മദ്യപിച്ചു വാഹനമോടിച്ചതിന് പൊലീസ് പിടിയിലായ ബോള്‍ട്ടണ്‍ മലയാളിയുടെ ശിക്ഷ സസ്‌പെന്റ് ചെയ്ത് ബോള്‍ട്ടണ്‍ മജിസ്‌ട്രേറ്റ് കോടതി. പത്തു മാസത്തിനിടയില്‍ രണ്ടാം തവണയാണ് ജോബോയ് ജോസഫിനെ മദ്യപിച്ചു വാഹനമോടിച്ചതിന് പൊലീസ് പിടികൂടിയത്. എന്നാല്‍, ജോബോയ് ജോസഫിന്റെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ ഓസ്ട്രിയയില്‍ വച്ച് മുങ്ങിമരിച്ച സംഭവമാണ് ജോബോയ് ജോസഫിനെ മദ്യപാനിയാക്കിയതെന്ന വാദം കോടതി ശരിവച്ചതോടെയാണ് ശിക്ഷ സസ്‌പെന്റ് ചെയ്ത് ഉത്തരവായത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജോബോയ് ജോസഫിന്റെ അടുത്ത ബന്ധുക്കളായ ജോയല്‍ അനിയന്‍ കുഞ്ഞും ജേസണ്‍ വര്‍ഗീസും ഓസ്ട്രിയ വിയന്നയിലെ ഡാന്യൂബ് നദിയില്‍ മുങ്ങി മരിച്ചത്. 19 ഉം 15ഉം വയസ് മാത്രമായിരുന്നു ഇരുവര്‍ക്കും പ്രായം. ഹോളിഡേ ആഘോഷത്തിനായാണ് ഇരുവരും ഓസ്ട്രിയയിലേക്ക് പോയത്. ഡാന്യൂബ് നദിയിലെ സ്പീഡ് ബോട്ടില്‍ യാത്ര നടത്തവേയാണ് ഇരുവരുടെയും മരണത്തിന് കാരണമായ അപകടം നടന്നത്.

വിയന്നയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാനും ഹോളിഡേയ്ക്കുമായിരുന്നു ജോബോയിയുടെ ബന്ധുക്കളായ ജോയല്‍ അനിയന്‍ കുഞ്ഞും ജേസണ്‍ വര്‍ഗീസും വിയന്നയിലേക്ക് എത്തിയത്. അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചു വരാനിരിക്കെ ഓള്‍ഡ് ഡാന്യൂബിലെ പ്രമുഖ ടൂറിസം കേന്ദ്രമായ നദി കൂടി കാണുവാന്‍ ഇവര്‍ എത്തുകയായിരുന്നു. വിയന്നയിലെ 30 ഡിഗ്രി ചൂടില്‍ ദേഹമൊന്ന് തണുപ്പിക്കാന്‍ ജേസന്‍ ബോട്ടില്‍ നിന്നും വെള്ളത്തിലിറങ്ങി ബോട്ടിന് സമീപത്തു തന്നെ നീന്തുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ ജേസന്‍ നീന്താനാവാതെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ജലസസ്യത്തില്‍ കാല്‍കുരുങ്ങി നീന്തി നീങ്ങാനാവാതെയാണ് ജേസന്‍ മുങ്ങിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കാലില്‍ ജലസസ്യം കുരുങ്ങിയെന്ന് ജേസണ്‍ വിളിച്ചു പറയുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതു കണ്ട് ജേസനെ രക്ഷിക്കാന്‍ ജോയല്‍ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. എന്നാല്‍ കൊടു തണുപ്പുള്ള വെളളത്തില്‍ പൊങ്ങി നില്‍ക്കാനാവാതെ രണ്ട് പേരും മിനുറ്റുകള്‍ക്കകം വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോട്ടില്‍ നിന്നും വെറും പത്തടി അകലത്ത് വച്ചായിരുന്നു ഇവര്‍ മരണക്കയത്തിലേക്ക് മുങ്ങിപ്പോയത്. അപകടത്തെ തുടര്‍ന്ന് ദി ഓസ്ട്രിയന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ സാധിച്ചില്ല.

മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനു ശേഷമാണ് ജോയലിന്റെ മൃതദേഹം വെള്ളത്തില്‍ നിന്നും ഉയര്‍ത്താന്‍ സാധിച്ചത്. ഇതു കഴിഞ്ഞ് വീണ്ടും രണ്ടര മണിക്കൂറിനു ശേഷമാണ് ജേസന്റെ മൃതദേഹം ലഭിച്ചത്. ഒരു ഐടി സ്ഥാപനത്തില്‍ രണ്ടാം വര്‍ഷം അപ്രന്റിസ് ആയി ജോലി ചെയ്ത് വരുകയായിരുന്നു ജോയല്‍. അതേ സമയം ബുറി കോളജില്‍ പഠിക്കുന്നുമുണ്ടായിരുന്നു. ഒരു ഫുട്‌ബോളറായി വളര്‍ന്ന് വന്നിരുന്ന പ്രതിഭയായിരുന്നു ജേസന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അങ്ങേയറ്റം മനസില്‍ ആരാധിച്ചിരുന്നു ഈ കൗമാരക്കാരന്‍. സമ്മര്‍ ഹോളിഡേയ്ക്ക് ശേഷം സെന്റ് ജെയിംസ് സ്‌കൂളില്‍ ഇയര്‍ 11ന് ചേരാനിരിക്കുകയായിരുന്നു ജേസന്‍.

അപകടത്തെ തുടര്‍ന്ന് ജോബോയ് ആയിരുന്നു മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനും മൃതദേഹം യുകെയിലേക്ക് തിരികെ എത്തിക്കുവാനുമെല്ലാം പോയത്. ഈ അപകടത്തില്‍ നിന്നും ജോബോയ് ഇതുവരെ മോചിതനായിട്ടില്ലെന്നും മദ്യപാനത്തിലേക്ക് തിരിയുവാന്‍ ഇതു കാരണമായെന്നുമാണ് ജോബോയ് കോടതിയില്‍ വാദിച്ചത്. മദ്യപിക്കാതിരിക്കുന്ന സമയത്ത് താന്‍ മാനസികമായി തളര്‍ന്നു പോകുന്നുവെന്നും ഇതില്‍ നിന്നും രക്ഷപ്പെടുവാനാണ് മദ്യപിക്കുന്നതെന്നും ജോബോയിയുടെ വക്കീലായ ജെയ്ന്‍ നൊവാസ് വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരിയിലാണ് മദ്യപിച്ചു വാഹനമോടിച്ചതിന് ജോബോയിലെ പൊലീസ് പിടികൂടിയത്. ഇതിനു കമ്മ്യൂണിറ്റി ശിക്ഷ നല്‍കുകയും 27 മാസം റോഡുകളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

മാത്രമല്ല, മുമ്പും ജോബോയ് ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷനായ സ്റ്റീവ് വുഡ്മാന്‍ മജിസ്‌ട്രേറ്റുകളോട് പറഞ്ഞു. പത്തു മാസം മുമ്പ് ഒരു ഞായറാഴ്ച വൈകുന്നേരം ഏഴു മണിയ്ക്കായിരുന്നു ആ സംഭവം. അന്ന് കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന ജോബോയ് ഓടിച്ചിരുന്ന മെഴ്‌സിഡസ് കാര്‍ സെന്റ് ഹെലന്‍സ് റോഡില്‍ വച്ച് ഓഡി എ 5വുമായി കൂട്ടിയിടിക്കുകയായിരുന്നു.

അന്ന് അപകടം നടന്നയുടനെ ജോബോയ് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജോബോയിയുടെ ഭാര്യ അദ്ദേഹത്തെ തിരികെ വിളിക്കുകയും വാക്കുകള്‍കൊണ്ട് ആശ്വസിപ്പിക്കുകയും ആയിരുന്നു. പൊലീസ് എത്തും വരെ ഓഡി കാര്‍ ഓടിച്ചിരുന്ന സോഫിയ എന്ന സ്ത്രീയുടെ ഭര്‍ത്താവ് ജോബോയിയെ പിടിച്ചു വെക്കുകയും ആയിരുന്നു. ഓഫീസര്‍മാര്‍ എത്തിയപ്പോള്‍ ജോബോയ് നന്നായി മദ്യപിച്ചിരുന്നതിന്റെ മണവും കണ്ണുകള്‍ ചുവന്നിരിക്കുകയും ആയിരുന്നു. അപകട സമയത്ത് ഭാര്യയാണ് കാറോടിച്ചതെന്നാണ് ജോബോയ് പറഞ്ഞത്. എന്നാല്‍ കാറിന്റെ താക്കോല്‍ ജോബോയിയുടെ പോക്കറ്റില്‍ നിന്നും കിട്ടുകയും ഓഡിയിലെ ഡാഷ് കാം ഫൂട്ടേജില്‍ നിന്നും ജോബോയ് ആണ് കാറോടിച്ചതെന്നും വ്യക്തമാവുകയായിരുന്നു.

കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്ന ജോബോയിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തുകയും ആയിരുന്നു. കോടതിയിലെത്തിച്ച ജോബോയിയോട് നിങ്ങളുടെ മദ്യപാനം രണ്ടു നിഷ്‌കളങ്കരായ ആളുകളെ കൊല്ലുമായിരുന്നുവെന്ന് ബെഞ്ച് ചെയര്‍മാനായ പീറ്റര്‍ ജോണ്‍സ് പറഞ്ഞപ്പോള്‍, തന്റെ ഭാഗത്തു നിന്നും ഉണ്ടായ ഒരു വലിയ തെറ്റായിരുന്നുവതെന്നും ഇനിയൊരിക്കലും താന്‍ മദ്യപിക്കില്ലെന്നും ജോസഫ് കോടതി മുമ്പാതെ വ്യക്തമാക്കി.