ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : മൂന്നര വർഷം നീണ്ടുനിന്ന ബ്രെക്സിറ്റ് പ്രതിസന്ധികൾക്ക് അവസാനമെന്ന് സൂചന. യൂറോപ്യൻ യൂണിയൻ വിടാൻ യുകെ ഒരുങ്ങുന്നു. ഇന്നലെ ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ് കരാർ എംപിമാർ പാസാക്കിയതോടെയാണ് വീണ്ടും ബ്രെക്സിറ്റ് പ്രതീക്ഷകൾക്ക് ചിറകുമുളച്ചത്. പിൻവലിക്കൽ കരാർ ബിൽ കോമൺസിൽ 128 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പാസായത്. ആകെ 358 വോട്ടുകളാണ് ലഭിച്ചത്. പുതുവർഷത്തിൽ പാർലമെന്റിൽ ബിൽ പാസ്സാകുന്നതോടെ ജനുവരി 31ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും. അതിനു ശേഷം യൂറോപ്യൻ യൂണിയൻ വിടുന്നതിനുവേണ്ടി നിർമിക്കപ്പെട്ട വകുപ്പ് പിരിച്ചുവിടും. 2020 ഡിസംബറോടെ പുതിയ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനായി ബ്രസ്സൽസുമായി സർക്കാർ ശക്തമായ ചർച്ചകൾ നടത്തുകയും ചെയ്യും.

ബിൽ പാസ്സാകുന്നതോടെ ബ്രെക്സിറ്റ് സംഭവിക്കുമെന്നും നമുക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും ജോൺസൻ പറഞ്ഞു. ലേബർ നേതാവ് ജെറമി കോർബിൻ തന്റെ എംപിമാരോട് ബില്ലിനെതിരെ വോട്ടുചെയ്യാൻ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ മികച്ചതായ മാർഗ്ഗം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2020 ഡിസംബർ വരെയുള്ള പരിവർത്തന കാലയളവിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ അംഗമായി നിലകൊള്ളും. എന്നാൽ അതിനുശേഷം ഈ പരിവർത്തന കാലയളവ് ഒരു കാരണവശാലും നീട്ടുകയില്ല എന്നും ജോൺസൻ പറഞ്ഞു. അഭയാർഥി കുട്ടികൾക്കുള്ള നിയമ പരിരക്ഷ സംബന്ധിച്ച ബില്ലിലെ ഒരു ഭാഗം ഒഴിവാക്കിയ സർക്കാർ തീരുമാനത്തെ പ്രതിപക്ഷ എംപിമാർ വിമർശിച്ചു.

ഒക്ടോബറിൽ, പ്രധാനമന്ത്രി യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ബ്രെക്‌സിറ്റ് കരാർ നടപ്പാക്കുന്ന നിയമനിർമാണം വ്യാഴാഴ്ച രാജ്ഞിയുടെ പ്രസംഗത്തിൽ അവതരിപ്പിക്കുകയും അടുത്ത വർഷത്തേക്കുള്ള സർക്കാരിന്റെ മുൻഗണനകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് 80 സീറ്റുകളുടെ ഭൂരിപക്ഷം ലഭിച്ചതോടെ ഈ ബിൽ എളുപ്പത്തിൽ പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതും. ബ്രെക്സിറ്റ് യാഥാർഥ്യമാകുന്ന ആ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ബ്രിട്ടീഷ് ജനത.
	
		

      
      



              
              
              




            
Leave a Reply