തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.
ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമയുടെ നിര്‍മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.
ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നതായാണ് സൂചന.
വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.
Leave a Reply