ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിലെങ്കിലും വിജയിക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി തങ്ങളുടെ പക്ഷത്തിന് ഗ്ലാമർ കൂട്ടുവാനും യുവാക്കളെ ആകർഷിക്കുവാനുമായി ഒരു ടിക്ടോക് താരത്തെയാണ് ബിജെപി രംഗത്തിറക്കുന്നത്. ആകെ 90 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ആദംപൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കുൽദീപ് ബിഷ്ണോയിക്കെതിരെ ടിൿടോക് തരംഗവും ടിവി താരവുമായ സോണാലി സിങ് ബിഷ്ണോയി താമര ചിഹ്നത്തിൽ മത്സരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ഇതേ മൺലത്തിൽ വെറും 6.9 ശതമാനം വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നത് കുൽദീപ് ബിഷ്ണോയ് തന്നെയായിരുന്നു. ഇദ്ദേഹം 47.1 ശതമാനം വോട്ട് നേടുകയുണ്ടായി. ഇതിന് തന്ത്രപൂർവ്വം തുളയിടുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
ബിഷ്ണോയ് ഹരിയാന ജൻഹിത് കോൺഗ്രസ് എന്ന പാർട്ടിയിലാണ് അന്ന് മത്സരിച്ചത്. ഈ പാർട്ടി 2016ൽ കോൺഗ്രസ്സുമായി ലയിക്കുകയുണ്ടായി. ബിഷ്ണോയി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ എതിരാളികളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമുണ്ടായിരുന്നു. അന്ന് 8.47 ശതമാനം വോട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി നേടിയത്. ഈ കണക്കുകൾ പ്രകാരം കോൺഗ്രസ്സിന് എളുപ്പത്തിൽ ജയിക്കാവുന്ന മണ്ഡലമാണ് ആദംപൂർ.
ഒരു നടിയാകാൻ കൊതിച്ചാണ് സോണാലി തന്റെ ടെലിവിഷൻ കരിയർ തുടങ്ങുന്നത്. ദൂരദർശനിൽ അവതാരകയായി കുറെക്കാലം ജോലി ചെയ്തു. പിന്നീട് സീ ടിവിയിലെ അമ്മ സീരിയലിലൂടെ പ്രശസ്തി നേടി. ഇന്ത്യ പാക് വിഭജനമായിരുന്നു സീരിയലിന്റെ വിഷയം.
സോഷ്യൽ മീഡിയയിലും ഇവർ താരമാണ്. ടിക്ടോക്കിലൂടെയാണ് സോണാലി കൂടുതൽ ജനപ്രീതി നേടിയത്. ബിജെപിയുടെ മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് കൂടിയാണിവർ. ബിജെപി ദേശീയ എക്സിക്യുട്ടീവ് കമ്മറ്റിയിലും അംഗമാണ്.
Leave a Reply