കാന്റർബറി: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് രൂപതാ ബൈബിൾ കലോത്സവ ഗ്രാൻഡ് ഫിനാലേക്കുള്ള യോഗ്യത തേടിയുള്ള ലണ്ടൻ റീജണൽ മത്സരങ്ങൾക്ക് കാന്റർബറി അക്കാദമി ഒരുങ്ങി. ലണ്ടൻ റീജണിലെ പതിനാറു മിഷനുകളിൽ/പ്രൊപോസ്ഡ് മിഷനുകളിൽ നിന്നായി അറുന്നൂറോളം കലാകാരന്മാർ തിരുവചനങ്ങൾക്ക് ദൃശ്യ, ശ്രവണ, നടന, നൃത്ത ആവിഷ്ക്കാരങ്ങളിലൂടെ തങ്ങളുടെ കലാവൈഭവം പുറത്തെടുക്കുമ്പോൾ 7 വേദികളിലായി ജീവൻ ത്രസിക്കുന്ന വചനാധിഷ്ഠിത കലാ വിസ്മയങ്ങൾ
അരങ്ങു വാഴും. വ്യക്തികളും, മിഷനുകളും ആവേശകരമായ തീ പാറുന്ന മത്സരങ്ങളാവും വേദിയിൽ പുറത്തെടുക്കുക.
ഫാ.ഹാൻസ് പുതിയാകുളങ്ങര MST ജനറൽ കോ-ഓർഡിനേറ്ററായും, ഡീക്കൻ. ജോയ്സ് പള്ളിക്കാമ്യാലിൽ ജോയിന്റ് കോ-ഓർഡിനേറ്ററായും ആയി വൈദികരുടെയും അത്മായരുടെയും നേതൃത്വത്തിൽ ലണ്ടൻ റീജണൽ ബൈബിൾ കലോത്സവത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ച് സജീവമായ പ്രവർത്തനങ്ങളിലാണ്. മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ബൈബിൾ കലോത്സവ മത്സരങ്ങളിൽ ബൈബിൾ വായന, പ്രസംഗം, ബൈബിൾ ക്വിസ്, സംഗീതം, പ്രസംഗം, മാർഗ്ഗംകളി, നൃത്തം, അഭിനയം, ചിത്രരചന, പെയിന്റിംഗ്, വിവിധരചനകൾ തുടങ്ങിയ ഇനങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 19 ന് ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 9:30 ന് ബൈബിൾ കലോൽത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്നതാണ്. തുടർന്ന് 10:00 മണിക്ക് 7 വേദികളിലായി മത്സരങ്ങൾ ആരംഭിക്കും.
മത്സരാർത്ഥികൾ സമയ ക്രമം കൃത്യമായി പാലിക്കേണ്ടതാണ്. ഏവരുടെയും സഹകരണവും, പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നതായി കമ്മിറ്റി അറിയിച്ചു.
കലോത്സവ വേദിയിൽ പ്രഭാത ഭക്ഷണം അടക്കമുള്ള ഭക്ഷണങ്ങൾ ലഭ്യമായിരിക്കും.
Leave a Reply