” ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത് കോടതിയുടെ ഒറ്റമുറി സെർവന്റ്സ് ക്വാർട്ടറിൽ ആയിരുന്നു. ആ കുടുസ്സുമുറിയുടെ നേരെ എതിർവശത്തായിരുന്നു ജഡ്ജിയുടെ ബംഗ്ലാവ്. എന്റെ അച്ഛൻ എന്നും ജഡ്ജിക്കുമുന്നിൽ താണുവണങ്ങിക്കൊണ്ടാണ് നിന്നിരുന്നത്. ആ ബംഗ്ലാവ്, ജഡ്ജിയുടെ പത്രാസ്, അച്ഛന്റെ ആ വിധേയഭാവം, ഞങ്ങളുടെ ഒറ്റമുറി വീട് – ഇത്രയുമാണ് എന്റെ ഇന്നത്തെ നേട്ടങ്ങൾക്കും ഈ ജഡ്ജി പദവിയിലേക്കുള്ള ഉയർച്ചയ്ക്കും പിന്നിലെ പ്രചോദനങ്ങൾ.”

ഈ വാക്കുകൾ മുപ്പത്തിനാലുകാരിയായ അർച്ചനയുടേതാണ്. വെറും അർച്ചനയല്ല, ജസ്റ്റിസ് അർച്ചനാ കുമാരി. ബിഹാറിലെ സോൻപൂരിലുള്ള റെയിൽവേ കോടതിയിലെ തൂപ്പുകാരനായിരുന്നു അർച്ചനയുടെ അച്ഛൻ. ആജീവനാന്തം കോടതിയിൽ ജഡ്ജിമാരുടെ സേവകനായി ചെലവിട്ട ആ പിതാവ് മകളെ ഒരു ജഡ്ജിയാക്കണം എന്ന് സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ, അച്ഛനെ ജഡ്ജിമാർക്കുമുന്നിൽ വിനീതവിധേയന്റെ രൂപത്തിൽ മാത്രം എന്നും കണ്ടുവളർന്ന ആ മകൾക്ക് അതൊരു വാശിയായിരുന്നു. ആറാം വയസ്സിൽ അവളാദ്യം കണ്ട സ്വപ്നമായിരുന്നു അത്. ജീവിതത്തിൽ ഏറെ അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടും അർച്ചന തന്റെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്തു.

കഴിഞ്ഞ വർഷം നടന്ന ബിഹാറിലെ മുപ്പതാം മജിസ്റ്റീരിയൽ സെലക്ഷൻ പരീക്ഷയിൽ അർച്ചനാ കുമാരിയും വിജയിച്ചു. പട്നയിലെ മാണിക് ബിഗഹ ഗ്രാമത്തിലാണ് അർച്ചന ജനിച്ചത്. ഇന്നവൾ ഗ്രാമത്തിലെ മുതിർന്നവരുടെ ‘ജഡ്ജിക്കുട്ടി’യാണ്. മൂന്ന് ഇളയ സഹോദരങ്ങളുണ്ട് അർച്ചനയ്ക്ക്. ചെറുപ്പം മുതലേ ആസ്ത്മാ രോഗവുമായി മല്ലുപിടിച്ചുകൊണ്ട് ഏറെ കഷ്ടപ്പെട്ടാണ് അവൾ വളർന്നുവന്നത്. പട്നയിലെ ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സൈക്കോളജിയിൽ ബിഎസ്‌സി ബിരുദമാണ് അർച്ചന ആദ്യം പൂർത്തിയാക്കിയത്.

 

ബിരുദപഠനത്തിനിടെ 2005-ൽ അച്ഛൻ ഗൗരിനന്ദൻ പ്രസാദിന്റെ അകാലനിര്യാണം അവളെ പിടിച്ചുലച്ചു. അതോടെ ഇളയസഹോദരങ്ങളുടെ ചുമതല മുഴുവൻ ഒറ്റയടിക്ക് അർച്ചനയുടെ ചുമലിൽ വന്നുവീണു. ഇടക്കെപ്പോഴോ കമ്പ്യൂട്ടർ പഠനം നടത്തിയിരുന്നത് ഈ ഘട്ടത്തിൽ പ്രയോജനപ്പെട്ടു. പഠിച്ച സ്‌കൂളിൽ തന്നെ കമ്പ്യൂട്ടർ അധ്യാപികയായി അവർ ജോലിയിൽ പ്രവേശിച്ചു. പെൺകുട്ടിയെ ഡിഗ്രിവരെ പഠിപ്പിച്ചതുതന്നെ അധികമായി എന്ന് കരുതുന്നവരായിരുന്നു അർച്ചനയുടെ ബന്ധുക്കൾ. അവരുടെ ഭാഗത്തുനിന്ന് അർച്ചനയ്ക്ക് വിവാഹം കഴിക്കാനുള്ള വളരെ ശക്തമായ സമ്മർദ്ദമുണ്ടായി. ഒടുവിൽ 2006-ൽ ഇരുപത്തിയൊന്നു വയസ്സുതികയും മുമ്പ് അവളുടെ വിവാഹം കഴിഞ്ഞു. വിവാഹാനന്തരം ഭർത്താവിനൊപ്പം അർച്ചന പുണെയിലേക്ക് ചേക്കേറി. അതോടെ തന്റെ അക്കാദമിക് മോഹങ്ങൾ അസ്തമിച്ചു എന്നുതന്നെ അർച്ചന കരുതി.

എന്നാൽ അവിടെ വിധി ഒരു സർപ്രൈസ് അവൾക്കായി കാത്തുവെച്ചിരുന്നു. അത്രയും കാലം കുടിപ്പിച്ച കയ്പുനീരിന് ഒരു ചെറിയ പരിഹാരം. അർച്ചനയ്ക്ക് ഭർത്താവായി വിധിവശാൽ വന്നുചേരുന്നത് ഏറെ ഉത്പതിഷ്ണുവായ ഒരു ചെറുപ്പക്കാരനായിരുന്നു. പേര് രാജീവ് രഞ്ജൻ. ‘ആണായാലും പെണ്ണായാലും, എത്ര പഠിക്കാമോ അത്രയും പഠിക്കണം’ എന്ന വിചാരമുള്ള ആളായിരുന്നു അദ്ദേഹം. അച്ഛന്റെ മരണത്തോടെ മുറിഞ്ഞുപോയ പഠനം തുടരാൻ അദ്ദേഹം തന്റെ ഭാര്യക്ക് പ്രചോദനമേകി. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെ 2008-ൽ, പുണെ യൂണിവേഴ്സിറ്റിയിൽ എൽഎൽബിക്ക് ചേർന്നുകൊണ്ട് അർച്ചന തന്റെ പഠനം പുനരാരംഭിച്ചു. ആറാം വയസ്സുമുതൽ മനസ്സിലിട്ടു താലോലിച്ചിരുന്ന സ്വപ്നത്തിലേക്ക് അവൾ വീണ്ടും പിച്ചവെച്ചു നടന്നുതുടങ്ങി.

എന്നാൽ ബന്ധുക്കൾ അപ്പോഴും അവളെ കുറ്റം പറഞ്ഞുകൊണ്ടിരുന്നു.”അവൾ പഠിച്ചത് മൊത്തം ഹിന്ദി മീഡിയത്തിലല്ലേ. നമുക്ക് കാണാം, പുണെ യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് സിലബസും വെച്ച് അവൾ മൂക്കുകൊണ്ട് ‘ക്ഷ’ വരക്കുന്നത് നമുക്ക് കാണാം” എന്ന് എല്ലാവരും പറഞ്ഞു. നാടുവിട്ട് ആദ്യമായി പുറത്തുവന്നതിനെ വിഷമത്തോടൊപ്പം ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കേണ്ടി വന്നതിന്റെ പ്രയാസവും അവൾ അനുഭവിച്ചു. പക്ഷേ, അതൊന്നും തന്നെ അർച്ചനയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒരു തടസ്സമായി നിന്നില്ല. 2011 -ൽ എൽഎൽബി പൂർത്തിയാക്കിയ ശേഷം മാത്രമേ അർച്ചന ആദ്യത്തെ കുഞ്ഞിനെപ്പോലും ഗർഭം ധരിച്ചുള്ളൂ. 2012 -ൽ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നു. കുഞ്ഞിനെ നോക്കുന്ന തിരക്കിനിടയിലും അർച്ചന തന്റെ പഠനം തുടർന്നുപോയി.

അഞ്ചുമാസം പ്രായമായപ്പോൾ കുഞ്ഞിനെ അമ്മയെ ഏല്പിച്ച് അർച്ചന വീണ്ടും തന്റെ സ്വപ്നത്തിലേക്കുള്ള പ്രയാണം തുടർന്നു. ദില്ലിയിൽ താമസിച്ചുകൊണ്ട് അവർ എൽഎൽഎം പരീക്ഷ പാസായി. മജിസ്റ്റീരിയൽ പരീക്ഷയ്ക്കുള്ള പഠിത്തത്തോടൊപ്പം, നിയമവിദ്യാർത്ഥികൾക്ക് അർച്ചന അധ്യാപികയുമായി. അങ്ങനെ കഷ്ടപ്പെട്ട്, എത്രയോ രാത്രികളിൽ ഉറക്കമിളച്ചു [പഠിച്ചിട്ടാണ് അർച്ചനാ കുമാരി ഈ നേട്ടത്തിന് ഉടമയായിരിക്കുന്നത്. ആ നേട്ടത്തിൽ അവരുടെ കുടുംബത്തിന്റെ മൊത്തം സഹകരണവും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അർച്ചനയുടെ അമ്മ പ്രതിമാ ദേവി ഏഴാം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ എങ്കിലും, ആ അമ്മയുടെ ഒരായുസ്സിന്റെ പ്രാർത്ഥനകൾ മകളുടെ വിജയത്തിന് പിന്നിലുണ്ട്.

മകളുടെ മജിസ്റ്റീരിയൽ യോഗ്യതാ പരീക്ഷയുടെ ഫലം വരുന്നതിന്റെ തലേന്ന് ആ അമ്മ ഒരുപോള കണ്ണടച്ചില്ല. തലേന്നവർ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മക്കൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ധ്യാനനിരതയായി നിരുന്നു. തന്റെ ഭർത്താവ് എന്നും വിനമ്രശിരസ്കനായി മാത്രം ചെന്ന് ആജ്ഞയ്ക്ക് കാത്തുനിന്നിരുന്ന അതേ ജഡ്ജിയുടെ ബംഗ്ലാവിൽ ഇനി സ്വന്തം മകൾ ജഡ്ജിയായി വരും എന്ന വിവരമറിഞ്ഞപ്പോൾ, ഇതൊന്നു കാണാൻ അവളുടെ അച്ഛൻ കാത്തുനിന്നില്ലലോ എന്നോർത്ത്, അടക്കാനാവാത്ത സന്തോഷത്തിനിടയിലും അവരുടെ കണ്ണൊന്നു നിറഞ്ഞു.

ഏഴാം ക്ലാസിൽ വെച്ച് പ്രതിമ പഠിത്തം നിർത്തിയത് അവർ പഠിക്കാൻ മോശമായിട്ടോ, പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ലായിരുന്നു. വീട്ടിൽ അതിനുള്ള സാഹചര്യമില്ലാതിരുന്നതുകൊണ്ടായിരുന്നു. പെൺകുട്ടികൾ അധികം പഠിക്കാൻ പാടില്ലെന്ന് വീട്ടുകാർ കരുതിയിരുന്നതുകൊണ്ടായിരുന്നു. ആശിച്ചപോലെ പഠിക്കാൻ സാധിച്ചില്ലലോ എന്ന സങ്കടം അവർക്കെന്നുമുണ്ടായിരുന്നു. തന്നെക്കൊണ്ട് സാധിക്കാതെ പോയത് തന്റെ മൂത്തമകൾ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ആ അമ്മയിന്ന്. അർച്ചനയ്ക്ക് താഴെയുള്ള പെൺകുട്ടികളെയും ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി വളർത്തുമെന്ന് അവർ പറഞ്ഞു.