തൃശൂർ : കടംവാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുത്തുവിട്ട ശേഷം കാറിലും ബൈക്ക‍ിലുമായി പിന്തുടർന്നെത്തി ഇടിപ്പിച്ചു വീഴ്ത്തി കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയും (ശ്രീജ–40) ) 6 കൂട്ടാളികളും അറസ്റ്റിൽ. കൊളത്തൂരിൽ 5 മ‍ാസം മുൻപു നടത്തിയ ആക്രമണക്കേസിലാണ് ചെങ്ങാലൂരിൽ വാടകയ്ക്കു താമസിക്കുന്ന എറണാകുളം പള്ളുരുത്തി തണ്ടാശേരി സ്വദേശി സിനി അറസ്റ്റിലായത്.

കൂട്ടാളികളായ ചെങ്ങാലൂർ വളഞ്ഞൂപ്പാടം നന്ദനത്ത് രാജീവ് (45), ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് ഉല്ലാസ് (44), മുണ്ടൂർ ചിറ്റിലപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23), പട്ടിക്കാട് കുറുപ്പത്ത് പറമ്പിൽ അജയ് (21), കുട്ടനെല്ലൂർ പൊന്നേമ്പലത്ത് ആഷിക് (20), മണ്ണുത്തി ചിറക്കേക്കോട് കൊട്ടിയാട്ടിൽ സലീഷ് (29) എന്നിവരും പിടിയിലായി. മേയ് 23ന് ദേശീയപാതയിലായിരുന്നു സംഭവം. ബൈക്കിൽ 5 ലക്ഷം രൂപയുമായി സഞ്ചരിച്ച രണ്ടുപേരെ ബൈക്കിലും കാറിലുമായെത്തിയ സംഘം ഇടിച്ചുവീഴ്ത്തി പണം തട്ടിയെടുത്തു മുങ്ങിയെന്നായിരുന്നു കേസ്.

സംഭവത്തെക്കുറിച്ചു പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം ഇങ്ങനെ:

3 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ചെങ്ങാലൂർ വളഞ്ഞൂപ്പാടം സ്വദേശിയിൽ നിന്ന് സിനി പണം വാങ്ങിയിരുന്നു. പറഞ്ഞസമയം കഴിഞ്ഞിട്ടും മടക്കിനൽകാതായപ്പോൾ ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു. ചാലക്കുടിയിലെത്തിയാൽ പണം നൽകാമെന്നു സിനി സമ്മതിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെയാണ് പണം വാങ്ങാൻ അയച്ചത്. കൊടകര മേൽപ്പാലത്തിനു മുകളിൽവച്ച് സിനി പണമടങ്ങിയ പൊതി കൈമാറി.

പണവുമായി യുവാക്കൾ മടങ്ങുമ്പോൾ കൊളത്തൂരിൽവച്ച് ആഡംബര ബൈക്കിലെത്തിയ രണ്ടുപേർ പൊതി തട്ടിപ്പറിക്കാൻ ശ്രമിച്ചു.എന്നാൽ, ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. ഇതോടെ രണ്ടുകാറുകളിലും ബൈക്കിലുമായി സിനി യുവാക്കളെ പിന്തുടർന്നു. സർവീസ് റോഡിലേക്കു തിരിയാൻ ശ്രമിച്ചെങ്കിലും മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് യുവാക്കൾ വീണു. ഇവരിൽ നിന്നു പണപ്പൊതി കൈക്കലാക്കി സിനി സംഘവും കടന്നു. കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കൊടകര സിഐ വി. റോയ്, എസ്ഐ എൻ. ഷിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ടി.ജി. അനീഷ്, പി.പി. പ്രദീപ്കുമാർ, ഷൈജി കെ.ആൻറണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

‘ബൈക്ക് മറിഞ്ഞ് യുവാക്കൾ നിലത്തുവീണയുടനെ പിന്നാലെയെത്തിയ ഒരു കാർ അരികിൽ നിർത്തി. ആരോ ഇറങ്ങി യുവാക്കളുടെ കയ്യിൽ നിന്നു തെറിച്ചുവീണ ഒരു പൊതി കൈക്കലാക്കി കാറിൽ കയറിപ്പോയി..’ മേയ് 23ന് കൊളത്തൂരിൽ നടന്ന ബൈക്ക് അപകടത്തിനു പിന്നിലെ കുറ്റകൃത്യ ശൃംഖലയിലേക്ക് ആദ്യ സൂചനകൾ നൽകിയത് ദൃക്സാക്ഷികൾ നൽകിയ ഈ വിവരമാണ്. പരുക്കേറ്റ യുവാക്കളുടെ മൊഴി കൂടി പരിശോധിച്ചപ്പോൾ സിനിയുമായുള്ള സാമ്പത്തിക ഇടപാടിലേക്കു സംശയമുന നീണ്ടു

സർവീസ് റോഡിലൂടെ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് യുവാക്കൾ നിലത്തു വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടി വിവരങ്ങൾ തിരക്കിയപ്പോൾ അപകടത്തിന്റെ ആഘാതത്തിലായിരുന്നു യുവാക്കൾ. വീഴ്ചയിൽ യുവാക്കളുടെ കയ്യും കാലുമൊടിഞ്ഞു. ഒരാളുടെ പല്ലുകൾ തെറിച്ചുപോയി. ഓടിയെത്തിയവരിൽ ഒരാൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നതും യുവാക്കൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കാണാം. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാക്കളെ ജീപ്പിൽ കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിഗ്രഹ വിൽപന മുതൽ നോട്ടിരട്ടിപ്പു വരെ നീളുന്ന വൻകിട തട്ടിപ്പുകളിലൂടെ പൊലീസിന്റെ സ്ഥിരം തലവേദനയാണ് പൂമ്പാറ്റ സിനി. ജ്വല്ലറി തട്ടിപ്പ്, വിഗ്രഹ വിൽപന, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സ്വർണക്കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിൽ ഇവർ പ്രതിയാണ്. യഥാർഥ പേര് ശ്രീജ എന്നാണെങ്കിലും സിനി, ശാലിനി, ഗായത്രി, മേഴ്സി തുടങ്ങി പലപേരുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഹൈറോഡിലെ ജ്വല്ലറി ഉടമയെ തട്ടിച്ച് 20 ലക്ഷവും 70 ഗ്രാം സ്വർണവും കവർന്ന കേസിൽ ഇവർ പിടിയിലായത് കുറച്ചുകാലം മുൻപാണ്.

ആഡംബരശൈലിയിലുള്ള ജീവിതംകാട്ടി മറ്റുള്ളവരുടെ കണ്ണുമഞ്ഞളിപ്പിച്ചാണ് സിനി തട്ടിപ്പുകൾ നടത്തിയിരുന്നത്. മുന്തിയയിനം ആഡംബരക്കാറുകളിൽ സഞ്ചാരം. കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ തനിക്കു സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നു സിനി പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. തട്ടിപ്പിലൂടെ നേടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്. എറണാകുളത്തെ ജ്വല്ലറി ഉടമയിൽ നിന്ന് 95 പവൻ കവർന്നതിനും നടരാജ വിഗ്രഹ വിൽപനയുടെ പേരിൽ 30 ലക്ഷം തട്ടിയതിനും റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയതിനുമൊക്കെ ഇവർ പിടിയിലായിട്ടുണ്ട്.