വീട്ടിലാളില്ലെന്നു പറഞ്ഞ് വിളിച്ചുവരുത്തി കാമുകിയും മാതാപിതാക്കളും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. നാലാം വർഷ നിയമവിദ്യാർത്ഥിയായ പങ്കജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കജിൻ്റെ കാമുകി അങ്കിത, അങ്കിതയുടെ അച്ഛൻ ഹരിയോം (മുന്ന), അമ്മ സുലേഖ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ മാസാദ്യം മുതൽക്കാണ് പങ്കജിനെ കാണാതായത്. മിസ്സിംഗ് കേസിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ആ അന്വേഷണമാണ് ഇപ്പോൾ മൂന്നു പേരുടെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. അങ്കിതയുടെ വീടിൻ്റെ താഴത്തെ നിലയിൽ മണ്ണിട്ടുമൂടിയ നിലയിലാണ് പങ്കജിൻ്റെ മൃതദേഹം കണ്ടെടുത്തത്.
വീടിൻ്റെ മുകളിലെ നിലയിൽ വാടകക്ക് താമസിച്ചിരുന്ന പങ്കജ് 19കാരിയായ അങ്കിതയ്ക്ക് ട്യൂഷനെടുക്കാറുണ്ടായിരുന്നു. ഇങ്ങനെ ട്യൂഷനെടുക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. അങ്കിതയെ വിവാഹം ചെയ്യാമെന്ന് പങ്കജ് ഉറപ്പ് നൽകിയിരുന്നു. ഇരുവരുടെയും ബന്ധം അറിഞ്ഞ അങ്കിതയുടെ മാതാപിതാക്കള്‍ ഇതിനെ എതിര്‍ത്തു. ഇതിനിടെ പങ്കജിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് അങ്കിതയ്ക്ക് സംശയമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് മൂവരും ചേർന്ന് കൊലപാതകം നടത്താൻ തീരുമാനിച്ചത്.
പുറത്തു പോയിരുന്ന പങ്കജിനെ വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് അങ്കിത വിളിച്ചു വരുത്തി. ഈ സമയത്ത് അങ്കിതയുടെ മാതാപിതാക്കൾ കുളിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. പങ്കജ് വീട്ടിലെത്തിയ ഉടനെ കുളിമുറിയിൽ നിന്ന് പുറത്തുകടന്ന ഇവർ ഇയാളുടെ കയ്യും കാലും കൂട്ടിക്കെട്ടി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം ബേസ്മെൻ്റിൽ നേരത്തെ തയ്യാറാക്കിയിരുന്ന ഒരു കുഴിയിൽ മൃതദേഹം സംസ്കരിച്ചു. പിന്നീട് കുഴി സിമൻ്റുപയോഗിച്ച് അടക്കുകയും ചെയ്തു.
ഇതിനു ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ മൂവരും നാടുവിട്ടു. ഡൽഹിയിൽ ഒരു വീട് വാടകക്കെടുത്ത് അവിടെ താമസിക്കുകയായിരുന്നു അവർ. ഇതിനിടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
Leave a Reply