പുഴയിൽ അകപ്പെട്ടുകാണും എന്ന നിഗമനത്തിലാണ് ഇന്നലെ തിരച്ചിൽ നടന്നത്. പനമരം പരിയാരം പൊയിൽ കാട്ടുനായ്ക്ക കോളനിയിലെ ബാബുവിന്റെയും മിനിയുടെയും 6 മക്കളിൽ ഏറ്റവും ഇളയ പെൺകുട്ടിയായാണ് ഒന്നര വയസ്സുകാരി ദേവിക.
ഞായർ വൈകിട്ട് മൂന്നരയോടെ മിനിയുടെ സഹോദരി സുനിതയുടെ അടുത്ത് കുട്ടികളെ നിർത്തി മിനി വിറകിന് പോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. സഹോദരിയുടെ അടുത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പുറത്തിറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു എന്ന് പറയപ്പെടുന്നു. കോളനിക്കാരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ആകമാനം തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ കോളനിയോടു ചേർന്നാണ് പനമരം വലിയ പുഴയുള്ളത്. കുട്ടി ഇടയ്ക്ക് അമ്മയോടും ചേച്ചിമാരോടുമൊപ്പം പുഴയിൽ പോകാറുള്ളതാണ്.
വീട്ടിൽ അമ്മയെ കാണാതായപ്പോൾ അമ്മയെത്തേടി പുഴയിൽ പോയതിനിടയിൽ കുത്തൊഴുക്കും ആഴവുമുള്ള പുഴയിൽ മുങ്ങിയതാകാം എന്ന സംശയത്തിലാണു നാട്ടുകാർ.വീടിനോടു ചേര്ന്നുള്ള പുഴയിലെ തിരച്ചിൽ ഇന്നലെ അവസാനിപ്പിച്ചു. കഴിഞ്ഞ ഞായർ വൈകിട്ടു മൂന്നരയോടെയാണു പരിയാരം കാട്ടുനായ്ക്ക കോളനിയിലെ ബാബുവിന്റെയും മിനിയുടെയും മകൾ ദേവികയെ കാണാതായത്.
പനമരം സി എച്ച് റസ്ക്യൂ ടീം, കൽപറ്റ തുർക്കി ജീവൻ രക്ഷാസമിതി, സെറ്റ് പിണങ്ങോട്ട്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നാലര കിലോമീറ്റർ ദൂരം സഞ്ചരിച്ച് പുഴയുടെ ഇരുവശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കാണാതായ ദേവിക പുഴയിൽ വീണതാകാം എന്ന സംശയത്തെ തുടർന്നാണ് കഴിഞ്ഞ 2 ദിവസമായി പുഴയിൽ തിരച്ചിൽ നടത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് മറ്റു രീതിയിലുള്ള അന്വേഷണങ്ങളും ആരംഭിച്ചു. കോളനി പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.ട്രൈബൽ വകുപ്പ് അനുവദിച്ച വീട് പണി പൂർത്തിയാകാത്തതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ഷെഡിലാണ് ബാബുവും കുടുംബവും താമസിക്കുന്നത്.
Leave a Reply