ബോട്ടിനുള്ളിൽ തിരിച്ചറിയാനാകാത്ത വിധം ഏഴു മൃതദേഹങ്ങൾ, ആഴ്ചകളുടെ പഴക്കം. ജപ്പാന്റെ തീരത്തേക്ക് ഇത്തരം പ്രേതബോട്ടുകൾ എത്തുന്നത് ഇപ്പോൾ പതിവാണ്. മരങ്ങൾ കൊണ്ട് തീർത്ത ഉത്തരകൊറിയൻ ബോട്ടുകളാണ് മൃതദേഹങ്ങളുമായി ജപ്പാൻ കടൽത്തീരത്ത് എത്തുന്നത്. 2017 ൽ മാത്രം 104 ‘പ്രേത ബോട്ടുകൾ’ ജപ്പാന്റെ തീരം തൊട്ടെന്നാണ് കണക്ക്.

ഉത്തരകൊറിയയിൽ നിന്ന് 900 കിലോമീറ്ററോളം അകലെ ജപ്പാനിലെ സഡോ ദ്വീപിലാണ് ഉത്തര കൊറിയയിൽ നിന്നെന്നു കരുതുന്ന ബോട്ട് തീരസംരക്ഷണ സേന കണ്ടെത്തിയത്. ശനിയാഴ്ച നടന്ന പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ നിലയിൽ ഏഴ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രണ്ടു മൃതദേഹങ്ങൾ ഉടലും തലയും വേർപെട്ട നിലയിലായിരുന്നു. സാരമായി കേടുപറ്റിയ ബോട്ടിൽ കൊറിയന്‍ അക്ഷരങ്ങളും സംഖ്യകളും പെയിന്‍റ് ചെയ്തിരുന്നതാണ് ബോട്ട് ഉത്തരകൊറിയയിൽ നിന്നാണെന്ന സംശയങ്ങൾക്കു ബലം നൽകിയത്. മുൻകാലങ്ങളിൽ ജപ്പാൻ തീരത്തടിഞ്ഞ പ്രേത ബോട്ടുകളിൽ ഭൂരിഭാഗവും ഉത്തരകൊറിയയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ഉത്തര കൊറിയയിലെ ഭക്ഷ്യ പ്രതിസന്ധിയാണ് ജനങ്ങളെ കടലിലേക്കു തള്ളിവിടുന്നതെന്നാണ് അനുമാനം. ഭക്ഷണമോ വെള്ളമോ വഴി കാട്ടാനുള്ള ജിപിഎസ് സംവിധാനങ്ങളോ പോലുമില്ലാതെയാണു പലരും പരമ്പരാഗത തടിബോട്ടുകളും കടലിലേക്കിറങ്ങുന്നതു തന്നെ. കിഴക്കൻ തീരത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞ വർഷമാണ് കിം ജോങ് ഉൻ വെട്ടിക്കുറച്ചത്. ഉത്തര കൊറിയയിൽ നിന്ന് രാജ്യം വിടാൻ ഒരുങ്ങുന്നവർ ഈ വഴിയാണ് തിരഞ്ഞെടുക്കുക. ഇങ്ങനെ രാജ്യം വിടുന്നവർ പലപ്പോഴും തീരസംരക്ഷണ സേനയുടെ പിടിയിൽപെടും. ഇവരെ കഴുത്തുവെട്ടി കൊന്നുകളയുകയോ കടലിൽ മുക്കിക്കൊല്ലുകയോ ആണ് കിമ്മിന്റെ സേന സാധാരണ ചെയ്യുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാകരക്കാലത്ത് ചില ബോട്ടുകൾക്ക് സർക്കാർ ‘ക്വാട്ട’ നിശ്ചയിച്ചു നൽകാറുണ്ടെന്നും പറയുന്നത്ര മത്സ്യം കൊണ്ടു വന്നില്ലെങ്കിൽ വീണ്ടും തിരിച്ചു കടലിലേക്കു തിരിച്ചു വിടുമെന്നും രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ കൂടുതൽ മത്സ്യത്തിനായി ഉൾക്കടലിലേക്കു പോകാൻ മത്സ്യത്തൊഴിലാളുകൾ നിർബന്ധിക്കപ്പെടുകയും വഴിതെറ്റി ഭക്ഷണവും വെള്ളവും തീർന്ന് മരിക്കുകയും ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച തീരത്തണഞ്ഞ ബോട്ടിൽ ഉത്തരകൊറിയൻ അക്ഷരങ്ങളും സംഖ്യകളുമാണ് തെളിവുകളായി അവശേഷിച്ചിരുന്നത്.

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ക്രൂരതകൾ താങ്ങാനാകാതെ ആയിരങ്ങളാണ് അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. കൊറിയൻ യുദ്ധത്തിനു ശേഷം 32,000ത്തോളം ഉത്തര കൊറിയക്കാർ ദക്ഷിണ കൊറിയയിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. ഭൂരിപക്ഷം പേരും ചൈന വഴിയാണു കടക്കുന്നത്. ഇക്കഴിഞ്ഞ 20 വർഷത്തിനിടെയായിരുന്നു ഏറ്റവും കൂടുതൽ പലായനം.