പി. ഡി ബൗസാലി
ആഫ്രിക്കയെന്നു കേൾക്കുമ്പോൾ എപ്പോഴും “ഇരുണ്ട ഭൂഖണ്ഡ”മെന്ന വിശേഷണം മനസ്സിൽ തങ്ങി നിന്നിരുന്നു. നെൽസൺ മണ്ടേല ഒരിക്കൽ പറഞ്ഞു:” നിങ്ങൾ ഞങ്ങൾക്കു മോഹൻദാസ കരംചന്ദ്ഗാന്ധിയെ നൽകി ,ഞങ്ങൾ നിങ്ങൾക്ക് മഹാത്മാഗാന്ധിയെ തിരികെ തന്നു”. ആ രാജ്യം സന്ദർശിക്കുവാനൊരു ക്ഷണം ലഭിച്ചപ്പോൾ, അതു സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. മരുമകൾ മെറിയുടെ മാതാപിതാക്കൾ സൗത്താഫ്രിക്കയുടെ തൊട്ടടുത്ത രാജ്യമായ ബോട്ട്സെവാനയിൽ അധ്യാപക ജോലി ചെയ്യുന്നവരാണവർ . അവരുടെ ക്ഷണപ്രകാരം ഞാനും ഭാര്യ സാലിമ്മയും കൂടി 2019 ആഗസ്റ്റ് 7-)o തീയതി നെടുമ്പാശേരി എയർപോർട്ടിൽ നിന്നും തിരിച്ച്, ജോഹനാസബർഗ് വഴി ബോട്ട്സവാനയുടെ തലസ്ഥാനമായ ഗാബറോണയിൽ എത്തി. 4 ഫ്ലൈറ്റുകൾ മാറി കയറിയാണ് ഗാബറോണയിൽഎത്തിയത് . അവിടെ ഞങ്ങളെ സ്വികരിക്കുവാൻ മെറിയുടെ സഹോദരൻ, സ്വിറ്റ്ർലാൻഡിൽ ജോലിയുള്ള ടോണിയും, മെറിയുടെ അമ്മ ഷെല്ലിയും എത്തിയിരുന്നു.

ബോട്ട്സവാന ചെറിയ ഒരു ആഫ്രിക്കൻ രാജ്യമാണ്. എന്നാൽ ധാരാളം മലയാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്; അധ്യാപകരായും, ബിസിനസ് കാരായും മറ്റും. ഞങ്ങൾ ചെന്നപ്പോൾ പാരിസിലായിരുന്നു ശ്രീ.കെ എ. ജോർജ് ( മെറിയുടെ പിതാവ് ). ആഗസ്റ്റ് പത്തിനു തിരികെഎത്തി. അപ്പോഴേയ്ക്കും എന്റെ മകൻ ചിന്റുവും അവന്റെ ഭാര്യ ചെറിയും മദ്രാസിൽ നിന്നുമെത്തിയിരുന്നു. മിസ്റ്റർ ജോർജും മറ്റും പ്ലാൻ ചെയ്തിരുന്നതുപോലെ ബോട്സ് വാനയിൽ ജോലി ചെയ്യുന്ന ശ്രീ ആന്റണിയും കുടുംബവും, ദുബായിൽ ജോലി ചെയ്യുന്ന അവരുടെ മകൾ അനീറ്റയും അനീറ്റയുടെ ഭർത്താവ് അജിത്തും , അജിത്തിന്റെ മാതാപിതാക്കളായ അച്ചൻകുഞ്ഞും ജെസ്സിയും, അനീറ്റയുടെ മക്കളായ അർണോൾഡും, എയ്ഡനും ഉൾപ്പെടുന്ന സംഘം ആഗസ്റ്റ് 12 -)0 തീയതി ഉച്ച കഴിഞ്ഞു 3 മണിക്ക് രണ്ടു ടെമ്പോ വാനുകൾ വഴി സൗത്താഫ്രിക്കക്കു തിരിച്ചു. ബോട്സ് വാന വിശേഷം പിന്നീട് ഞാൻ എഴുതാം. 10 ദിവസം നീളുന്ന യാത്രയാണ് സൗത്താഫ്രിക്കയിലേയ്ക്ക് പ്ലാൻ ചെയ്തിരിക്കുന്നത്.

അന്നു രാത്രി 11മണിയോടു കൂടി ഞങ്ങൾ സൗത്താഫ്രിക്കൻ നഗരമായ കിംബർലിയിലെത്തി. നല്ല തണുപ്പ്. മഞ്ഞു പൊഴിഞ്ഞു കൊണ്ടിരുന്നു. ഹാഫ് വെയ് ഹൗസ് എന്നു പേരുള്ള ഞങ്ങളുടെ ഹോം സ്റ്റേയിൽ ഞങ്ങൾ രാത്രി ഉറങ്ങി പിറ്റേ ദിവസം രാവിലെ 7 മണിയോടു കൂടി ഞങ്ങളെല്ലാവരും റെഡിയായി യാത്ര തുടങ്ങി. സൗത്താഫ്രിക്കയിലെ പ്രസിദ്ധമായ കാങ്കോ കെയ്വ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഔട്സ് ഹൂം പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ ദൂരമുള്ള വർണ സുരഭിലമായ കാങ്കോ വാലിയിലാണ് കൗതുകകരമായ ഈ ഗുഹാ സമുച്ഛയം. ചുണ്ണാമ്പുകല്ലുകൾ ധാരാളമുള്ള മനോഹരമായ ഒരു പർവതശിഖരത്തിന്റെ അടിത്തട്ടിലുള്ള ഈ ഗുഹ ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലുതും സുന്ദരവുമായ ഗുഹയാണ്. മലയുടെ ഉപരിതലത്തിലെ ചെടികളും മരങ്ങളും മറ്റും ദ്രവിച്ചുണ്ടാകുന്ന അസിടിക് കാർബൺഡയോക്സൈഡ് ഉം പർവത ശിഖരത്തിൽനിന്നും ചെറിയ സുഷിരങ്ങൾ വഴി ഒലിച്ചിറങ്ങുന്ന ജലവും കൂടിയുള്ള മിശ്രിതം ലക്ഷകണക്കിനു വർഷങ്ങൾ കൊണ്ട് കട്ടി പിടിച്ച്, ഘനീഭവിച്ച് പരലുകളായി പല രൂപങ്ങളിൽ, ഏതോ മഹാനായ ശില്പി തീർത്ത വിസ്മയകരമായ ആകൃതിയിൽ ഗുഹയുടെ ഉള്ളിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്നു. പ്രകൃതിയാകുന്ന കലാകാരൻ തീർത്ത മനോഹരമായ ഒരു കാഴ്ച വിരുന്നാണ് ഈ ഗുഹാ നമ്മുക്കു സമ്മാനിക്കുന്നത്. ഗുഹകളിലെ പ്രത്യേക പ്രകാശ സംവിധാനത്തിൽ ഉജ്ജ്വലിപ്പിക്കുമ്പോഴുള്ള ഇവയുടെ ഭംഗി വർണനാതീതമാണ്. ഇവിടെയുള്ള പല അറകളിലും വ്യത്യസ്തമായ രീതിയിലാണ് രൂപങ്ങൾ ഉണ്ടായിരിക്കുന്നത്. അവയിലേക്കെത്തുവാൻ തുരങ്കങ്ങളും പടവുകളും തിർത്തിട്ടുണ്ട്. ആറുമണിയോടുകൂടി ഞങ്ങൾ ഗുഹയിൽ നിന്നും പുറത്തിറങ്ങി. അവിടെനിന്നും നൈസ്നാ പട്ടണത്തിൽ ഞങ്ങൾ താമസിക്കുവാൻ സൗകര്യം ചെയ്തിട്ടുള്ള സെൽഫ് കാറ്ററിംഗ് ഹോട്ടലിലേയ്ക്ക് പോയി. ഭക്ഷണം കഴിഞ്ഞ് രാത്രി 11 മണിയോടെ
ഉറങ്ങാൻ കിടന്നപ്പോൾ മനസ്സുനിറയെ കാങ്കോ ഗുഹയുടെ വിസ്മയ കാഴ്ചകളായിരുന്നു, കൂടാതെ  ഇനിയുള്ള യാത്രകളെ കുറിച്ചുള്ള ആകാംഷയും …
തുടരും…. (നൈസാ എലഫന്റ് പാർക്കിന്റെ വിശേഷങ്ങളുമായി ……)

പി. ഡി. ബൗസാലി
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

	
		

      
      



              




            
Leave a Reply