ബോധവല്‍ക്കരണങ്ങള്‍ അവഗണിച്ച് യാത്രക്കാര്‍ നടപ്പാത ഉപയോഗിക്കാതെ പാളങ്ങള്‍ മുറിച്ച് കടക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ‘കാലനെ’ ട്രാക്കിലിറക്കി റെയില്‍വേ. റെയില്‍വേ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. റെയില്‍വേ പാളങ്ങള്‍ മുറിച്ചുകടക്കാന്‍ സ്റ്റേഷനുകളിലെ നടപ്പാത ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് യാത്രക്കാര്‍ പലരും അവഗണിക്കുന്നത്.

അശ്രദ്ധമായ ഈ പാളം മുറിച്ചുകടക്കല്‍ യാത്രക്കാരുടെ മരണത്തിന് പോലും കാരണമാകാറുണ്ട്. ഇതിന് പിന്നാലെയാണ് ബോധവല്‍ക്കരണത്തിനായി പശ്ചിമ റെയില്‍വേ കാലനെ ട്രാക്കിലിറക്കിയത്. പാളങ്ങള്‍ മുറിച്ചുകടക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നിരിക്കെയാണ് നിരവധിയാളുകള്‍ പാളങ്ങള്‍ അശ്രദ്ധമായി മുറിച്ചുകടന്ന് അപകടത്തില്‍പ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കറുത്ത നീളമുള്ള നീളന്‍ കുപ്പായവും ഗദയും കിരീടവുമായി ഭയപ്പെടുത്തുന്ന രൂപത്തിലാണ് കാലന്‍ ട്രാക്കിലിറങ്ങിയത്. ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ കാലന്‍ തോളിലെടുത്ത് തിരികെ പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ ഇത് ശ്രദ്ധിച്ചത്. മുംബൈയിലെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളായ മലാഡ്, അന്ധേരി തുടങ്ങീ പല സ്റ്റേഷനുകളിലും ഇത്തരത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. റെയില്‍വേ പോലീസുകാരനാണ് ഇത്തരത്തില്‍ കാലന്റെ വേഷത്തിലെത്തുന്നത്. കാലന്റെ നേരിട്ടുള്ള ബോധവല്‍ക്കരണത്തില്‍ സ്ഥിരം നിയമലംഘകരുടെ മനം മാറുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.