കോഴിക്കോട്∙ കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെ 6 പേരുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ െപാലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ വീട്ടിലെത്തിയാണ് പൊലീസ് ജോളിയെ കസ്റ്റഡിയിൽ എടുത്തത്. തുടർച്ചയായി ജോളിയെ െപാലീസ് ചോദ്യം ചെയ്തുവെങ്കിലും ഒന്നും വിട്ടുപറയുന്നില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ജ്വല്ലറി ജീവനക്കാരനായ ബന്ധുവിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സയനൈഡ് എത്തിച്ചുകൊടുത്ത യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങി.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. 2002 ഓഗസ്റ്റ് 22ന് ആയിരുന്നു കുടുംബത്തിലെ ആദ്യ മരണം. റിട്ട. അധ്യാപികയായ അന്നമ്മ തോമസ് രാവിലെ ആട്ടിൻസൂപ്പ് കഴിച്ചതിനു പിന്നാലെ ഛർദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു. 6 വർഷത്തിനു ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ് പൊന്നാമറ്റവും പിന്നീട് 3 വർഷത്തിനു ശേഷം ഇവരുടെ മകൻ റോയ് തോമസും മരിച്ചു. ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് കല്ലറകൾ പരിശോധിച്ച ശേഷം പൊലീസ് നൽകിയത്. അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹമെന്നതിനാൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കൾ.
റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം. റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമർശനത്തിനു വഴിവച്ചിരുന്നു.സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു.
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു.
മരിച്ചവരുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരനടക്കം സംഭവത്തിൽ മൂന്നുപേർ പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ െപാലീസ് തുടർച്ചയായി ചോദ്യം ചെയ്യുകയാണ്. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ആറുപേരും മരണത്തിനു െതാട്ടുമുൻപ് ആട്ടിൻസൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും െപാലീസ് സ്ഥിരീകരിച്ചു. റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയിൽ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.
മരണത്തിലെ സമാനതയാണു കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. മരണത്തിലെ ദുരൂഹതയും 6 മരണങ്ങൾ നടന്നിടത്തും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തി.
Leave a Reply