ഡബ്ലിന്‍:സഹപ്രവര്‍ത്തകയുടെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിതരിച്ചു നില്‍ക്കുകയാണ് ഡബ്ലിന്‍ സെന്റ് ജെയിംസസിലെ മലയാളി നഴ്സുമാര്‍. മൂന്ന് വര്‍ഷം മുമ്പ്സെന്റ് ജെയിംസസില്‍ ചേര്‍ന്ന നാള് മുതല്‍ ഐ സി യൂ വാര്‍ഡിലെ ഏറ്റവും ഊര്‍ജസ്വലയായ ഓവര്‍സീസ് നഴ്സെന്ന വിശേഷണം മേരി കുര്യാക്കോസിന് അവകാശപ്പെട്ടതായിരുന്നു.എവിടെയും ആരുടേയും സഹായത്തിന് ഓടിയെത്തുന്ന പ്രകൃതം.
ഓടിച്ചാടി നടന്നിരുന്ന മിടുമിടുക്കിയായ അവള് മരണത്തെ പുല്കേണ്ട യാതൊരു സാഹചര്യവും അവരൊന്നും കാണുന്നില്ല.എന്താണ് മരണകാരണമെന്ന് അവരെല്ലാം അന്വേഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്.ലിന്‍സി എന്ന് സഹപ്രവര്‍ത്തകര്‍ വിളിയ്ക്കുന്ന മേരി കുര്യാക്കോസ് അവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്നു.
കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് ( ലിന്‍സി) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ഇന്നലെ(ബുധനാഴ്ച ) ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്മെന്റില്‍ മരിച്ചതെന്ന് കരുതപ്പെടുന്നു.വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.സഹപ്രവര്‍ത്തകരായ നഴ്സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.കഴിഞ്ഞ മൂന്നു വര്‍ഷമായി സെന്റ് ജെയിംസസില്‍ നഴ്സായിരുന്നു മേരി കുര്യാക്കോസ് ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.വിവാഹത്തിനായി നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു.ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്.വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.
ഇന്നലെ അവളുടെ ജന്മദിനമായിരുന്നു. കാനഡയിലേക്ക് പോകുവാനായി അയര്‍ലണ്ടിലെ ജോലി മതിയാക്കി,നാട്ടിലേയ്ക്ക് തിരിച്ചു പോവുകയായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ എയര്‍പോര്‍ട്ടില്‍ വരെ കൊണ്ട് പോയി യാത്ര അയയ്ക്കാന്‍ ലിന്സിയും പോയിരുന്നു.തലേനാള്‍ കൂട്ടുകാരിയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ എല്ലാം ചെയ്യുന്നതിന് മറ്റുള്ളവര്‍ക്കൊപ്പം ലിന്സിയും ഉണ്ടായിരുന്നു.
തിരിച്ചെത്തിയ ശേഷം മൂന്ന് മണി വരെയും ഫേസ്ബുക്കിലും,സോഷ്യല്‍ മീഡിയകളിലും ലിന്‍സി സജീവമായിരുന്നു.ജന്മദിന സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കൊളാഷും പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും പ്രതിശ്രുത വരന് അടക്കമുള്ളവരെ ഫോണ്‍ ചെയ്തിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാര്‍ട്മെന്റിലെ മറ്റൊരാള്‍ എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു.ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമില്‍ ലിന്‍സിയെ കണ്ടെത്തിയത്.ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്,
ഉടന്‍ തന്നെ സുഹൃത്തുക്കളേയും ഗാര്‍ഡയെയും വിവരമറിച്ചു.രാത്രി പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കിയത്.പെട്ടന്നുള്ള മരണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി,ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ സംസ്കാരത്തിനായി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുകയുള്ളു.
Leave a Reply