വാളയാർ പെൺകുട്ടികളുടെ ക്രൂരമരണത്തിൽ പ്രതിഷേധിച്ചു് സെക്രട്ടറിയേറ്റ് പടിക്കൽ മുൻ ഗവര്ണറും ബി.ജെ.പി. നേതാവുമായ കുമ്മനം രാജശേഖരൻ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ മലയാള ഭാഷ സ്‌നേഹികൾ ലോകെമെങ്ങും ആദരിക്കപ്പെടുന്ന ഡോ.ജോർജ് ഓണക്കൂറിനെതിരെ സി.എസ്.ചന്ദ്രിക കത്തിച്ചുവിട്ട തീ ഭാഷ സ്‌നേഹികൾക്കിടയിൽ അസംതൃപ്തി മാത്രമല്ല നിരർത്ഥകവും വാളയാർ പ്രശനത്തെ ലഘൂകരിക്കാൻ നടത്തിയ പാഴ്ശ്രമമായിട്ടാണ് കണ്ടത്. പേരുണ്ടാക്കാനും മറ്റ് താൽപര്യങ്ങൾക്കായി പലരും സോഷ്യൽ മീഡിയയിൽ പലതും കത്തിച്ചുവിടാറുണ്ട്. ചുട്ടു കണ്ട മുയലിനെപ്പോലെ എന്തും കത്തിച്ചുവിടാൻ കുറെ മലയാളികൾ സമർത്ഥരാണ്. സോഷ്യൽ മീഡിയയെന്ന വായു സേന പലരുടെ മുകളിലും ബോംബിട്ട് രസിക്കാറുണ്ട്. അത് ആളിപടർന്നു കത്തുമ്പോൾ നിരപരാധികൾക്കും പൊള്ളലേക്കും. വർത്തമാനകാലത്തെ അധികാര ഗോപുരങ്ങളിൽ നിന്നാണ് പലരും സംസാരിക്കുന്നത്. അവർ അധികാരത്തിന്റ കോട്ടക്കകത്തുള്ളവരാണ്. ഒന്നും ഓർത്തു ഭയക്കേണ്ടതില്ല. കോട്ടമതിലിനുള്ളിലും പുറത്തും അവർക്ക് സംരക്ഷണമുണ്ട്. കുറ്റവും ശിക്ഷയും ഏറ്റുവാങ്ങി തടവുകാരായി മാറുന്നവർ പുറത്തുള്ളവരാണ്. വാളയാറിൽ കണ്ട നീതി നിഷേധങ്ങൾ തിരിച്ചറിയാതെ പിന്തിരിപ്പൻ നയവുമായി സമീപിക്കുന്നവരോട് സഹതാപം മാത്രമാണ്. വടക്കേ ഇന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീകളോട് കാട്ടുന്ന പീഡനങ്ങളും കേരളത്തിലുള്ളവർ വാരിക്കോരി വിവരിക്കുമ്പോൾ വാളയാറിലെ കൊടുംക്രൂരതക്കെതിരെ എത്ര പേർ രംഗത്ത് വന്നു? ഇപ്പോൾ എല്ലാം പൊലീസിന്റ തലയിൽ കെട്ടിവെച്ചു രക്ഷപെടുന്നില്ലേ? ആ പൊലീസിന് ഒരു കുറ്റബോധവുമില്ല. എന്തുകൊണ്ടെന്നാൽ അവരെ തീറ്റിപ്പോറ്റാൻ രാഷ്ട്രീയപാർട്ടികളുണ്ട്. മനുഷ്യരുടെ കണ്ണിൽ പൊടിയിട്ട് പിരിച്ചുവിട്ടാലും തിരിച്ചെടുക്കും. പൊലീസ് പരീക്ഷയിൽ റാങ്കുകൾ വാങ്ങിയ ധാരാളം ക്രിമിനലുകളെ പൊലീസ് സേനയിൽ ഭരണകൂടങ്ങൾ കുത്തിനിറച്ചിട്ടുണ്ട്. കസ്റ്റഡി കൊലപാതകങ്ങൾ അതിനുള്ള തെളിവാണ്. പാർട്ടിക്കാർക്കായി ഓരോ കേസുകൾ അട്ടിമറിച്ചു കൊടുക്കാൻ ബിരുദം നേടിയവർ.

ഓണക്കൂർ പോയത് ബി.ജെ.പി യുടെ യഥാർത്ഥ മുഖം അറിയാതെയെന്നു ഭവതി ചോദിച്ചാൽ ആദ്യം കാണേണ്ടത് ഓണക്കൂറിന്റ് മുഖമാണ്. ഓണക്കൂറിനൊപ്പം ജർമ്മനിയിലും ഇംഗ്ളണ്ടിലും പല വേദികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ആ മുഖത്തിന്റ മഹത്വം അദ്ദേഹത്തെ അറിയാവുന്നവർക്കറിയാം. യൂറോപ്പിൽ വന്നുപോയിട്ടുള്ള സക്കറിയ, സച്ചിദാനന്ദൻ, പ്രഭ വർമ്മ, സാറ ജോസഫ്ന്റെ കാര്യത്തിലും ഇതെ അഭിപ്രായമാണ് എനിക്കുള്ളത്. ബി.ജെ.പി ക്ക് ഒരു വികൃത മുഖമുണ്ടെങ്കിൽ കേരളത്തിൽ എത്രയോ ഭീകര മുഖങ്ങളുള്ളത് ഭവതി എന്താണ് കാണാതെ പോകുന്നത്? ഇതൊന്നും കാണാൻ കണ്ണില്ലേ? ഏത് പാർട്ടിക്കാരനായാലും അവരിൽ കുടികൊണ്ടിരിക്കുന്ന ഹീനമായ പ്രവർത്തികളെയാണ് അനാവരണം ചെയ്യേണ്ടത്? അതിന് വിചാരവികാരമെന്ന പ്രതിബദ്ധത അല്ലെങ്കിൽ അറിവ് മനുഷ്യനുണ്ടാകണം. മുലകൊടുത്ത വളർത്തിയ രണ്ട് കുഞ്ഞു പെൺമക്കളുടെ ദാരുണമായ മരണത്തേക്കാൾ വലുതാണോ ഓണക്കൂർ കുമ്മനത്തിന്റെ കവിളിൽ കൊടുത്ത ഒരു മുത്തം?

ഇപ്പോൾ ഓർമ്മവരുന്നത് മറ്റൊരു ഗവര്ണരുടെ ചുംബനമാണ്. ഡൽഹി കേരള ഹൗസിൽ തകഴിക്ക് ജ്ഞാനപീഠ൦ അവാർഡ് കിട്ടിയപ്പോൾ കേരള എം.പി.മാർ നൽകിയ സ്വീകരണ ചടങ്ങിൽ അന്നത്തെ ഗവര്ണർ വക്കം പുരുഷോത്തമൻ അധ്യക്ഷനും മുഖ്യ മന്ത്രി കരുണാകരൻ വിശിഷ്ട അതിഥിയുമായിരുന്നു. സ്വീകരണ ചടങ്ങിൽ മുൻ ഗവർണ്ണർ എം.എം. ജേക്കബ് തകഴിക്ക് ജ്ഞാനപീഠ൦ അവാർഡ് കിട്ടിയപ്പോൾ പങ്കെടുക്കാൻ സാധിച്ചില്ല. അടുത്ത ദിവസം എം.എം.ജേക്കബ് തകഴിയെ കാണാനെത്തി. ഒ.വി.വിജയൻ, മാവേലിക്കര രാമചന്ദ്രൻ, ചിത്രകാരൻ പെരുന്ന.ജി.എസ്, ഞാനടക്കം തകഴിയുടെ മുറിയിൽ ഇരിക്കുമ്പോഴാണ് എം.എം. ജേക്കബ് കടന്നു വന്ന് കെട്ടിപിടിക്ക മാത്രമല്ല ആ കവിളിൽ ചുംബിക്കയും ചെയ്തു. അത് കാമുകനെ പ്രാപിക്കുന്ന കാമുകിയുടെ ചുംബനമോ കാമം നിറഞ്ഞ ഒരു നിശാസുന്ദരിയുടെ ചുംബനമോ ആയിരുന്നില്ല. അതിലുപരി മനുഷ്യൻ മനുഷ്യനെ അമർത്തി ചുംബിക്കുന്ന സ്‌നേഹവികാരപ്രകടനമാണ്. ഇവിടെയും കുമ്മനം എന്ന മുൻ ഗവര്ണർ ആണ് പ്രധാന കഥാപാത്രം. ഇത് ബി.ജെ.പിയോടുള്ള ചിലരുടെ കാഴ്ചപ്പാടുകൾ മാത്രമല്ല അതിനെക്കാൾ അറിവും വിവേകവുമുള്ള ഒരെഴുത്തുകാരൻ എനിക്കെഴുതിയ വരികളും ഇതിനോട് കുട്ടിവായിക്കുന്നു. എന്തുകൊണ്ടാണ് ഞാൻ ജന്മഭൂമിയിൽ എഴുതുന്നു? എത്രയോ വര്ഷങ്ങളായി ഞാൻ ജന്മഭൂമി ഓണപതിപ്പുകളിൽ എഴുതുന്നു. ഈ വർഷവും എഴുതിയിട്ടുണ്ട്. അക്ഷരലോകത്തു എനിക്കാരോടും അയിത്തമില്ല. കമ്മ്യൂണിസ്റ്റ് ജനയുഗം, കോൺഗ്രസ് വീക്ഷണം ഓണപതിപ്പുകളിലും എഴുതിയിട്ടുണ്ട്. ആരിൽ നിന്നും ഒരു കനത്ത പ്രഹരം കിട്ടിയിട്ടില്ല. അക്ഷരത്തിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഓരൊ മനുഷ്യരുടെ മനസിലെ ഭ്രാന്തൻ കോശങ്ങൾ ഏതെല്ലാം വഴിയുലൂടെ സഞ്ചരിക്കുന്നതെന്ന് ഇതൊക്കെ കാണുമ്പൊൾ തോന്നുന്നു. ഇതൊക്കെ എഴുതാനും ഉന്മാദം സൃഷ്ഠിക്കാനും പറ്റിയ ആധുനിക മാധ്യമങ്ങൾ ഈ കാലഘട്ടത്തിന്റ മുഖചിത്രമായി മാറിയിരിക്കുന്നു.

മധുരമായ വാഗ്‌ദനങ്ങൾ നൽകി അധികാരത്തിൽ വരുന്ന പാർട്ടികൾ മലയാളിക്ക് സമഗ്ര സംഭാവനയും സൗന്ദര്യവും നൽകേണ്ടത് വാളയാർ പോലുള്ള സംഭവങ്ങളാണോ? ഓരോ കാലത്തും വെള്ളപൂശിയ മുഖങ്ങൾ എല്ലാം രംഗത്തും രൂപമെടുത്തിട്ടുണ്ട്, കവിതയെടുത്താൽ കേരളത്തിലെങ്ങും കവികളെന്ന് കേൾക്കുന്നു. ഇന്നത്തെ പുസ്തകങ്ങളും അതിന്റ പ്രകാശനങ്ങളും അവർക്കൊപ്പം മത്സരിക്കുന്നു. പല പ്രമുഖ കവികളും കവിതയെഴുത്തു നിർത്തിയാതായിട്ടാണ് അറിവ്. ഒരു സാഹിത്യ സൃഷ്ഠിയുടെ വർണ്ണശബളിമ ഉയരങ്ങൾ ചവുട്ടിക്കയറുന്നതാണ്. ഇന്നാകട്ടെ ഒരുപറ്റം എഴുത്തുകാർ സാഹിത്യത്തിന്റ ദിവ്യഗർഭം ധരിച്ചു് മുകളിൽ നിന്ന് താഴേക്ക് ചാടിയിറങ്ങി വരികയാണ്. അവരുടെ സുഖപ്രസവമെടുക്കൻ താളമേളങ്ങളോടെ രാഷ്ട്രീയ പാർട്ടികളുടെ അണികൾ തയ്യാറായി നിൽക്കുന്നു. അധികാരമുണ്ടെങ്കിൽ പെട്ടെന്ന് മഹാകവികളാകാം. പ്രതിഭ ധനനരായ സാഹിത്യകാരന്മാർ വെള്ളംകോരി നട്ടുവളർത്തിയ വന്മരങ്ങൾക്കിടയിൽ കുറ്റിച്ചെടികൾ വളരുന്ന കാലം. സാഹിത്യകാരന്മാർ, കവികൾ തിന്മയുടെ വാക്താക്കളല്ല. അവരെന്നും ധർമ്മപക്ഷത്തുള്ളവരാണ്. അങ്ങനെയെങ്കിൽ ഇന്നത്തെ മനുഷ്യന്റ പരാജയത്തിൽ നിഷേധാത്മ നിലപാടുകൾ എഴുത്തുകാർ എടുക്കുന്നത് എന്താണ്? അവരുടെ മൗനം അതിനുള്ള തെളിവാണ്. കേരളത്തിൽ അവിരാമമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരമായ എത്രയോ സംഭവങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗമായതുകൊണ്ട് കാഴ്ചക്കാരായി കണ്ടുനിൽക്കുന്നത് നമ്മുടെ സംസ്കാരത്തെ മാത്രമല്ല അതിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയംകൂടിയാണ്. സാഹിത്യകാരൻ എന്ന നിലയിൽ സമൂഹത്തോട് അദ്ദേഹത്തിന് കടപ്പാടുണ്ട്. ചില പ്രത്യേക ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം തൂലിക ചലിപ്പിക്കുക അത് സാഹിത്യത്തിന്റ അന്തസ്സിനെയാണ് ചോദ്യം ചെയ്യുന്നത്. മുന്നിൽ ഭീകരമായ ദുരന്തങ്ങൾ നടമാടുമ്പോൾ ഒരു സാഹിത്യകാരൻ എങ്ങനെയാണ് ഒരു ഭീരുവായി മാറുന്നത്? ഉണ്ട ചോറിന് നന്ദി കാട്ടുകയാണോ വേണ്ടത് അതോ സമൂഹത്തോടുള്ള കർമ്മം നിർവഹിക്കയാണോ വേണ്ടത്?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വടക്കേ ഇന്ത്യയിൽ നടക്കുന്നത് മാത്രം വെറുക്കപ്പെട്ടാൽ മതിയോ? ഒരു കുരക്കുള്ളിൽ പിടഞ്ഞുഞെരിയുന്ന ഒരമ്മയുടെ നിലവിളി ഒരു സ്ത്രീയായ ചന്ദ്രികയിൽ എന്തുകൊണ്ട് കണ്ടില്ല? ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളെ മുഴുവനായും കെട്ടിത്തൂക്കിയ കാപാലികന്മാർക്കെതിരെ നടക്കുന്ന ഒരു ചടങ്ങിൽ ഓണക്കൂർ പോയതാണോ ഇത്ര വലിയ അപരാധം? ഒരു പുരുഷൻ മറ്റൊരു പുരുഷനെ ചുംബിച്ചാൽ സാംസ്‌കാരിക കേരളത്തിന് അപമാനമാകുമെന്നാണോ ഭവതി പറയുന്നത്? അതിനെ ബി ജെ പി യുമായി എന്തിന് കുട്ടികെട്ടണം? രാഷ്ട്രീയ തിമിരം ബാധിച്ചവർ എല്ലാം പാര്ടികളിലുമുണ്ട്. അത് ബി.ജെ.പി.യിൽ മാത്രമെന്നും ആ ഗണത്തിൽ കുമ്മനത്തെ കാണുന്നതും നന്നായി ഞാൻ കാണുന്നില്ല. നന്മയുള്ള മനുഷ്യരെ പാർട്ടികൾക്കപ്പുറം കാണാൻ ശ്രമിക്കണം. അവിടെ ജാതിമതരാഷ്ട്രീയത്തിന് എന്ത് പ്രസക്തി? ഈ പുറത്തുവിട്ട ഭൂതം എന്തിനെന്ന് പലരും സംശയത്തോടെയാണ് കാണുന്നത്? സമൂഹത്തിൽ വിനാശം വിതക്കുന്ന ഈ ചിന്തകൾ ആധുനിക സമൂഹത്തിന് ഒട്ടും ഗുണകരമല്ല. പേരുണ്ടാക്കിയെടുക്കാൻ സോഷ്യൽ മീഡിയ പലര്ക്കും ഒരുപകകരണമാണ്. ഇതിനൊക്കെ അല്പായുസ്സുമാത്രമേയുള്ളു.

ഒരെഴുത്തുകാരൻ സ്വന്തം ഹൃദയാനുഭൂതിയിൽ ജീവിക്കുന്നവനാണ്. അവർക്കാണ് നല്ല വായനക്കാരനെയും സുകുത്തിനെയും ലഭിക്കുക. അല്ലാത്തവർക്ക് ഫേസ് ബുക്കിലെ ലൈക് കിട്ടി സംതൃപ്തരാകാം. സമൂഹത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും എഴുത്തുകാരന്റെ തീച്ചൂളയിൽ ഇരുമ്പോലെയുരുകുന്നതാണ്. ആ തീയിൽ വിളയുന്നത് മനോഹരങ്ങളായ കലാശില്പങ്ങൾ മാത്രമല്ല കുത്തികിറാനുള്ള കത്തികൾ, വാളുകൾവരെയുണ്ട്. ഒരു സാഹിത്യസൃഷ്ഠിയുടെ സൗന്ദര്യംപോലെയാണ് കണ്ണീരും ചോരയും ദാരുണമായ മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന സംഭവങ്ങൾ കാണുമ്പൊൾ സാഹിത്യകാരൻ അല്ലെങ്കിൽ കലാകാരൻ പ്രതികരിക്കുന്നത്. അത് സാഹിത്യലോകത്തുള്ള പൊതുവിലുള്ള വികാരമാണ്. ഇതൊക്കെ വെളിപ്പെടുന്നത് എഴുത്തിലൂടെ, വിവിധ കലാരൂപങ്ങളിലൂടെ, വിവിധ കൂട്ടായ്‌മകളിലൂടെ, മാധ്യമങ്ങളിലൂടെ മനുഷ്യത്വമുള്ള മനുഷ്യർ ചെയ്യുന്ന കാര്യമാണ്. അവിടെ രാഷ്ട്രീയ പാർട്ടികളുടെ വാലാട്ടികളാകാൻ എല്ലാം എഴുത്തുകാരെയും കിട്ടില്ല. അതിന്റിയർത്ഥം ആ പാർട്ടിയോടുള്ള വിരോധമല്ല അതിലുപരി അവരുടെ നിലപാടുകളോടുള്ള അമര്ഷമാണ് രേഖപെടുത്തുന്നത്. ഒരമ്മ പ്രസവിച്ചവന് വാളയാർ പെൺകുട്ടികളോട് കാട്ടിയ ക്രൂരകൃത്യത്തെ അനുകൂലിക്കാൻ സാധിക്കുമോ? സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവർ എല്ലാവരും ഒളിച്ചോടുന്ന ഭീരുക്കളെന്നു ധരിക്കരുത്. ഈ രണ്ട് പെൺകുട്ടികളുടെ കൊലപാതകം ആരുടെയും കണ്ണുകൾ നനയിക്കും. അത് ഹൃദയം നൊന്തുള്ള മനുഷ്യന്റെ നൊമ്പരങ്ങളാണ്. ആ അനുഭൂതിസാക്ഷാൽക്കരമാണ് ഓണക്കൂറും നടത്തിയത്. അവിടെ എന്ത് മതം? എന്ത് രാഷ്ട്രീയം? മനുഷ്യനുണ്ടാക്കിയ ഈ ചരക്ക് കമ്പനികൾ മനുഷ്യനെക്കാൾ വലുതല്ല. എല്ലാവരും ബുദ്ധിശൂന്യരും വിവരംകെട്ടവരുമെന്ന് ധരിക്കരുത്. സ്വന്തം മൂല്യബോധം ഉണർത്താൻ കഴിയാത്തവർ മനുഷ്യമഹത്വത്തെയാണ് കാറ്റിൽ പറത്തുന്നത്.

പ്രബുദ്ധ കേരളത്തിൽ ജനാധിപത്യത്തെ കാറ്റിൽ പറത്തി കൊടി പിടിച്ചു ഇങ്കിലാബ് വിളിച്ചാൽ അതൊരു യോഗ്യതയായി കണ്ട് നിയമനങ്ങൾ നടത്തുന്ന ഭരണയന്ത്രങ്ങളെ ആരും കാണാതെയിരിക്കരുത്. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവന് തൊഴിൽ കിട്ടുന്നില്ല. ആദിവാസികളുടെയും ദളിതരുടെയൂം ദുരവസ്ഥ ഇന്നുവരെ മാറിയിട്ടില്ല. എവിടെയും ആരെയും വിഡ്ഢികളാക്കുന്ന നിയമനങ്ങൾ. സംസ്ഥാന ശിശു ക്ഷേമ വകുപ്പ്, കേരളത്തിലെ കമ്മീഷനുകൾ, പൊലീസ് നിയമനങ്ങൾ തുടങ്ങി നടക്കുന്ന നിയമനങ്ങളെല്ലാം ജനങ്ങളിൽ ആശങ്കകൾ വളർത്തുന്നു. സാമൂഹ്യ പ്രശ്നങ്ങളുടെ വിധികർത്താക്കളും പ്രതികരണ തൊഴിലാളികളുമല്ല എഴുത്തുകാരെങ്കിലും ഭീതിയും നിരാശയും സങ്കടങ്ങളു൦ പ്രതിഷേധങ്ങളും സമൂഹത്തിൽ അലയടിക്കുമ്പോൾ എത്രനാൾ കാഴ്ചക്കാരായി കണ്ടുനിൽക്കും. മഹത്തായ സാഹിത്യ കൃതികളും അവരുടെ സമീപനങ്ങളും ലോകമെങ്ങും നന്മകളും വിപ്ലവങ്ങളും മാത്രമാണ് സൃഷ്ഠിച്ചിട്ടുള്ളത് അല്ലാതെ ഇരകളുടെ ഹ്ര്യദയ നൊമ്പരങ്ങൾ കണ്ട് രസിക്കുന്നവരല്ല. നിലനിൽക്കുന്ന ഭരണഘടന ജീവിക്കാൻ കൊള്ളില്ലെങ്കിൽ അത് കുഴിച്ചുമൂടണമെന്ന് പറയേണ്ടവരാണ് എഴുത്തുകാർ. സ്വന്തം ആനന്ദവും അനുഭൂതിയും ആസ്വദിച്ചുജീവിച്ചാൽ മാത്രം മതിയോ? ഇത് തുടർന്നാൽ പുതിയ സംസ്കാരങ്ങളെ വാർത്തെടുക്കാനോ പുതിയ നിശാബോധത്തിലേക്ക് തലമുറയെ നയിക്കാനോ സാധിക്കില്ല. മനുഷ്യ ഹൃദയത്തിൽ ഏൽപ്പിച്ച സങ്കടകഥകൾക്ക് നടുവിൽ അപ്രതീഷിതമായി സംഭവിക്കുന്ന മരണത്തിനും സർക്കാർ വക മരണാനന്തര ബഹുമതിയായി ആദരസൂചകമായ സർക്കാർ ചിലവിലുള്ള ആകാശത്തേക്കുള്ള വെടിയൊച്ചകൾ മുഴങ്ങാറുണ്ട്. ഈ മണ്ണിൽ നിന്നും പലായനം ചെയ്തുപോയവരൊന്നും ആ വെടിയുണ്ടകളുടെ ശബ്‌ദം കേൾക്കാറില്ല. എന്നാൽ ഈ മണ്ണിൽ നെഞ്ചു പിടയുന്ന മനുഷ്യർ വിതുമ്പി കരയുന്ന ശബ്‌ദം നമ്മൾ കേൾക്കാറുണ്ട്. അത് വാളയാറിൽ മാത്രമല്ല കേരളത്തിന്റ പലഭാഗങ്ങളിലും കേൾക്കുന്നു. ജനിച്ചുവളർന്ന മണ്ണിൽ ചിറകുവിടർത്തി പറന്നു കളിക്കേണ്ട രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം ചവച്ചുതുപ്പി ചണ്ടിപോലെ തള്ളിക്കളഞ്ഞവർക്കും അവർക്ക് കുടപിടിക്കുന്നവർക്കും കാലം മാപ്പു നൽകില്ല.