ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച സൈനികർക്കും ജീവൻ നൽകിയ സാധാരണ മനുഷ്യർക്കും ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. ലണ്ടനിലെ യുദ്ധസ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ രാജ്യത്തെ പ്രമുഖർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾ മാറ്റിവെച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജെറമി കോർബിൻ, ജോ സ്വിൻസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിനുവേണ്ടി ജീവൻ നൽകിയവരെ ഓർക്കുന്ന അനുസ്മരണ ദിനത്തിൽ (റിമെംബറൻസ് ഡേ) രാജ്യം രണ്ടുമിനിറ്റോളം മൗനമായി നിന്നു. ബാൽക്കണിയിൽ നിന്ന് ചടങ്ങുകൾ വീക്ഷിച്ച രാജ്ഞിക്കുവേണ്ടി ചാൾസ് രാജകുമാരൻ ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്ഞിയുടെ ഇരുവശത്തും കേംബ്രിഡ്ജിലെയും കോൺ‌വാളിലെയും ഡച്ചസ് നിന്നിരുന്നു. കേംബ്രിഡ്ജ് ഡ്യൂക്ക്, സസെക്സ് ഡ്യൂക്ക് എന്നിവരും പുഷ്പചക്രം അർപ്പിച്ചു.

സായുധ സേന സമൂഹം, ബ്രിട്ടീഷ്, കോമൺ‌വെൽത്ത് സൈനികർ, യുകെയുമായി പോരാടിയ സഖ്യകക്ഷികൾ, രണ്ട് ലോകമഹായുദ്ധങ്ങളിലും പിന്നീടുണ്ടായ സംഘട്ടനങ്ങളിലും പങ്കെടുത്ത സിവിലിയൻ സൈനികർ, സ്ത്രീകൾ എന്നിവരെ രാജ്യം അനുസ്മരിച്ചു. ക്യാബിനറ്റ് മന്ത്രിമാരും മതനേതാക്കളും കോമൺ‌വെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികളും സായുധ സേനയിലെ 800 ലധികം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബോറിസ് ജോൺസൻ, ജെറമി കോർബിൻ, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ തുടങ്ങിയവർ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. അഞ്ച് മുൻ പ്രധാനമന്ത്രിമാരായ സർ ജോൺ മേജർ, ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ, ഡേവിഡ് കാമറൂൺ, തെരേസ മേ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കെന്റിൽ നിന്നുള്ള സൈനികൻ റോൺ ഫ്രിയർ (104) ആണ് ഇത്തവണ ശവകുടീരത്തിലേക്ക് മാർച്ച് നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചടങ്ങിനു മുന്നോടിയായി സംസാരിച്ച ജോൺസൺ, പ്രധാനമന്ത്രിയെന്ന നിലയിൽ ശവകുടീരത്തിൽ ആദ്യത്തെ പുഷ്പചക്രം സമർപ്പിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു : “ഞങ്ങൾ അവരെ ഓർക്കും.” പ്രതിപക്ഷ പാർട്ടി നേതാവ് ജെറമി കോർബിൻ തന്റെ പുഷ്പചക്രത്തിൽ ഒരു കുറിപ്പ് എഴുതി വച്ചു ; “നമുക്ക് സമാധാന ലോകത്തിനായി പരിശ്രമിക്കാം”. സ്കോട്ട്‌ലൻഡിന്റെ ആദ്യ മന്ത്രി നിക്കോള സ്റ്റർജിയൻ എഡിൻബർഗ് സിറ്റി ചേമ്പേഴ്‌സിലെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഒപ്പം വടക്കൻ അയർലണ്ടിൽ നടന്ന അനുസ്മരണ ചടങ്ങിൽ , ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ തന്റെ സർക്കാരിനുവേണ്ടി കൗണ്ടി ഫെർമനാഗിലെ എനിസ്കില്ലെനിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.