ഫാ. ഐസക് ആലഞ്ചേരി
ക്രിസ്തുമസ് ദൈവകരുണയുടെ അനുസ്മരണമാണ്. ആദിമാതാപിതാക്കളുടെ പാപം പറുദീസായുടെ സമൃദ്ധിയിൽ നിന്ന് മണ്ണിനോട് മല്ലിടുവാൻ, ലോകത്തിന്റെ ബുദ്ധിമുട്ടുകളിലേയ്ക്കിറങ്ങുവാൻ കാരണമായി. തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് കരുണ കാണിക്കുന്ന ദൈവം ശിക്ഷയ്ക്കൊപ്പം അവന്റെ രക്ഷയ്ക്കായുള്ള പദ്ധതി ക്രമീകരിക്കുകയും ചെയ്തു. “”നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവന്റെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും” (ഉല്പത്തി 3; 15) എന്ന ശിക്ഷാവചനങ്ങളിൽ സർപ്പത്തിന്റെ തല തകർക്കുന്ന വരുവാനുള്ള രക്ഷകന്റെ വാഗ്ദാനം ദൈവം ഉൾച്ചേർത്തു. പറുദീസായുടെ പുറത്തേയ്ക്കുള്ള വാതിൽ ആദിമാതാപിതാക്കൾക്ക് പ്രത്യാശയോടെയുള്ള ഒരു പടിയിറക്കമായിരുന്നു. നഷ്ടങ്ങളേക്കാളധികം രക്ഷയുടെ വലിയ വാഗ്ദാനമായി ദൈവകാരുണ്യം മാറുകയായിരുന്നു.ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. ദൈവാനുഗ്രഹങ്ങൾ വിസ്മരിച്ച് മനുഷ്യൻ അവിടുന്നിൽ നിന്നകലുമ്പോഴും വിശ്വസ്തതയോടെ കാത്തിരിക്കുന്നവനാണ് ദൈവം.
സമയത്തിന്റെ തികവിൽ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവം ഭൂമിയിലാഗതനാകുന്നു- ക്രിസ്തുമസിൽ. സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായിരുന്നു രക്ഷകനായ ഇൗശോയുടെ ജനനം (ലൂക്കാ 2;10). തള്ളിപ്പറയുന്ന, ഉപേക്ഷിക്കുന്ന സ്വഭാവം കൈമുതലാക്കിയവനും അവിടുത്തെ തീക്ഷ്ണതയോടെ ആശിച്ചു കാത്തിരിക്കുന്നവനും ദൈവകരണയുടെ സമ്മാനമാണ് കാലിത്തൊഴുത്തിൽ ഭൂജാതനാകുന്ന ഇൗശോ. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിച്ച (യോഹ 3; 16) ദൈവപിതാവിന്റെ മനുഷ്യസമൂഹത്തോടുള്ള കരുണ വർണ്ണനാതീതമാണ്.
ദൈവകരുണ ഉത്സവമാക്കേണ്ടവരാണ് നാമെല്ലാവരും. കരുണയുടെ വർഷം പ്രഖ്യാപിച്ച പരിശുദ്ധപിതാവ് ഫ്രാൻസീസ് മാർപ്പാപ്പ ദൈവകരുണയെ നിരന്തര ധ്യാന വിഷയമാക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. “സ്നേഹത്തിന്റെ യഥാർത്ഥമുഖം കരുണ’യാണെന്ന് പാപ്പാ ഒാർമ്മപ്പെടുത്തുന്നു. “”നിങ്ങളുടെ സ്വർഗ്ഗീയപിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6;36). കരുണയില്ലാത്തവന്റെ ഹൃദയം മഞ്ഞുപോലെ തണുത്തുറഞ്ഞതാണെന്നും അവന് ഇൗശോയുടെ യഥാർത്ഥ അനുഗാമിയാകുവാൻ സാധിക്കുകയില്ലെന്നും പരിശുദ്ധപിതാവ് ഒാർമ്മപ്പെടുത്തുന്നു.
ഇൗ ക്രിസ്തുമസ് ദിനങ്ങൾ ദൈവത്തിന്റെ കരുണയുടെ ആഘോഷമായി നാം മാറ്റുമ്പോൾ ദൈവം കൂടെ വസിക്കുന്ന ഇമ്മാനുവേൽ അനുഭവം നമുക്കു സ്വന്തമാക്കാം. ദൈവം കൂടെ വസിക്കുന്നുവെന്ന ബോധ്യം സഹോദരനോട് കരുണ കാണിക്കുവാൻ നമുക്ക് പ്രേരകമാകും. ദൈവകരുണയുടെ അനുസ്മരണമായ ക്രിസ്തുമസിൽ, ജീവിതവേദനകളിലും ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും കഴിയുന്ന നമ്മുടെ സഹോദരരോട് കരുണ കാണിച്ചു കൊണ്ട്, കരുണയുടെ ഇൗ ആഘോഷത്തെ ഫലപ്രദമാക്കുവാൻ നമുക്ക് പരിശ്രമിക്കാം.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
Leave a Reply