തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച യുവാവ് മരിച്ചു. മുട്ടയ്ക്കാട്ട് സ്വദേശി അജേഷാണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ചു പേരെ തിരുവല്ലം പോലിസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ഇവർക്കെതിരെ കൊലക്കേസ് എടുക്കുമെന്ന് പോലിസ് പറഞ്ഞു. ജിനേഷ് വർഗീസ്, ഷിഹാബുദ്ദീൻ, അരുൺ, സാജൻ, കുഞ്ഞുമോൻ എന്നിവരാണ് പിടിയിലാത്ത്. മൊബൈൽ ഫോണും നാൽപതിനായിരം രൂപയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിന് മർദ്ദനമേറ്റത്.
ഒന്നാം പ്രതിയും അയൽവാസിയുമായ ജിനേഷ് വർഗീസിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. തിരുവല്ലം വണ്ടിത്തടം ജങ്ഷനിൽ വച്ച് അജേഷിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി കമ്പ് വച്ച് അടിക്കുകയും വെട്ടുകത്തി ചൂടാക്കി അജേഷിന്റെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിക്കുകയും ചെയ്തു. ക്രൂര മർദ്ദനമേറ്റ് അവശനായി ഓടി രക്ഷപെട്ട് സമീപത്തെ വയലിൽ വീണ അജേഷിനെ പോലിസെത്തിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദ്ദനം. മർദ്ദിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.
Leave a Reply