ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം സംസ്ഥാനവുമായുള്ള ആദ്യത്തെ വ്യാപാരക്കരാര്‍ ഒപ്പുവച്ചത് മലയാളി വ്യവസായി എം.എ യൂസഫലിയുടെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. സംസ്ഥാനത്തു നിന്നുള്ള ആപ്പിളുകള്‍ മൊത്തമായി വാങ്ങാനുള്ള കരാറിലാണ് ലുലു ഗ്രൂപ്പ് ഒപ്പുവച്ചത്.
വിഷയം ചര്‍ച്ച ചെയ്യാനായി കമ്പനി പ്രതിനിധികള്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിനെ കഴിഞ്ഞയാഴ്ച കണ്ടിരുന്നു. അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ സെക്രട്ടറി മന്‍സൂര്‍ അഹമ്മദുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഇരുപക്ഷവും ധാരണയിലെത്തിയത്.
കുങ്കുമം, തേന്‍, അരിയുല്‍പ്പനങ്ങള്‍ എന്നിവയും വാങ്ങാന്‍ സന്നദ്ധമാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ലുലുവിന്റെ യു.എ.ഇ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കാണ് ആപ്പിളുകള്‍ കയറ്റി അയക്കുക. ആദ്യഘട്ടത്തില്‍ 200 ടണ്‍ പഴങ്ങള്‍ കയറ്റി അയച്ചതായി ഗ്രൂപ്പ് അറിയിച്ചു. ആദ്യമായാണ് മദ്ധ്യേഷ്യയിലെ ഷോപ്പിങ് മാളുകളില്‍ കശ്മീരി ആപ്പിളുകള്‍ വില്‍പ്പനയ്ക്കെത്തുന്നത്. മദ്ധ്യേഷ്യയില്‍ മാത്രം ലുലുവിന് 180 ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്.
നേരത്തെ, യു.എ.ഇ സന്ദര്‍ശനത്തില്‍ ജമ്മു കശ്മീരില്‍ നിക്ഷേപമിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസി വ്യവസായികളോട് ആവശ്യപ്പെട്ടിരുന്നു. വ്യാപാര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീനഗറില്‍ ലോജിസ്റ്റിക് ഹബ് ആരംഭിക്കാമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു.
രാജ്യത്തെ മൊത്തം ആപ്പിളുകളുടെ 75 ശതമാനവും ഉത്പാദിപ്പിക്കുന്നത് കശ്മീരിലാണ്. മുപ്പത് ലക്ഷം പേര് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.
പ്രതിവര്‍ഷം എണ്ണായിരം കോടി രൂപ
20 ലക്ഷം മെട്രിക് ടണ്ണാണ് ഓരോ വര്‍ഷവും ശരാശരി കശ്മീരില്‍ നിന്ന് വിളവെടുക്കുന്നത്. 37 ലക്ഷം ഹെക്ടറില്‍ പടര്‍ന്നു കിടക്കുന്നതാണ് സംസ്ഥാനത്തെ ആപ്പിള്‍ കൃഷി. 33 ലക്ഷം പേരുടെ ജീവനോപാധിയായ കൃഷിയില്‍ നിന്ന് 8000 കോടി രൂപയാണ് വരുമാനം.
ഓഗസ്റ്റ് അഞ്ചിന് 370-ാം വകുപ്പ് എടുത്തു കളഞ്ഞ ശേഷം കേന്ദ്രസര്‍ക്കാര്‍ ആപ്പിള്‍ കൃഷിയെ മാര്‍ക്കറ്റ് ഇന്റര്‍വന്‍ഷന്‍ സ്കീമില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതു പ്രകാരം നാഫഡിനും കശ്മീര്‍ ഹോട്ടികോള്‍ച്ചര്‍ മാര്‍ക്കറ്റിങും കര്‍ഷകരില്‍ നിന്ന് ആപ്പിള്‍ ശേഖരിക്കും. സ്കീമില്‍ ഇതുവരെ 3000 പേര് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ മിക്ക കര്‍ഷകരും നാഫഡിന് ആപ്പിളുകള്‍ നല്കാന് മുന്നോട്ടുവരുന്നില്ല.
സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന് പുറമേ, ആപ്പിള്‍ വ്യാപാരികള്‍ക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദി ആക്രമണവും പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്.
Leave a Reply